വീണ്ടെടുക്കാം കായിക വിശുദ്ധി

പുതിയ വേഗവും ദൂരവും കരുത്തും തെളിയിക്കാനുള്ള  റിയോ ഒളിമ്പിക്സിന് ദീപം  തെളിയാന്‍ ഏതാനും ദിനങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ഒളിമ്പിക്സില്‍നിന്ന് റഷ്യയെ സമ്പൂര്‍ണമായി വിലക്കേണ്ടതില്ളെന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യുടെ തീരുമാനം  തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായത്തെുന്ന ലോക കായിക മാമാങ്കത്തിന്‍െറ പൊലിമ നഷ്ടപ്പെടുത്തുമെന്ന ആശങ്കക്ക് അര്‍ധവിരാമം കുറിച്ചിരിക്കുന്നു. വിവിധ കായിക ഇനങ്ങളെ നിയന്ത്രിക്കുന്ന രാജ്യാന്തര ഫെഡറേഷനുകള്‍ക്ക് ഉത്തേജകമരുന്ന് ഉപയോഗിച്ചില്ളെന്ന് ബോധ്യമുള്ള താരങ്ങളെ കണ്ടത്തെി കര്‍ശനമായ നിബന്ധനകളോടെ ഒളിമ്പിക്സിന് അയക്കാമെന്നാണ് ഐ.ഒ.സി കഴിഞ്ഞ ദിവസം തീരുമാനിച്ചത്.  

2014ല്‍ സോചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സില്‍ അധികൃതരുടെ  സര്‍വാത്മനായുള്ള സഹകരണത്തോടെ റഷ്യയുടെ 99 ശതമാനം കായികതാരങ്ങളും ഉത്തേജകം ഉപയോഗിച്ചെന്ന് തെളിവു സഹിതം ജര്‍മന്‍ ടി.വി 2014 ഡിസംബറില്‍ പുറത്തുവിട്ട ഡോക്യുമെന്‍ററിയാണ് ഒളിമ്പിക് ചരിത്രത്തിലെ ഇരുണ്ട ലോകത്തെ വെളിച്ചത്തു കൊണ്ടുവന്നത്. മോസ്കോ ഉത്തേജകവിരുദ്ധ ലബോറട്ടറിയുടെ തലവനായിരുന്ന ഗ്രിഗറി റെഡ്ചെങ്കോവ്  കഴിഞ്ഞ മേയില്‍  ‘ന്യൂയോര്‍ക് ടൈംസി’ല്‍ സോചി ഒളിമ്പിക്സില്‍ റഷ്യയുടെ 15ഓളം താരങ്ങള്‍ മെഡല്‍ ജേതാക്കളായത് താന്‍ പ്രത്യേകമായി തയാറാക്കിയ കൂട്ട് സേവിച്ചാണെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. കായിക ലോകത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അന്വേഷണത്തിന് കായിക മേഖലയിലെ  ശുദ്ധികലശത്തിന് നേതൃത്വം നല്‍കുന്ന ലോക ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ) ചുമതലപ്പെടുത്തിയ കനേഡിയന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് മക്ലാറന്‍ റഷ്യന്‍ കായികമന്ത്രാലയം, രഹസ്യാന്വേഷണ ഏജന്‍സി എന്നിവയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ 2011-15 കാലഘട്ടത്തില്‍ വ്യാപക മരുന്നടി നടന്നുവെന്ന്  കണ്ടത്തെുകയുണ്ടായി.

തുടര്‍ന്ന് ലോക കായികശക്തികളിലൊന്നായി ഗണിക്കപ്പെടുന്ന റഷ്യയുടെ താരങ്ങളെ റിയോ ഒളിമ്പിക്സില്‍നിന്ന് പൂര്‍ണമായും വിലക്കണമെന്ന് മക്ലാറന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ റഷ്യയുടെ അത്ലറ്റിക് ഫെഡറേഷന്‍ ഐ.എ.എ.എഫില്‍നിന്ന് സസ്പെന്‍ഡ്  ചെയ്യപ്പെട്ടു. റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള നിരോധം നീക്കാന്‍ റഷ്യന്‍  ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ നല്‍കിയ അപേക്ഷ  അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളിയതോടെ റഷ്യയെ പൂര്‍ണമായി ഒളിമ്പിക്സില്‍നിന്ന് വിലക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് തോന്നിച്ചു. എന്നാല്‍, ചരിത്രത്തിലാദ്യമായി ഉത്തേജകം ഉപയോഗിച്ചതിന്‍െറ പേരില്‍ വിലക്കപ്പെടുന്ന രാജ്യമെന്ന കളങ്കത്തില്‍നിന്ന് ഐ.ഒ.സി പുതിയ തീരുമാനത്തിലൂടെ റഷ്യയെ രക്ഷിക്കുകയായിരുന്നു. അതോടൊപ്പം ലോകവേദിയില്‍ മികവ് കാട്ടാനായി വര്‍ഷങ്ങളുടെ കഠിന പരിശീലനം നടത്തിയ തെറ്റു ചെയ്യാത്ത നിരവധി താരങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ തകരാതിരിക്കാനും ഈ തീരുമാനം സഹായകമാകും. അപ്പോഴും ആരോപണവിധേയരല്ലാത്ത പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവയെപ്പോലുള്ള പ്രഗല്ഭ താരങ്ങള്‍ കളത്തിന് പുറത്തുതന്നെയാണ്.

