അഭയം തേടുന്നവര്‍ ഇതിലേറെ അര്‍ഹിക്കുന്നു

ഐക്യരാഷ്ട്രസഭക്ക് പുതിയൊരു വകുപ്പുകൂടി. ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം-അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടന) ആണ് ഈ പുതിയ വകുപ്പ്. അതിന്‍െറ തലവനായി വില്യം സ്വിങ് ചുമതലയേല്‍ക്കുകയും ചെയ്തു. യു.എന്‍ ചരിത്രത്തിലാദ്യമായി അഭയാര്‍ഥികളെ ഉദ്ദേശിച്ചുമാത്രം ഒരു രാഷ്ട്രാന്തര ഉച്ചകോടി ചേര്‍ന്നതും ഈയാഴ്ചയാണ്. ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19ന് കൂടിയ യോഗം മുന്‍കൂട്ടി തീരുമാനിച്ച ധാരണ ഒപ്പുവെച്ച് പിരിഞ്ഞു. ലോകം നേരിടുന്ന വന്‍ മാനുഷിക പ്രശ്നങ്ങളില്‍വെച്ച് വളരെ ഗൗരവപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞ അഭയാര്‍ഥി ദുരിതം ആഗോള സംഘടനയുടെ ശ്രദ്ധയില്‍വന്നത് നല്ല കാര്യം.

യു.എന്നിന് അഭയാര്‍ഥി കാര്യങ്ങള്‍ക്കായ ഹൈകമീഷന്‍ സംവിധാനം നേരത്തേയുണ്ട്. എങ്കിലും സിറിയന്‍ അഭയാര്‍ഥിപ്രവാഹവും ഐലാന്‍ കുര്‍ദി എന്ന പിഞ്ചുബാലന്‍െറ മൃതദേഹത്തിന് കിട്ടിയ ലോകശ്രദ്ധയുമെല്ലാം ചേര്‍ന്നപ്പോള്‍ ഈ വിഷയം യു.എന്നിന്‍െറ മുന്‍ഗണനാകാര്യങ്ങളിലേക്ക് വരുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്‍െറ അവസാനം ചേര്‍ന്ന യു.എന്‍ പൊതുസഭ, അഭയാര്‍ഥി പ്രശ്നം സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ചുമതലപ്പെടുത്തിയിരുന്നു. ആ റിപ്പോര്‍ട്ടിന്‍െറ തുടര്‍ച്ചയായിട്ടാണ് ഉച്ചകോടി നടന്നത്.

‘പിഴുതെറിയപ്പെട്ടവര്‍’ (ദ അപ്റൂട്ടഡ്) എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ലോകമനസ്സാക്ഷിയെ ഞെട്ടിക്കാന്‍ പോന്നതാണ്. ലോകത്തൊട്ടാകെ അഭയാര്‍ഥികളായ കുട്ടികള്‍മാത്രം അഞ്ചുകോടി വരും. ഇതില്‍ രണ്ടുകോടി 80 ലക്ഷം കുട്ടികള്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും മൂലം ഓടിപ്പോകേണ്ടിവന്നവരാണ്; ബാക്കിയുള്ളവര്‍ പട്ടിണിയും പീഡനങ്ങളും കാരണം രക്ഷതേടിപ്പോയവരും. ഈ കുട്ടികള്‍ വിദ്യാലയത്തില്‍ പോകുന്നില്ല, അവര്‍ക്ക് ആരോഗ്യസുരക്ഷയില്ല, സുരക്ഷിതമായി കഴിയാവുന്ന താല്‍ക്കാലിക അഭയകേന്ദ്രങ്ങളുള്ളവര്‍ കുറവാണ്. കുട്ടികള്‍ക്ക് പുറമേ, സ്ത്രീകളും വൃദ്ധജനങ്ങളുമടക്കമുള്ള മുതിര്‍ന്നവരുടെ അവസ്ഥയും ദയനീയമാണ്; ‘യൂനിസെഫി’ന്‍െറ മുന്‍കൈയില്‍ നടക്കുന്ന ആശ്വാസശ്രമങ്ങളുടെ ശ്രദ്ധാകേന്ദ്രം കുട്ടികളാണെന്നുമാത്രം. വികസിത-പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അവസ്ഥ ഭേദമാണെങ്കില്‍, കിഴക്കന്‍-അറബ് ദേശങ്ങളില്‍ ഗുരുതരമാണ്.

