ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വനീക്കവും വന്‍ ശക്തികളും

48  രാജ്യങ്ങള്‍ ചേര്‍ന്ന ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചൈന സന്ദര്‍ശനം ഫലംചെയ്തേക്കുമോ എന്നറിയാന്‍ ജൂണില്‍ ചേരുന്ന എന്‍.എസ്.ജി വാര്‍ഷിക സമ്മേളനം (പ്ളീനം) വരെ കാത്തിരിക്കേണ്ടിവരും. അത്രക്കും അവ്യക്ത സുന്ദരമായാണ് എന്‍.എസ്.ജിയില്‍ ചേരാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പത്രപ്രതിനിധികളോട് പറഞ്ഞത്. അന്തര്‍ദേശീയ വിഷയങ്ങളിലും ദക്ഷിണേഷ്യന്‍ മേഖലയിലെ പ്രശ്നങ്ങളിലും ഇന്ത്യയുടെയും ചൈനയുടെയും ശബ്ദം അന്താരാഷ്ട്രവേദികളില്‍ ഒന്നാകുന്നതിന് ഇരുരാജ്യങ്ങളും പരസ്പരം പിന്തുണക്കും എന്ന ഉത്തരത്തില്‍നിന്ന്  ചൈനയുടെ സമീപനം കൃത്യമായി വായിച്ചെടുക്കുക സാധ്യമല്ല്ള. എന്നാല്‍, 2010 മുതല്‍ ഇന്ത്യയുടെ മോഹങ്ങള്‍ക്ക് സര്‍വപിന്തുണയും ആവശ്യമായ ലോബിയിങ്ങും നടത്തുന്ന അമേരിക്ക ഈ ജൂണില്‍തന്നെ ഇന്ത്യയുടെ സമ്പൂര്‍ണപ്രവേശം സാധിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. 

ആണവവിതരണ രാജ്യങ്ങളുടെ അംഗത്വത്തിന് ഇന്ത്യ പൂര്‍ണമായി സജ്ജമാണെന്നാണ് അമേരിക്കയുടെ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടത്. ആണവായുധ പന്തയത്തിലേക്കും അവസാനമില്ലാത്ത യുദ്ധഭീതിയിലേക്കും ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം നയിക്കുമെന്ന പാകിസ്താന്‍െറ വിയോജനം അസ്ഥാനത്താണെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യംനല്‍കുന്നതാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മേയ് 20 വെള്ളിയാഴ്ച വിയനയില്‍ പാകിസ്താന്‍കൂടി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത് ഇന്ത്യയുടെ പ്രവേശത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. അടുത്ത എന്‍.എസ്.ജി യോഗത്തില്‍ അംഗത്വകാര്യം തീരുമാനമാകുമോ എന്ന ചോദ്യത്തില്‍നിന്ന് കിര്‍ബി സമര്‍ഥമായി ഒഴിഞ്ഞുമാറിയതിന് ചൈനയുടെയും പാകിസ്താന്‍െറയും എതിര്‍സമീപനംതന്നെയാണ് കാരണം.

എന്‍.എസ്.ജി രൂപംകൊണ്ടതുപോലും 1974 മേയ് 18ന്  ഇന്ത്യ ആണവപരീക്ഷണം നടത്തിയെതിനെ തുടര്‍ന്നുണ്ടായ അന്തര്‍ദേശീയ രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായാണ്. ആണവമേലാളന്മാരല്ലാത്ത രാജ്യങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിലുള്ള വരേണ്യഭീതിയില്‍നിന്നായിരുന്നു എന്‍.എസ്.ജിയുടെ പിറവി. ആണവ സാങ്കേതികവിദ്യയുടെയും യൂറേനിയം അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റത്തേയും കയറ്റുമതിയേയും നിയന്ത്രിക്കാനും അനുവദിക്കാനുമുള്ള അവകാശം ഈ സമിതിക്കുള്ളതിനാല്‍ ആണവപദ്ധതികളുമായി മുന്നോട്ടുപോകാന്‍ ദൃഢനിശ്ചയമെടുത്ത ഇന്ത്യക്ക് അംഗത്വം അത്യാവശ്യമായി മാറി. മന്‍മോഹന്‍ സിങ് നയിച്ച  യു.പി.എ സര്‍ക്കാര്‍ അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിട്ടതോടെ അംഗത്വത്തിനെതിരെയുള്ള നിലപാട് അമേരിക്ക കൈയൊഴിഞ്ഞു. കാരണം, അമേരിക്കയുമായി ഇന്ത്യയുടെ ആണവകരാറിനുള്ള ഒബാമ സര്‍ക്കാറിന്‍െറ വാഗ്ദാനമായിരുന്നു എന്‍.എസ്.ജി പ്രവേശം. അതോടൊപ്പം, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ അപ്രമാദിത്വത്തിനും ചൈനയുടെ വളര്‍ച്ച തടയുന്നതിനും ഇന്ത്യയുമായുള്ള കരുത്തുറ്റബന്ധം ഏറെ പ്രയോജനകരമാകുമെന്നും അമേരിക്കക്ക് ബോധ്യമുണ്ടായിരുന്നു.

