അഭിഭാഷകരിലെ നിലവാരത്തകര്‍ച്ച

ബുധനാഴ്ച കൊച്ചിയില്‍ ഹൈകോടതി പരിസരത്തും വ്യാഴാഴ്ച തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി വളപ്പിലും അഭിഭാഷകര്‍ നടത്തിയ അഴിഞ്ഞാട്ടം ഏറ്റവും പരിക്കേല്‍പിക്കുക അവര്‍ക്കും അവരുടെ തൊഴിലിനും തന്നെയാണ്. ഹൈകോടതിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ റൂമിനുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഒരു വിഭാഗം അഭിഭാഷകര്‍ അക്രമം കാണിച്ചത് സംഘട്ടനത്തില്‍ കലാശിച്ചിരുന്നു. കുറേ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും പരിക്കേറ്റു. വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തെറിവിളിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ ഒൗദ്യോഗിക ധാരണയായപ്പോഴേക്കും തിരുവനന്തപുരത്തും അഭിഭാഷകവൃന്ദം ഗുണ്ടായിസം പുറത്തെടുത്തു. അവരുടെ കല്ളേറില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. ചാനല്‍ കാമറകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപറ്റി.

അനുരഞ്ജന ശ്രമങ്ങളെ തോല്‍പിക്കാനെന്നോണം, മദ്യക്കുപ്പികളും കല്ലുകളും മറ്റുമായി കോടതിവളപ്പില്‍നിന്ന് അഭിഭാഷകര്‍ പുറത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഏറ് തുടര്‍ന്നു. തെരുവുയുദ്ധത്തിന് ഒരുമ്പെട്ടിറങ്ങിയപോലെ, മുന്നൊരുക്കമുണ്ടായിരുന്നെന്ന് തോന്നിക്കുന്നവിധത്തിലായിരുന്നു അഭിഭാഷകക്കൂട്ടത്തിന്‍െറ പെരുമാറ്റം.സംഭവത്തെ കൂടുതല്‍ അപലപനീയമാക്കുന്നത് അവര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയും മാധ്യമപ്രവര്‍ത്തകരെ അവരുടെ തൊഴിലെടുക്കുന്നതില്‍നിന്ന് തടയുകയും ചെയ്തതാണ്. ഇത്ര വലിയ രോഷത്തിനുകാരണം ഒരു ഗവണ്‍മെന്‍റ് പ്ളീഡര്‍ക്കെതിരായ സ്ത്രീപീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്തതാണത്രെ. കൊച്ചി കോണ്‍വെന്‍റ് റോഡില്‍വെച്ച് ജോലികഴിഞ്ഞ് വരികയായിരുന്ന യുവതിയെ ഇയാള്‍ കൈയേറ്റം ചെയ്തതായുള്ള കേസിലെ തുടര്‍നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ അഭിഭാഷകര്‍ സ്വന്തം തൊഴിലിന്‍െറ അന്തസ്സ് കെടുത്തുന്നരീതിയില്‍ അക്രമം കാണിച്ചെന്നാണ് മനസ്സിലാകുന്നത്.

അഭിഭാഷകവൃത്തിയുടെ മഹത്വവും ഇവരുടെ ചെയ്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ഈ സംഘത്തില്‍പെട്ട ഒരാളും ഉണ്ടായില്ളെന്നതും ഞെട്ടിക്കുന്നു. മാത്രമല്ല, ഗുണകാംക്ഷയോടെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ തയാറായ മുതിര്‍ന്ന അഭിഭാഷകരെ ശത്രുക്കളായി കാണുന്ന അപകടകരമായ മനോഭാവവും അഭിഭാഷകരില്‍ കാണുന്നു. പൊതുസമൂഹം തങ്ങളെ ശ്രദ്ധിക്കുന്നുവെന്നതോ തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച അനേകം കക്ഷികള്‍ക്ക് കോടതികളുടെ സ്തംഭനം പ്രയാസമുണ്ടാക്കുന്നുവെന്നതോ ഒന്നും ഇക്കൂട്ടരില്‍ വിവേകം ഉദിപ്പിച്ചതായി തോന്നുന്നില്ല. കോടതിവളപ്പുകളും ജുഡീഷ്യല്‍ സംവിധാനവുമെല്ലാം തങ്ങളുടെ സംഘബലത്തിന് വിധേയമാണെന്ന ഈ നിലപാട് സ്വയം തോല്‍പിക്കലാണ്. അത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് അവര്‍ തിരിച്ചറിയുമെന്നാശിക്കുകയേ നിര്‍വാഹമുള്ളൂ. വിവേകമതികളായ അഭിഭാഷകരുടെ ഇടപെടലും സമൂഹം പ്രതീക്ഷിക്കുന്നു.

