ആത്മപരിശോധന രാഷ്ട്രപതിക്കും നല്ലതാണ്


സ്ഥാനമൊഴിഞ്ഞ രാഷ്​ട്രപതി രാംനാഥ് കോവിന്ദ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പാർലമെന്റംഗങ്ങളോടു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുന്നത് അതിലെ സദുപ​​​ദേശത്തിന്റെ ആധിക്യവും ആത്മപരിശോധനയുടെ അഭാവവും കൊണ്ടാണ്. വിഭാഗീയ രാഷ്ട്രീയത്തിനപ്പുറം ദേശീയ താൽപര്യത്തിലൂന്നിവേണം പാർട്ടികൾ പ്രവർത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. ജനക്ഷേമത്തിന് എന്താണ് അത്യാവശ്യമെന്ന് തീരുമാനിച്ചുവേണം പ്രവർത്തിക്കാൻ. രാജ്യക്ഷേമത്തിന് സമാധാനവും സൗഹാർദവും അതിപ്രധാനമാണ്. പാർലമെന്റിലെ പ്രതിഷേധങ്ങളെ സൂചിപ്പിച്ചുകൊണ്ടാവണം, ''ജനാധിപത്യത്തിന്റെ ഈ ശ്രീകോവിലിൽ'' ഗാന്ധിയൻ തത്ത്വം പിന്തുടരണമെന്ന് ജനപ്രതിനിധികളെ കോവിന്ദ് ഉദ്ബോധിപ്പിച്ചു. രാഷ്ട്രനായകന്റെ ഈ വാക്കുകൾ പ്രസക്തവും ജനാധിപത്യക്രമത്തിൽ പാലിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതലായ പാർലമെന്ററി നടപടികളിൽ അംഗങ്ങളുടെ പെരുമാറ്റത്തോളം പ്രധാനമാണ് സർക്കാറിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം. ജനങ്ങൾക്കുവേണ്ടി കണക്ക് ചോദിക്കാനും സംശയങ്ങൾ ഉന്നയിക്കാനും ഉത്തരം തേടാനുമുള്ള വേദിയാണത്. നിയമനിർമാണങ്ങൾ മുതൽ ബജറ്റ് വരെ എല്ലാം ഇഴപിരിച്ച് പരിശോധിക്കേണ്ട ഇടം. ''എന്റെ സർക്കാർ'' കൈവരിച്ച നേട്ടങ്ങളെപ്പറ്റി സൂചിപ്പിച്ച മുൻ രാഷ്​ട്രപതി, ഈ കാലയളവിൽ പാർലമെന്ററി ചർച്ചകളുടെ നിലവാരം തകർക്കുന്നതിൽ സർക്കാർ പുലർത്തിയ ജനാധിപത്യവിരുദ്ധതയുടെ പങ്ക് ഓർത്തതായി കണ്ടില്ല. അതിപ്രധാനവും ഭരണഘടനയുടെ ആത്മാവിന് ചേരാത്തതുമായ നിയമങ്ങൾ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലമുപയോഗിച്ച് പാസാക്കിയെടുക്കാൻ സർക്കാർ മുതിരുമ്പോൾ അരുതെന്ന് പറയാനും മുന്നറിയിപ്പ് നൽകാനുമുള്ള ഉത്തരവാദിത്തം ഭരണഘടനയുടെ കാവൽക്കാരനെന്ന നിലക്ക് രാഷ്​ട്രപതിക്കുണ്ട്.

രാഷ്​ട്രപതിയുടെ അധികാരങ്ങൾ പരിമിതമാണ് എന്നത് ശരി. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ് പ്രസിഡന്റ്. അതേസമയം ഭരണഘടന അക്ഷരത്തിലും അർഥത്തിലും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അല്ലാത്ത അവസരങ്ങളിൽ സർക്കാറിനെ പുനഃപരിശോധനക്കും തിരുത്തലിനും പ്രേരിപ്പിക്കാൻ ഒന്നിലധികം മാർഗങ്ങൾ അദ്ദേഹത്തിനു മുന്നിലുണ്ട്. ഭരണഘടനാ വിരുദ്ധമെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടിയ ഒരു നിയമമായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ളത്. അത് നിയമവിദഗ്ധരെക്കൊണ്ടും കോടതിയെക്കൊണ്ടും പരിശോധിപ്പിക്കാൻ രാഷ്ട്രപതിക്ക് കഴിയേണ്ടതായിരുന്നു. കോവിന്ദിന്റെ മുൻഗാമികളിൽ പലരും സർക്കാറുകൾക്ക് വിധേയപ്പെടാതെ ഭരണഘടനക്ക് കാവൽനിന്ന മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്.

