ഇദ്ദേഹം സാംസ്കാരിക വകുപ്പ് മന്ത്രി കൂടിയാണ്

‘നേരത്തേ ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതു പ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അത് പോഷകാഹാരക്കുറവുകൊണ്ട് മരണപ്പെട്ടതേയല്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷനെന്ന് പറയുമ്പോള്‍, നിങ്ങളുടെ (യു.ഡി.എഫ് സര്‍ക്കാറിന്‍െറ) കാലത്താണ് പ്രഗ്നന്‍റായത്. ഇപ്പോഴാണ് ഡെലിവറി ആയത്. അതിന് ഞാന്‍ ഉത്തരവാദിയല്ല. രണ്ട്, വാല്‍വിന്‍െറ തകരാറാണ്. അതും ഗര്‍ഭിണിയായത് നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്.’ പട്ടികജാതി-വര്‍ഗ ക്ഷേമം, സാംസ്കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിയും സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലന്‍ ഒക്ടോബര്‍ 19ന് കേരള നിയമസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞ വാക്കുകളാണിത്.

അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച് അട്ടപ്പാടി ഉള്‍ക്കൊള്ളുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് ഈ അറുവഷളന്‍ മറുപടി പറഞ്ഞിരിക്കുന്നത്. പതിതരില്‍ പതിതരായ ഒരു ജനസമൂഹത്തെ, അവരില്‍ നടക്കുന്ന പട്ടിണി മരണങ്ങളെ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായ ഒരാള്‍ എങ്ങനെയാണ് കാണുന്നത് എന്നതിന്‍െറ മികച്ച അടയാളമാണ് ഈ മറുപടി. സാംസ്കാരിക വകുപ്പിന്‍െറ ചുമതലകൂടി വഹിക്കുന്ന ഈ മന്ത്രിക്ക് സംസ്കാരം എന്ന വാക്കിനോട് വല്ല കടപ്പാടുമുണ്ടോ ആവോ?

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തു വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ തനിക്കെതിരെ ശരിയല്ലാത്ത പ്രചാരണം നടത്തുകയാണ് എന്ന രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവിയാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഇപ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ ഒരു പക്ഷേ, ബാലന്‍ ഖേദപ്രകടനവുമായി രംഗത്തു വന്നേക്കാം (അങ്ങനെ ഇതുവരെ ചെയ്തിട്ടില്ല). ഇനി, അങ്ങനെ ചെയ്താല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്.

മന്ത്രി ബാലന്‍ ഏതെങ്കിലും സ്വകാര്യ സംഭാഷണത്തിലോ പൊതുയോഗത്തിലോ പറഞ്ഞതല്ല ഈ വാക്കുകള്‍. ജനാധിപത്യവാദികള്‍ പാവനമായി കാണുന്ന ഒരു സഭയില്‍ ആധികാരികമായി നല്‍കിയ മറുപടി പ്രസ്താവനയിലാണ് ഇത്രയും ആഭാസകരവും വംശീയ മുന്‍വിധികളുള്ളതുമായ പ്രതികരണം വരുന്നത്. അങ്ങനെയെങ്കില്‍, ഇവരെല്ലാം സ്വകാര്യ സംഭാഷണങ്ങളിലൊക്കെ എന്തായിരിക്കും പറയുക എന്നാലോചിച്ചു നോക്കൂ! ബാലന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് മാത്രമല്ല പ്രശ്നം. അദ്ദേഹം ആ പ്രസ്താവന നടത്തുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങളൊന്ന് പരിശോധിച്ചു നോക്കൂ. അദ്ദേഹത്തിന്‍െറ അടുത്തിരിക്കുന്ന മറ്റൊരു മന്ത്രി, സി.പി.ഐക്കാരനായ ഇ. ചന്ദ്രശേഖരന്‍, ബാലന്‍െറ ആഭാസ വാക്കുകള്‍ കേട്ട് കുലുങ്ങിച്ചിരിക്കുന്നത് അതില്‍ കാണാം.  ചന്ദ്രശേഖരന്‍ മാത്രമല്ല, വീരശൂര പുരോഗമന കമ്യൂണിസ്റ്റ് കേസരികളെക്കൊണ്ട് നിറഞ്ഞ ഭരണ പക്ഷ ബെഞ്ച് മൊത്തത്തില്‍ കുലുങ്ങിച്ചിരിക്കുകയായിരുന്നു.

പ്രതിപക്ഷ ബെഞ്ചാകട്ടെ പ്രത്യേകിച്ചൊന്നും സംഭവിച്ചതായി അറിയാത്ത മട്ടില്‍ അത് കേട്ടിരുന്നു. മാധ്യമങ്ങള്‍ ബാലന്‍െറ പ്രസംഗം വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ മാത്രമാണ്, ഇതിലൊരു നല്ളൊരു രാഷ്ട്രീയ സാധ്യതയുണ്ടല്ളോ എന്നോര്‍ത്ത് അവര്‍ രംഗത്തുവന്നത്. ഇതൊക്കെ കേട്ടുനിന്ന ബഹുമാനപ്പെട്ട സ്പീക്കര്‍ ഒരക്ഷരം മിണ്ടിയില്ല; ബാലനെ തിരുത്താന്‍ സന്നദ്ധനായില്ല. രാജ്യത്തെ ചെറുപ്പക്കാരെ പുരോഗമന മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടി യത്നിക്കുന്ന ഒരു യുവജന പ്രസ്ഥാനത്തിന്‍െറ ദേശീയ പ്രസിഡന്‍റായിരുന്ന ഒരാള്‍ അധ്യക്ഷനായ സഭയിലാണ് വംശീയ അധിക്ഷേപം നിറഞ്ഞ ഇത്തരമൊരു പരാമര്‍ശമുണ്ടായിരിക്കുന്നത്.

ഇത് നിസ്സാര കാര്യമായി എടുക്കാന്‍ കഴിയില്ല. എത്ര പുരോഗമനം പറയുമ്പോഴും ഉള്ളില്‍ തിളച്ചുമറിയുന്ന വംശീയ, വര്‍ഗീയ മുന്‍വിധികള്‍ അറിയാതെ പുറത്തു ചാടുന്നതിന്‍െറ അടയാളങ്ങളാണിത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മലയാളത്തിന്‍െറ വലിയ കവയിത്രി സുഗതകുമാരി ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങള്‍ നടത്തിയത്. മലപ്പുറത്തെ മുസ്ലിം പെണ്ണുങ്ങളെക്കുറിച്ച് പന്നികളെപോലെ പ്രസവിക്കുന്നവര്‍ എന്നു പ്രസംഗിച്ചത് ഒരു സംഘ്പരിവാര്‍ മഹാനാണ്.

പോഷകാഹാരക്കുറവ് കാരണം മരണപ്പെട്ടുപോയ ആദിവാസിക്കുഞ്ഞുങ്ങളെക്കുറിച്ച് നാലെണ്ണം മരിച്ചുവെന്ന് പറയുന്ന കമ്യൂണിസ്റ്റ് നേതാവും മുസ്ലിം സ്ത്രീകളെ പന്നികളോട് ഉപമിക്കുന്ന സംഘ്പരിവാര്‍ നേതാവും തമ്മില്‍ മനോഭാവത്തില്‍ വ്യത്യാസമൊന്നുമില്ല. പുരോഗമനമേ, ഹാ കഷ്ടം എന്നു മാത്രം, തല്‍ക്കാലം.

Tags:    
News Summary - AK BALAN HATE SPEECH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.