പുതുതലമുറയെ പ്രചോദിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ലണ്ടന്‍ ഒളിമ്പിക്സ് അരങ്ങേറിയത്. പുതിയ ലോകമെന്നാണ് റിയോ ഒളിമ്പിക്സിന്‍െറ സന്ദേശം. ലോക ജനതയെ ഒന്നടങ്കം ആവേശത്തിലേക്ക് നയിക്കുകയും മാനവരാശിയെ ഒരേ ബിന്ദുവില്‍ മേളിപ്പിക്കുകയും ചെയ്യുന്ന കായിക മികവിന്‍െറ വേദിയുടെ പരിശുദ്ധി ഇല്ലാതാക്കുന്ന ഉത്തേജക മരുന്നുകളുടെ നീരാളിപ്പിടിത്തത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ അതുയര്‍ത്തുന്ന മുദ്രാവാക്യങ്ങളും സന്ദേശങ്ങളും അര്‍ഥപൂര്‍ണമാകൂ. കായികലോകത്തിന്‍െറയും ഒളിമ്പിക്സിന്‍െറയും സത്യസന്ധതക്കെതിരായ ആക്രമണമാണ് റഷ്യന്‍താരങ്ങളുടെ സര്‍ക്കാര്‍ പിന്തുണയോടെയുള്ള മരുന്നടിയെന്ന് ഐ.ഒ.സി അധ്യക്ഷന്‍ തോമസ് ബാകിന്‍െറ തുറന്നുപറച്ചില്‍ ഈ വസ്തുത അംഗീകരിക്കുന്നതാണ്. എന്നാല്‍,  റഷ്യ മാത്രമല്ല മെഡലുകള്‍ വാരിക്കൂട്ടുന്ന പ്രമുഖ രാജ്യങ്ങളിലെ കായിക താരങ്ങളും സര്‍ക്കാര്‍ പിന്തുണയോടെ മരുന്നടിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

അമേരിക്കന്‍ ഭരണകൂടവും ഉത്തേജക അപവാദത്തില്‍നിന്ന് മുക്തരല്ലാതിരിക്കെ, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ കടുത്ത സമീപനം സ്വീകരിക്കണമെന്ന ശക്തമായ നിലപാട് കൈക്കൊണ്ടത് 1980ല്‍ മോസ്കോയില്‍ അമേരിക്കയും കൂട്ടരും 1984ല്‍ ലോസ് ആഞ്ജലസില്‍ സോവിയറ്റ് ചേരിയും ഒളിമ്പിക്സ് ബഹിഷ്കരിച്ച കറുത്തകാലം ആവര്‍ത്തിക്കാന്‍ ഇടയാക്കുമോ എന്ന ഭീതി ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഐ.ഒ.സിയുടെ പുതിയ തീരുമാനം ഒളിമ്പിക്സ് വിളിപ്പാടകലെ നില്‍ക്കെ കായികലോകത്തെ ഒരു പിളര്‍പ്പില്‍നിന്ന് തന്നെ തല്‍ക്കാലം രക്ഷിച്ചെന്ന് പറയാം. റിയോവിന് ശേഷം മാനവ കായികശേഷിയുടെ പരമോന്നത പ്രകടനം ഒരു കളങ്കവും ചേരാതെ പൂര്‍ണ പരിശുദ്ധിയോടെ നടക്കാനാവശ്യമായ കര്‍ശന പരിശോധനകളും അന്വേഷണങ്ങളുമായി ഐ.ഒ.സി മുന്നോട്ടുപോകേണ്ടതുണ്ട്. കായികതാരങ്ങളുടെ വ്യക്തിപരമായ വീഴ്ചയോടൊപ്പം രാജ്യങ്ങള്‍ക്കു തന്നെ നേരിട്ട് മരുന്നടിയില്‍ പങ്കുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ കായികരംഗം ശുദ്ധീകരിക്കുകയും റഷ്യയില്‍ സംഭവിച്ചതുപോലെ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന പൊറുക്കാന്‍ പാടില്ലാത്ത കൊടുംപാതകങ്ങള്‍ക്ക് അറുതിവരുത്തുകയും വേണം.  ബെയ്ജിങ് മുതലുള്ള ഒളിമ്പിക്സ് പ്രകടനത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന നിര്‍ദേശത്തെ പിന്തുണക്കുക എന്നതാണ് ശുദ്ധീകരണ ലക്ഷ്യം സാക്ഷാത്കരിക്കാനും കായികമേഖലയുടെ മഹത്ത്വം നിലനിര്‍ത്താനുമുള്ള ശരിയായ വഴി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.