കെ.ആർ. നാരായണൻ സൃഷ്ടിച്ച കീഴ് വഴക്കം, കലുഷമായ രാഷ്ട്രീയാവസ്ഥകളിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതെങ്ങനെ എന്ന് കാണിച്ചുതന്നു. തൂക്കുപാർലമെന്റിൽ പ്രധാനമന്ത്രിയെ എങ്ങനെ നിർണയിക്കാം, സംസ്ഥാനസർക്കാറിനെ പിരിച്ചുവിട്ട് രാഷ്​ട്രപതി ഭരണം ഏർപ്പെടുത്താൻ മന്ത്രിസഭ നൽകിയ ഉപദേശം പോലും ഭരണഘടനയുടെ ഉരകല്ലിൽ എങ്ങനെ പരിശോധിക്കാം തുടങ്ങി കെ.ആർ. നാരായണൻ തന്റെ സത്യപ്രതിജ്ഞയോട് ധീരമായി കൂറുപുലർത്തിയ സന്ദർഭങ്ങൾ കുറെയുണ്ട്. കോവിന്ദിന്റെ തൊട്ടുമുൻഗാമിയായിരുന്ന പ്രണബ്കുമാർ മുഖർജിയും തിരുത്തൽ ശക്തിയും മുന്നറിയിപ്പുകാരനുമെന്ന തന്റെ ഭരണഘടനാപരമായ ദൗത്യം നിർവഹിച്ച സന്ദർഭങ്ങളുണ്ട്. ദാദ്രി ആൾക്കൂട്ടക്കൊലക്ക് കാരണമാക്കിയ അസഹിഷ്ണുതയുടെ അന്തരീക്ഷത്തെപ്പറ്റി അദ്ദേഹം ഉറക്കെപ്പറഞ്ഞു; നിയമനിർമാണത്തിന് അമിതമായി ഓർഡിനൻസിനെ ആശ്രയിച്ച സർക്കാറിനെ ഗുണദോഷിച്ചു.

സർദാർ സെയിൽസിങ്ങിന്റെയോ ഫക്രുദ്ദീൻ അലി അഹ്മദിന്റെയോ പോലെ പ്രത്യക്ഷമായ വിധേയത്വമൊന്നും രാംനാഥ് കോവിന്ദ് കാണിച്ചിട്ടില്ല എന്നത് സത്യം. അതേസമയം അടിയന്തരാവസ്ഥയെ വെല്ലുന്ന മാരണ നിയമങ്ങൾ ഒരു വിയോജിപ്പുമില്ലാതെ ഒപ്പിട്ടുകൊടുത്ത പാരമ്പര്യം അദ്ദേഹത്തിന്റേതായുണ്ട്. കശ്മീരിന്റെ പദവി മാറ്റിയപ്പോഴും പൗരത്വ ഭേദഗതി നിയമം ഉണ്ടാക്കിയപ്പോഴുമെല്ലാം സർക്കാറിനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് അദ്ദേഹം ചെയ്തത്. മഹാമാരിക്കാലത്ത് ജനങ്ങൾ ദുരിതങ്ങളിലകപ്പെട്ടപ്പോഴും സർക്കാറിനെ ഉണർത്താൻ കഴിയേണ്ടിയിരുന്ന രാഷ്ട്രപതിഭവനിലെ ശബ്ദം ആരും കേട്ടില്ല.

ദലിത് വിഭാഗക്കാരനെന്ന നിലക്ക് അദ്ദേഹത്തിന്റെ സ്ഥാനലബ്ധി അധഃസ്ഥിതർക്ക് കിട്ടിയ അംഗീകാരമായി ഘോഷിക്കപ്പെട്ടെങ്കിലും ദലിതർക്കുനേരെ തുടർന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെ കോവിന്ദിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും രാജ്യം കണ്ടില്ല. ഇന്ന്, ആദ്യമായി ഒരു ഗോത്രവർഗക്കാരി രാഷ്​ട്രപതിയാകുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന് അത് അഭിമാനകരം തന്നെ. അതേസമയം, കോവിന്ദല്ല, നാരായണനാണ് അത്തരം അഭിമാനത്തെ സാധൂകരിച്ചുകൊണ്ട് പ്രവർത്തിച്ചതെന്ന് ദൗപദി മുർമു ഓർക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. വിധേയത്വമല്ല, നേതൃത്വമാണ് ജനാധിപത്യ ഇന്ത്യ രാഷ്ട്രപതിയിൽനിന്ന് ആഗ്രഹിക്കുന്നത്. ആത്മപരിശോധന മറ്റെല്ലാവർക്കുമെന്നപോലെ രാഷ്ട്രപതിക്കും ഭൂഷണമാവുകയേ ഉള്ളൂ.

Tags:    
News Summary - Droupadi Murmu Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.