സംയമനം ദൗര്‍ബല്യമല്ല

ജമ്മു-കശ്മീരിലെ ഉറിയില്‍ സെപ്റ്റംബര്‍ 18നു പുലര്‍ച്ചെ ഇന്ത്യന്‍ സൈനികതാവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണ-രാഷ്ട്രീയതലങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെങ്കിലും കടുത്ത നടപടി വേണമെന്ന ഒരു വിഭാഗത്തിന്‍െറ ശാഠ്യം സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട് എന്നുവേണം അനുമാനിക്കാന്‍. ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രം എന്ന നിലക്ക് നയതന്ത്രമാര്‍ഗങ്ങളിലൂടെ പാകിസ്താനെ ഒറ്റപ്പെടുത്താനും ഇവ്വിഷയകമായി ആഗോളസമൂഹത്തിന്‍െറ പിന്തുണ ആര്‍ജിക്കാനുമാണ്  സംഭവം കഴിഞ്ഞ ഉടന്‍ ഗവണ്‍മെന്‍റ് നീക്കങ്ങളാരംഭിച്ചത്. എന്നാല്‍, നയതന്ത്ര അടവുകള്‍ക്കപ്പുറം പകരംവീട്ടലിന്‍െറ വഴികളെക്കുറിച്ച് ചില ശക്തികളെങ്കിലും സജീവമായി ആലോചിക്കുന്നുണ്ട്  എന്നതിന്‍െറ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഭീകരാക്രമണത്തോടുള്ള ജനങ്ങളുടെ വികാരം ശമിപ്പിക്കാനും സൈനികരുടെ മനോവീര്യം വീണ്ടെടുക്കാനും വല്ലതും ചെയ്തേ പറ്റൂ എന്ന് കരുതുന്നവരും പല്ലിനു പല്ല് പോരാ, താടിയെല്ല് തന്നെ വേണം എന്ന് ചിന്തിക്കുന്നവരും മോദിസര്‍ക്കാറിന്‍െറമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടത്രെ. അതിര്‍ത്തി ചൂടാറാതെ നിര്‍ത്തുകയും അവസരം തരപ്പെടുമ്പോള്‍ തിരിച്ചടിക്കുകയും ചെയ്യുക എന്ന തന്ത്രത്തിലുപരി സൈനിക നടപടിയിലൂടെ ശത്രുരാജ്യത്തെ ഭീകരതാവളങ്ങള്‍ തകര്‍ക്കുക എന്ന ആശയം ഇതിനുമുമ്പും പലരും മുന്നോട്ടുവെച്ചതാണ്. മുംബൈ, പത്താന്‍കോട്ട്  ഭീകരാക്രമണങ്ങള്‍ക്കു ശേഷം തക്കതായ തിരിച്ചടിക്കായി പല ഭാഗത്തുനിന്നും മുറവിളി ഉയര്‍ന്നിരുന്നുവെങ്കിലും നാം സംയമനം പാലിക്കുകയാണുണ്ടായത്. 1999ല്‍ കാര്‍ഗിലിലേക്കുള്ള പാക്സൈനികരുടെ നുഴഞ്ഞുകയറ്റം യുദ്ധത്തിനുള്ള എല്ലാ വാതിലുകളും തുറന്നിട്ടിട്ടും അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി മുറുകെ പിടിച്ച അവധാനതയാണ് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കിയത്. സംയമനത്തിന്‍െറ ആ മാര്‍ഗമല്ലായിരുന്നു നാം സ്വീകരിച്ചതെങ്കില്‍ രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തുറന്ന യുദ്ധം എവിടെ കൊണ്ടത്തെിച്ചിട്ടുണ്ടാകുമെന്ന് സങ്കല്‍പിക്കാന്‍പോലും കഴിയില്ല.