പാകിസ്താനുമായുള്ള ചങ്ങാത്തം വിവിധ കാരണങ്ങളാല്‍ അമേരിക്കക്ക് ബാധ്യതയായിത്തീരുകയും മേഖലയിലെ ആത്മാര്‍ഥസുഹൃത്ത് എന്ന സ്ഥാനം പാകിസ്താന് പകരം ഇന്ത്യക്ക് നല്‍കുന്നതാണ് ഉചിതമെന്ന കണക്കുകൂട്ടലും ഈ വാഗ്ദാനത്തിന് പിറകിലുണ്ടായിരുന്നു. ചൈനയുമായും പാകിസ്താനുമായുമുള്ള ഇന്ത്യയുടെ ശത്രുത  മേഖലയിലെ ആധിപത്യത്തിന് അമേരിക്ക സമര്‍ഥമായി പ്രയോജനപ്പെടുത്തുമെന്ന് ചൈന ആശങ്കിക്കുന്നു. ചൈനയുടെ സ്വാധീനം ഇല്ലാതാക്കാനുള്ള അമേരിക്കന്‍ അജണ്ടകളില്‍ ഇന്ത്യ പങ്കാളിയാകുമെന്ന ഭീതിയും ചൈനക്കുണ്ട്.  ആണവ നിര്‍വ്യാപനക്കരാര്‍ (എന്‍.പി.ടി), സമഗ്ര പരീക്ഷണ നിരോധക്കരാര്‍ (സി.ടി.ബി.ടി) എന്നിവയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ക്കേ അംഗത്വം നല്‍കൂവെന്ന പൊതുസമീപനത്തെ അട്ടിമറിച്ചും ഇന്ത്യയുടെ അംഗത്വത്തിന് അമേരിക്ക ശ്രമിക്കുന്നത് ഇതിനാലാണെന്ന് ചൈന കരുതുന്നു. അതുകൊണ്ടാണ് എന്‍.പി.ടിയില്‍ ഒപ്പുവെക്കാത്ത പാകിസ്താനെക്കൂടി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ച് ഇന്ത്യയുടെ നീക്കത്തിന് ചൈനയുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇന്ത്യക്ക് അംഗത്വം നല്‍കുന്നുവെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണമെന്ന് ചൈനയുടെ വിദേശകാര്യവക്താവ് ഹുവ ചുന്‍യിങ് കഴിഞ്ഞ ഡിസംബറില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നാലിലധികം ആണവപദ്ധതികളാണ് ചൈനയുടെ സഹായത്തോടെ നിലവില്‍ പാകിസ്താന്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. 6.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിക്കുന്ന 1100 മെഗാവാട്ട് ശേഷിയുള്ള കറാച്ചിയിലെ ആണവ റിയാക്ടര്‍ പദ്ധതിയുമായുള്ള സഹകരണത്തിന്‍െറ പേരില്‍  ശക്തമായ പഴിയാണ് എന്‍.എസ്.ജിയില്‍നിന്ന് ചൈന കേള്‍ക്കേണ്ടിവന്നത്. കൂടാതെ,  ഇറാനുമായി ചൈന ആണവകരാറില്‍ ഏര്‍പ്പെട്ടതിനേയും അമേരിക്കയും മറ്റും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ദക്ഷിണേഷ്യയിലും മധ്യേഷ്യയിലും ചൈന പ്രബലമാകുന്നത് യുദ്ധജ്വരം നിലനിര്‍ത്തുമെന്നാണ് യു.എസ് വാദം. എന്നാല്‍, ഇന്ത്യയുടെ അംഗത്വം മേഖലയെ ആണവ അരക്ഷിതവും സങ്കീര്‍ണവുമാക്കുമെന്ന് ചൈനയും പാകിസ്താനും വാദിക്കുന്നു. ചുരുക്കത്തില്‍ ആണവനിര്‍വ്യാപനത്തില്‍ ഊന്നിയ സമാധാനശ്രമങ്ങളല്ല അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അമേരിക്ക ഇന്ത്യയേയും ചൈന പാകിസ്താനേയും കൂട്ടുപിടിച്ചുള്ള അധീശത്വ സ്ഥാപന നീക്കങ്ങളാണ് ശക്തിപ്പെടുന്നത്. ദക്ഷിണേഷ്യയുടെ രാഷ്ട്രീയ-സാമൂഹികബന്ധങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഇത് ഇടവരുത്തും. അതിനെ അതിജീവിക്കുന്നതില്‍ ചൈനാ സന്ദര്‍ശനവേളയില്‍ രാഷ്ട്രപതി പ്രകടിപ്പിച്ച നയതന്ത്രവൈഭവം വിജയിക്കുമോ എന്നാണ് സമാധാനകാംക്ഷികള്‍ ഉറ്റുനോക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.