കായിക മഹാമേള സമാപിക്കുമ്പോള്‍

പ്രണയവും രാഷ്ട്രീയവും സൗഹൃദവും മാനവികതയും വേദിയിലും കളിക്കളത്തിലും ഒഴുകിപ്പടര്‍ന്ന മുപ്പത്തിയൊന്നാമത് ഒളിമ്പിക്സിന് ബ്രസീലിലെ റിയോവില്‍ പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു; വേഗത്തിന്‍െറയും കരുത്തിന്‍െറയും ദൂരത്തിന്‍െറയും പുതുഗാഥകള്‍ രചിച്ചുകൊണ്ട്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിനെ ഓര്‍മിപ്പിക്കുമാറ്  അവസാന നിമിഷം വരെ ആശങ്കകളും ഭീതിയും നിലനിര്‍ത്തിയിരുന്നു തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായത്തെിയ ലോക കായിക മാമാങ്കത്തിന്‍െറ സംഘാടനം. ഒളിമ്പിക്സ് വില്ളേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതിക്കഥകളും പണിതീരാത്ത എടുപ്പുകളും അസൗകര്യങ്ങളും അപര്യാപ്തതകളും മാത്രമല്ല, ഒളിമ്പിക്സിനുവേണ്ടി ധൂര്‍ത്തടിക്കുന്ന പണത്തെ സംബന്ധിച്ച് ബ്രസീലിലുയര്‍ന്ന പ്രതിഷേധങ്ങളും രാഷ്ട്രീയ അസ്ഥിരതയും അക്രമിസംഘങ്ങളും സിക വൈറസ് സാന്നിധ്യവുമെല്ലാം ഭീതിയെ കനപ്പിച്ച ഘടകങ്ങളായിരുന്നു. എങ്കിലും 10.5 ബില്യണ്‍ ഡോളര്‍ ചെലവിട്ട് 207 രാജ്യങ്ങളില്‍നിന്നായി 11,551 കായികതാരങ്ങളും 45000 വളണ്ടിയര്‍മാരും നാലുലക്ഷത്തിനടുത്ത് സന്ദര്‍ശകരും കെങ്കേമമാക്കിയ 17 ദിനരാത്രങ്ങളിലേക്ക് നീണ്ട ലോക കായികസംഗമം വലിയ പരാതികളില്ലാതെ സാക്ഷാത്കരിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു എന്നത് ശ്ളാഘനീയമായ നേട്ടമാണ്. സംഘാടനത്തിലും സൗകര്യത്തിലും പരിഭവം പറഞ്ഞ പടിഞ്ഞാറന്‍ മാധ്യമപ്രവര്‍ത്തകരും കായികതാരങ്ങള്‍പോലും ബ്രസീലുകാരുടെ ആതിഥേയത്വത്തിനും ഹൃദ്യമായ പെരുമാറ്റത്തിനും നല്‍കിയ നൂറ് മാര്‍ക്ക് മതി റിയോ ഒളിമ്പിക്സിനെ ഗംഭീരമാക്കുന്നതില്‍ ബ്രസീലുകാര്‍ പുലര്‍ത്തിയ ആത്മാര്‍ഥതക്ക് തെളിവായി.