ഉറിയിലെ ത്രിതല സുരക്ഷാസംവിധാനം മറികടന്ന് ആക്രമികള്‍ നുഴഞ്ഞുകയറുകയും സൈനികരെ കൂട്ടക്കൊല നടത്തുകയുംചെയ്ത സംഭവത്തില്‍ നമ്മുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ തന്നെ സമ്മതിച്ചിരിക്കയാണല്ളോ. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ക്കനുസൃതമായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ഇവിടത്തെ സൈനികനീക്കങ്ങളുടെയും പോക്കു വരവുകളുടെയും വിശദ വിവരങ്ങള്‍പോലും നമ്മുടെ ശത്രുക്കളുടെ പക്കല്‍ എത്തിയിട്ടുണ്ട് എന്ന നിഗമനം ദേശസ്നേഹത്തിന്‍െറ വാചാടോപങ്ങള്‍കൊണ്ട് മാത്രം അതിര്‍ത്തി കാത്തുസൂക്ഷിക്കാന്‍ സാധിക്കില്ളെന്നാണ്് ഓര്‍മപ്പെടുത്തുന്നത്. ഏത് ആക്രമണത്തിനുശേഷവും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാറുള്ള ജയ്ശെ മുഹമ്മദ് എന്ന ഭീകരഗ്രൂപ്, ഉറി സംഭവത്തിനു പിന്നില്‍ കശ്മീരിലെ ആഭ്യന്തര സംഘമാണെന്ന്് വെബ്സൈറ്റിലൂടെ പുറംലോകത്തെ ധരിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ പാക് ഭീകരസംഘങ്ങളുടെ പങ്കാളിത്തം തെളിയിക്കുന്ന വ്യക്തമായ വിവരങ്ങള്‍ നമുക്ക് കൈമാറാന്‍ സാധിക്കേണ്ടതുണ്ട്്. കഴിഞ്ഞ ദിവസം പാക് ഹൈകമീഷണറെ നമ്മുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കൈമാറിയ തെളിവുകള്‍ ഇസ്ലാമാബാദ് ഭരണകൂടത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റാത്ത തരത്തിലുള്ളതാവുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ജനുവരി രണ്ടിന്‍െറ പത്താന്‍കോട്ട് ആക്രമണവും ഞായറാഴ്ച നടന്ന ഉറി സംഭവവും രാജ്യാതിര്‍ത്തി കാത്തുസൂക്ഷിക്കുന്നതില്‍ മോദിസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്ന പാളിച്ചകളും നൈപുണിക്കുറവും തുറന്നുകാട്ടുന്നുണ്ട്. 18 ജവാന്മാര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിറകെ, രണ്ടിടത്ത് വീണ്ടും നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതും ഒരു ജവാന്‍ കൊല്ലപ്പെട്ടതും അതിര്‍ത്തി ഭദ്രമാക്കുന്നതില്‍ നമുക്ക് പിണയുന്ന അബദ്ധങ്ങളിലേക്കും ശത്രുപക്ഷത്തിന്‍െറ കൊണ്ടുപിടിച്ച നീക്കങ്ങളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്്. എവിടെയൊക്കെയോ ഏകോപനത്തിന്‍െറ അപര്യാപ്തതയും  ഉത്തരവാദിത്തനിര്‍വഹണത്തിലെ പിഴവുകളും പ്രകടമായി കാണാനുണ്ട്. പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയുമൊക്കെ അവരുടെ കഴിവും നൈപുണിയുമൊക്കെ തെളിയിക്കേണ്ട സന്ദര്‍ഭമാണിതെങ്കിലും ചിത്രത്തില്‍പോലും പലപ്പോഴും അവരെ കാണാതെ പോകുന്നത് ഭരണക്രമത്തിന്‍െറ ചില അടിസ്ഥാന ദൗര്‍ബല്യങ്ങള്‍മൂലമാവാം. യുദ്ധം പ്രഖ്യാപിക്കാന്‍ ഒരാള്‍ മതി. എന്നാല്‍, സമാധാനം സ്ഥാപിക്കാന്‍ ഒരുകൂട്ടമാളുകള്‍ക്കുപോലും കഴിയാതെ വന്നേക്കാം. ഭരണ-രാഷ്ട്രീയനേതൃത്വം ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളാണ് അവരുടെ പക്വതയും പാകതയും അടയാളപ്പെടുത്തുന്നത്. സംയമനത്തിന്‍െറയും സമാധാനത്തിന്‍െറയും പാത വിവേകശാലികളുടേതാണെന്ന് ആരും മറക്കാതിരിക്കട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.