അഭിഭാഷകര്‍ക്കിടയിലെ നിലവാരത്തകര്‍ച്ചയും പെരുമാറ്റദൂഷ്യവുമെല്ലാം അവരെ മാത്രം ബാധിക്കുന്ന വിഷയമായി കരുതാനാവില്ല. നീതിന്യായ സംവിധാനം ഒരു പരിഷ്കൃത ജനായത്ത രാഷ്ട്രത്തിന്‍െറ അസ്തിവാരം തന്നെയാണ് എന്നതുപോലെ, വിവേകവും നിലവാരവുമുള്ള അഭിഭാഷകസമൂഹം അതിന്‍െറ അവശ്യഘടകവുമാണ്. നിര്‍ഭാഗ്യവശാല്‍ നീതിബോധത്തെയും ന്യായതല്‍പരതയെയും മറികടക്കുന്ന മറ്റ് വികാരങ്ങള്‍ അഭിഭാഷകവൃത്തിയെയും അതുവഴി ജുഡീഷ്യറിയെയും കാര്‍ന്നുനശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചില കേസുകളില്‍ ചില പ്രതികള്‍ക്കുവേണ്ടി വാദിക്കാന്‍ സന്നദ്ധരായവരെ മറ്റ് അഭിഭാഷകര്‍ ഒന്നടങ്കം ഒറ്റപ്പെടുത്തിയ ഒന്നിലേറെ സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായി. ഇത്തരം അന്യായങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് ഇരയാകുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. കര്‍ണാടകയില്‍, അനധികൃത ഖനനകേസില്‍ അറസ്റ്റിലായ മുന്‍മന്ത്രിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് ഉദാഹരണം. ജെ.എന്‍.യു വിദ്യാര്‍ഥിനേതാവ് കനയ്യകുമാറിനെ കള്ളക്കേസില്‍ കുടുക്കി ഡല്‍ഹി പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും അഭിഭാഷകരുടെ കൈക്കരുത്ത് മാധ്യമങ്ങള്‍ അനുഭവിച്ചു.

ഇപ്പോള്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍ക്കെതിരായുള്ളത് കള്ളക്കേസാണെന്ന് അഭിഭാഷകര്‍ പറയുന്നു. എങ്കില്‍ അത് കോടതിയില്‍ തെളിയിക്കാന്‍ കഴിയണം. അതിനുപകരം വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയുകയല്ല വേണ്ടത്. തെറ്റായ വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങളുടെ വിശ്വാസ്യത തകരും; അതേപോലെ നിയമം കൈയിലെടുക്കുന്നതോടെ അഭിഭാഷകരുടെ തൊഴിലിന്‍െറ വിശ്വാസ്യതയും പ്രസക്തിയും ചോദ്യം ചെയ്യപ്പെടും. രണ്ടു കൂട്ടരും ഇത് മനസ്സിലാക്കുന്നത് നന്ന്. കാരണം അവര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ക്ഷയിക്കുക ജനാധിപത്യവും നിയമവാഴ്ചയുമാണ്. ഇപ്പോള്‍ നടന്ന അക്രമങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തി നടപടിയെടുത്താല്‍ പോരാ; അഭിഭാഷകര്‍ക്ക് കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധതയും നീതിബോധവുമുണ്ടാകാനും വേണ്ടത് ചെയ്യണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.