നിയമഭീകരതയും നീതിന്യായവും

ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി രണ്ടു പ്രതികളെ വെറുതെവിട്ടു. മുഹമ്മദ് ഹുസൈന്‍ ഫാസ്ലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെ 12 വര്‍ഷത്തെ തടവിനുശേഷം സ്വതന്ത്രരാക്കുന്നത്, അവര്‍ക്കെതിരെ ഒരു തെളിവുമില്ളെന്ന് കണ്ടിട്ടാണ്. 2005 ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു; 200ലേറെ പേര്‍ക്ക് പരിക്കേറ്റു. ദീപാവലിക്ക് തൊട്ടുമുമ്പായിരുന്നു ബസിലും ചന്തയിലും റെയില്‍വേ സ്റ്റേഷനിലുമായി ബോംബുകള്‍ പൊട്ടിയത്. പതിവുപോലെ, കേസന്വേഷിച്ച പൊലീസിന് യഥാര്‍ഥ പ്രതികളെ കിട്ടിയില്ല; അതിനാല്‍ കിട്ടിയവരെ പ്രതികളാക്കി. അറസ്റ്റിലാകുമ്പോള്‍ കശ്മീര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ഷാക്കും പരവതാനിക്കച്ചവടക്കാരന്‍ ഫാസ്ലിക്കും അങ്ങനെ നഷ്ടപ്പെട്ടത് വിലമതിക്കാനാകാത്ത യുവത്വം.

കള്ളക്കേസുണ്ടാക്കുന്ന പൊലീസും കാലവിളംബം അടിസ്ഥാനഭാവമായിക്കഴിഞ്ഞ നീതിന്യായ സംവിധാനവും തന്നെ കുറ്റവാളികള്‍. ഇതുമാത്രമല്ല - മറ്റൊരു ഭീകരാക്രമണക്കേസില്‍ മറ്റു നിരപരാധികള്‍കൂടി പുറത്തിറങ്ങിയിട്ടുണ്ട്. 2002 മേയില്‍ അഹ്മദാബാദിലുണ്ടായ ‘ടിഫിന്‍ ബോംബ് സ്ഫോടന’ക്കേസില്‍ കുടുക്കപ്പെട്ട 21 പേരില്‍ കുറ്റമുക്തരാകാന്‍ ബാക്കിയുള്ള ഹനീഫ് പാക്കിട്ട് വാല, ഹബീബ് ഹവാ എന്നിവരെയാണ് സുപ്രീംകോടതി വെറുതെവിട്ടിരിക്കുന്നത്. 14 വര്‍ഷമാണ് അവര്‍ തടങ്കലില്‍ കഴിഞ്ഞത്. കീഴ്ക്കോടതിയില്‍നിന്നും ഹൈകോടതിയില്‍നിന്നും ‘പോട്ട’ തടവുകാരെന്ന നിലക്ക് കിട്ടാതെപോയ നീതി. ഈ 14 വര്‍ഷത്തിനിടെ ഹനീഫിന്‍െറ ഉമ്മയും ഭാര്യയും മരിച്ചു. ഉണ്ടായിരുന്ന കച്ചവടം തകര്‍ന്നു. നിരപരാധികളെന്നുകണ്ട് കോടതി വിട്ടയക്കുമ്പോഴേക്കും ഇരുവര്‍ക്കും ജീവിതംതന്നെ കൈവിട്ടുപോയ അവസ്ഥ.

ഇത് രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളല്ലതാനും. ഭീകരാക്രമണങ്ങളുടെ പേരില്‍ നിരപരാധികളെ സമുദായം മാത്രം നോക്കി കേസില്‍പ്പെടുത്തുന്ന രീതിക്ക് നമ്മുടെ നാട്ടില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. യു.എ.പി.എ പോലുള്ള വകുപ്പുകള്‍ ചുമത്തി ജാമ്യവും നിയമപരമായ ആനുകൂല്യങ്ങളുമെല്ലാം നിഷേധിക്കുന്നു. നിഷ്ഠുരമായി മര്‍ദിച്ച് കുറ്റസമ്മതം ചെയ്യിക്കുന്നു. കള്ളക്കേസില്‍ കുടുക്കപ്പെട്ട് വര്‍ഷങ്ങള്‍ തടവിലായശേഷം വിട്ടയക്കപ്പെട്ട മുഫ്തി മുഹമ്മദ് ഖയ്യൂം പറഞ്ഞത്, അദ്ദേഹത്തോട് അന്വേഷകസംഘം രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു എന്നാണ്. ഒന്നുകില്‍ ഗോധ്ര അല്ളെങ്കില്‍ അക്ഷര്‍ധാം-ഏതെങ്കിലുമൊന്നില്‍ കുറ്റമേല്‍ക്കണം. മാലേഗാവ് സ്ഫോടനങ്ങള്‍, മക്ക മസ്ജിദ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്ഫോടനം തുടങ്ങി വലിയ ഭീകരാക്രമണങ്ങളില്‍ ആദ്യം പിടിക്കപ്പെട്ടത് നിരപരാധികളായിരുന്നു. ഹിന്ദു തീവ്രപക്ഷത്തിന്‍െറ പങ്ക് തിരിച്ചറിയുമ്പോഴേക്കും അനേകം നിരപരാധികള്‍ക്ക് അനേകവര്‍ഷങ്ങള്‍ ജയിലില്‍ നഷ്ടപ്പെട്ടിരുന്നു. ഭീകരമുദ്ര നല്‍കിയ കഷ്ടപ്പാടുകള്‍ വേറെ. മാലേഗാവ് കേസില്‍ കുടുക്കപ്പെട്ടവര്‍ക്ക് 10 വര്‍ഷം പോയി. ബാബരി മസ്ജിദ് ധ്വംസനത്തിന്‍െറ അടുത്ത വര്‍ഷമുണ്ടായ അഞ്ച് സ്ഫോടനങ്ങളുടെ പേരില്‍ കുറ്റംചാര്‍ത്തപ്പെട്ട നിസാറുദ്ദീന്‍ അഹ്മദ് നിരപരാധിയായി പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷം ജയില്‍മോചിതനാകുമ്പോഴേക്കും നഷ്ടമായത് 23 വര്‍ഷം. യുവത്വത്തിന്‍െറ 8150 ദിവസങ്ങള്‍. അദ്ദേഹം പറഞ്ഞു: ‘‘എന്‍െറ ജീവിതം പോയി. നിങ്ങളിപ്പോള്‍ കാണുന്നത് എന്‍െറ ജഡമാണ്.’’ 