അമേരിക്കയില്‍ 1200ലൊരാള്‍ അഭയാര്‍ഥിയാണ്, ബ്രിട്ടനില്‍ 530ലൊരാളും. അതേസമയം, ലബനാനില്‍ അഞ്ചിലൊരാള്‍ അഭയാര്‍ഥിയാണ്. ജന്മനാട്ടിന് പുറത്ത് കഴിയുന്ന മൊത്തം കുട്ടികളില്‍ മൂന്നിലൊന്ന് അഭയാര്‍ഥിയത്രേ. ഇവരാരും അവരുടെ ദയനീയാവസ്ഥക്ക് ഉത്തരവാദിയല്ല. ലോകരാഷ്ട്രങ്ങളും അവയുടെ മനുഷ്യത്വരഹിതമായ നയങ്ങളുമാണ് അഭയാര്‍ഥികളെ സൃഷ്ടിച്ചത്. രക്ഷതേടി ഓടാന്‍ അവരെ നിര്‍ബന്ധിക്കുന്ന ബോംബുകളും തോക്കുകളും സംഘടിത അക്രമങ്ങളും പട്ടിണിയും ദാരിദ്ര്യവുമെല്ലാം മനുഷ്യസൃഷ്ടിയാണ്. ഈ ദുരിതത്തിന് പ്രധാനമായും ഉത്തരവാദികളായവര്‍ പക്ഷേ, വേണ്ടത്ര ഗൗരവത്തോടെ അതിനെ നേരിടാന്‍ ഇപ്പോഴും തയാറായിക്കഴിഞ്ഞിട്ടില്ല. ഏറ്റവും ശക്തരും സമ്പന്നരുമായ രാജ്യങ്ങളാണല്ളോ ഏറ്റവും കുറച്ചുമാത്രം അഭയാര്‍ഥികളെ സ്വീകരിക്കുന്നത്. അവര്‍തന്നെയാണ് അഭയാര്‍ഥികളെ ശത്രുക്കളായും ഭീകരരായും ചിത്രീകരിക്കുന്നത്.

വരുംകാലത്തിന്‍െറ വാഗ്ദാനങ്ങളായ കുട്ടികളോട് നമ്മുടെ ലോകം എന്തുചെയ്യുന്നു? മൊത്തം മനുഷ്യരുടെ മൂന്നിലൊന്നാണ് കുട്ടികള്‍. അതേസമയം, അഭയാര്‍ഥികളില്‍ പകുതിവരും അവര്‍. 2015ല്‍ ഒരു ലക്ഷം അനാഥക്കുട്ടികളാണ് 78 രാജ്യങ്ങളില്‍ അഭയത്തിന് അപേക്ഷകരായുണ്ടായിരുന്നത്. 2014ലേതിന്‍െറ മൂന്നിരട്ടിയാണിത്. അഭയം കിട്ടാത്തവരും കണക്കിലുള്‍പ്പെടാത്തവരുമായി പതിനായിരങ്ങള്‍ വേറെയുമുണ്ട്. കുട്ടി അഭയാര്‍ഥികളില്‍ പകുതിയും അഫ്ഗാനിസ്താനില്‍നിന്നും സിറിയയില്‍നിന്നും രക്ഷപ്പെട്ടവരാണ്. പക്ഷേ, കാലാവസ്ഥാമാറ്റമെന്ന പ്രശ്നത്തിലെന്നപോലെ രോഗം സൃഷ്ടിച്ചവര്‍ പരിഹാരത്തിന് തയാറാകുന്നില്ല. ലോകരാജ്യങ്ങള്‍ ഓരോ വര്‍ഷവും മൊത്തം അഭയാര്‍ഥികളുടെ പത്തുശതമാനം വീതം സ്വീകരിക്കണമെന്ന നിര്‍ദേശം തള്ളപ്പെടുകയായിരുന്നു. ന്യൂയോര്‍ക് ഉച്ചകോടി ഒരു തുടക്കമെന്ന നിലക്ക് സ്വാഗതം ചെയ്യപ്പെടാമെങ്കിലും പ്രശ്നപരിഹാരത്തിന് ആവശ്യമായ ഉറച്ച തീരുമാനങ്ങള്‍ എടുത്തിട്ടില്ല.

പതിവു ശീലമനുസരിച്ച് എല്ലാവര്‍ക്കും സ്വീകാര്യമായതും അക്കാരണത്താല്‍ കൃത്യമായ ചുമതലകള്‍ നിര്‍ണയിക്കാത്തതുമായ ‘ന്യൂയോര്‍ക് പ്രഖ്യാപനം’ അംഗീകരിച്ചു. അഭയാര്‍ഥികളെ പങ്കിട്ടെടുക്കുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ച് 2018ഓടെ ധാരണ രൂപപ്പെടുത്താന്‍ തീരുമാനിച്ചു -അത്രതന്നെ. രണ്ടുനിലക്ക് ഈ ഉച്ചകോടി ലക്ഷ്യത്തില്‍നിന്ന് ഏറെ അകലത്തായിപ്പോയി. ഒന്നാമത്, അടിയന്തര പരിഹാരമാവശ്യപ്പെടുന്ന പ്രശ്നം ഇല്ലാതാക്കാന്‍ സുനിശ്ചിതമായതും എല്ലാവര്‍ക്കും ബാധ്യത നിര്‍ണയിക്കുന്നതുമായ കര്‍മപദ്ധതി ഉണ്ടായില്ല. രണ്ടാമത്, അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന മൂലകാരണങ്ങള്‍ -യുദ്ധം, സംഘര്‍ഷം, ദാരിദ്ര്യം, വംശീയത- പരിഗണനയില്‍പോലും വന്നില്ല. പ്രശ്നമുണ്ടാക്കലാണ് എളുപ്പം, പരിഹാരം പതുക്കെമതി എന്ന് എല്ലാവരും തീരുമാനിച്ചിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.