നിരപരാധികളെ കുടുക്കുമ്പോള്‍ മറ്റൊന്നുകൂടി സംഭവിക്കുന്നു- യഥാര്‍ഥ കുറ്റവാളികള്‍ നിരന്തരം രക്ഷപ്പെടുന്നു. നമ്മുടെ പൊലീസിന്‍െറയും കുറ്റാന്വേഷകസംവിധാനങ്ങളുടെയും കെടുകാര്യസ്ഥതക്ക് വിട്ടുകൊടുക്കേണ്ടതാണോ മനുഷ്യജീവിതങ്ങളും നീതിയും? കോടതിവിധികളുടെ പശ്ചാത്തലത്തില്‍ ഗൗരവപ്പെട്ട ചിന്തക്ക് വിഷയമാകേണ്ടതാണിത്. മൂന്നു മാസം മുമ്പ്, മുന്‍ ചീഫ് ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ പീപ്ള്‍സ് ട്രൈബ്യൂണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ അവലംബിക്കാവുന്ന രേഖകൂടിയാണ്. കള്ളത്തെളിവുകളും കള്ളസാക്ഷ്യങ്ങളും നിര്‍മിക്കുന്ന ഫാക്ടറികളാണ് പല അന്വേഷകസംഘങ്ങളും. നീതിനിഷേധത്തിന് നിയമത്തെ എങ്ങനെയൊക്കെ ദുരുപയോഗിക്കാമെന്ന ഗവേഷണമാണ് അവയില്‍ നടക്കുന്നത്. ഇത്തരം കേസുകള്‍ പുന$പരിശോധിച്ച് അനീതിക്കുള്ള പഴുതുകള്‍ അടക്കേണ്ടതുണ്ട്. ഭീകരക്കേസുകളില്‍ നിരപരാധിത്വം തെളിഞ്ഞ് വിട്ടയക്കപ്പെടുന്നവര്‍ക്ക് അന്തസ്സോടെ ജീവിക്കാനാവശ്യമായ നഷ്ടപരിഹാരം നല്‍കണം. വര്‍ഷങ്ങള്‍ ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍, കുറ്റം തെളിഞ്ഞവര്‍ക്കുള്ള ശിക്ഷയില്‍നിന്ന് അതുവരെ ജയിലില്‍ കഴിഞ്ഞ കാലം കുറച്ചു കൊടുക്കാറുണ്ട്. നിരപരാധികളുടെ കാര്യത്തില്‍ രാഷ്ട്രത്തിന്‍െറ കുറ്റത്തിന് അവര്‍ സഹിച്ചുകൊള്ളണമെന്നോ? അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തേണ്ട ബാധ്യത രാഷ്ട്രത്തിനുണ്ട്. അതിനായി നിയമനിര്‍മാണം നടത്തണമെന്ന പീപ്ള്‍സ് ട്രൈബ്യൂണല്‍ ജൂറിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ഇനി താമസിച്ചുകൂടാ. ഇരയാക്കപ്പെട്ടവര്‍ക്ക് നഷ്ടം നികത്തിക്കൊടുക്കുന്നതു പോലെ, സ്വന്തം കഴിവുകേടിനും ദുഷ്ടലാക്കിനും നിരപരാധികളെ ബലിയാടാക്കുന്ന പൊലീസിലെ കാപാലികര്‍ക്കെതിരെ നടപടിയെടുക്കുകകൂടി വേണം. പതിറ്റാണ്ടുകള്‍ അന്യായ തടങ്കലില്‍ കഴിയേണ്ടിവരുന്ന നിരപരാധികള്‍ക്ക് നല്‍കാവുന്ന ഏറ്റവും കുറഞ്ഞ നീതിയാണ് ഇതു രണ്ടും.

News Summary - article about law system in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.