ഉസൈന്‍ ബോള്‍ട്ട് എന്ന അതിശയതാരത്തിന്‍െറ ട്രിപ്പ്ള്‍ ട്രിപ്പ്ളിന്‍െറ മാസ്മരികതക്കും 28 മെഡലുകള്‍ നേടിയ, നീന്തല്‍ കുളത്തിലെ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് തുടങ്ങിയവരുടെ പ്രകടനമികവുകള്‍ക്കും ഒപ്പം കണ്ണീരണിയിക്കുന്ന വിടവാങ്ങലിനും റിയോ സാക്ഷിയായി. ഉസൈന്‍ ബോള്‍ട്ടിന്‍െറയും ഫെല്‍പ്സിന്‍െറയും കാലത്ത് ജീവിച്ചവര്‍ എന്ന് ഇതരര്‍ക്ക് അഭിമാനിക്കാന്‍ മാത്രം മികവിന്‍െറ കൊടിമുടിയിലെ സ്വര്‍ണ നക്ഷത്രങ്ങളായി അവര്‍. റിയോ ഒളിമ്പിക്സ് അവരുടേതുമാത്രമല്ല അലിസണ്‍ ഫെലിക്സിന്‍െറയും കൗമാരക്കാരന്‍ സ്കൂളിങ്ങിന്‍േറതും അടക്കം എണ്ണമറ്റ കായികതാരങ്ങളുടേതുമാണ്. മെഡലുകള്‍ നേടിയില്ളെങ്കിലും ചരിത്രത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും ഇടംപിടിച്ച മറ്റനേകം പേരുടേതുകൂടിയാണ്. പോരിന്‍െറ ചൂടിനിടയിലും വനിതകളുടെ 5000 മീറ്ററില്‍ ട്രാക്കില്‍ വീണുപോയ ന്യൂസിലന്‍ഡിന്‍െറ നിക്കി ഹാംബ്ളിനെ എഴുന്നേല്‍പിച്ച് ഓട്ടം പൂര്‍ത്തിയാക്കാന്‍ സഹായിച്ച അമേരിക്കയുടെ അബി ഡി അഗസ്റ്റിനോയുടെ കൈത്താങ്ങ് ഒളിമ്പിക്സിന്‍െറ മായാത്ത ചിത്രങ്ങളിലൊന്നാണ്. കലുഷിത രാഷ്ട്രീയങ്ങളില്‍ രാജ്യം ഉപേക്ഷിക്കേണ്ടിവന്നവരുടെ ആശ്വാസകേന്ദ്രവും പ്രത്യാശയും കൂടിയായിരുന്നു റിയോ. ഒളിമ്പിക് അത്ലറ്റിക്സിന്‍െറ കൊടിക്കൂറയില്‍ ചേര്‍ന്ന് സ്വര്‍ണം നേടിയ ഫാഹിദ് അല്‍ദീഹാനിയുടെയും അഭയാര്‍ഥി ടീമില്‍ മത്സരത്തിനിറങ്ങിയ സിറിയക്കാരന്‍ ഇബ്രാഹിം അല്‍ഹുസൈന്‍െറയും ജീവിത സാഫല്യമാണ് റിയോവില്‍ യാഥാര്‍ഥ്യമായത്. നിരപരാധിയായിട്ടും രാജ്യത്തിന്‍െറ തെറ്റിന്‍െറ പേരില്‍  മത്സരത്തില്‍നിന്ന് വിലക്കേല്‍ക്കേണ്ടിവന്ന റഷ്യയുടെ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവയുടെ കണ്ണീരും വിരമിക്കലും റിയോവിനോട് ചേര്‍ത്ത് തന്നെയാകും കായികലോകം ഓര്‍ക്കുക. ഒളിമ്പിക്സിലെ ഇരുണ്ട രാഷ്ട്രീയം കൂടി റിയോവില്‍ വെളിപ്പെടുന്നുണ്ടെന്ന് ചുരുക്കം. ഒളിമ്പിക്സ് സാമ്പത്തിക കൊഴുപ്പിന്‍െറയും വിപണി മത്സരത്തിന്‍െറയും ഭാഷ സ്വീകരിക്കപ്പെടുന്നുവെന്ന വിമര്‍ശം റിയോവിലത്തെുമ്പോള്‍ കൂടുതല്‍ പ്രബലമാവുകയാണ്.  ഉപഭോഗസംസ്കാരത്തിന്‍െറ വര്‍ണശബളത നിറഞ്ഞൊഴുകുന്ന ആഘോഷരാവുകളായി കളിപരിസരങ്ങള്‍ മാറ്റപ്പെടുന്നുവെന്നത് കായികമുന്നേറ്റത്തിന് അത്ര ഉത്സാഹജനകമായ അവസ്ഥയെയല്ല കുറിക്കുന്നത്.

118 അംഗ സംഘവുമായി റിയോവിലത്തെിയ ഇന്ത്യയുടെ പ്രകടനം ദയനീയമായതെന്തുകൊണ്ടെന്നത് സമഗ്രമായി  സര്‍ക്കാര്‍ അന്വേഷിക്കുകയും സത്വര നടപടികള്‍ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. ബാഡ്മിന്‍റണില്‍ പി.വി. സിന്ധുവും ഗുസ്തിയില്‍ സാക്ഷി മാലിക്കും വിരിയിച്ച വിസ്മയ വിജയങ്ങളാണ് ശൂന്യഹസ്തരായി തിരിച്ചുവരുന്നതില്‍നിന്ന്  ഇന്ത്യയെ രക്ഷിക്കുകയും 123 കോടി ജനങ്ങളെ അപമാനത്തില്‍നിന്ന് തെല്ളെങ്കിലും മുക്തമാക്കുകയും ചെയ്തത്. 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസില്‍ ലളിത ബബ്ബാറും ജിംനാസ്റ്റിക്സില്‍ ദീപ കര്‍മാകറുമാണ് മികച്ച പ്രകടനം നടത്തിയ മറ്റു കായികതാരങ്ങള്‍. ഭൂരിഭാഗം താരങ്ങളും യോഗ്യത നേടാന്‍ കുറിച്ച ദൂരവും സമയവും റിയോയില്‍ കണ്ടത്തൊനായില്ളെന്നത്  അങ്ങേയറ്റം നിരാശജനകവും നിര്‍ഭാഗ്യകരവുമാണ്. ഇക്കാര്യം കൃത്യമായി പരിശോധനാ  വിധേയമാക്കേണ്ടതുമാണ്. യഥാര്‍ഥത്തില്‍ കായികക്ഷമതയുള്ള പൗരസഞ്ചയത്തെ സൃഷ്ടിക്കുന്നതിലുള്ള ഇന്ത്യയുടെ പരാജയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.   നെഹ്റു യുവകേന്ദ്രയുടെ കീഴില്‍ 2.5 ലക്ഷം ക്ളബുകള്‍ രാജ്യത്ത്  പ്രവര്‍ത്തിക്കുന്നുണ്ട്.

സ്കൂള്‍ മീറ്റുകള്‍ മുതല്‍ ദേശീയ ഗെയിംസ് വരെ നാം കെങ്കേമമായി കൊണ്ടാടാറുമുണ്ട്. പക്ഷേ, അവ ഫലവത്താകാനുള്ള നയവും നടപടിക്രമങ്ങളും നമുക്കില്ല. സാമ്പത്തിക പരാധീനതകളുള്ള ജമൈക്കക്ക് പ്രതിഭ തെളിയിക്കാനാകുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന കായിക സംസ്കാരംകൊണ്ട് കൂടിയാണ്. അതിനാലാണ് ഉസൈന്‍ ബോള്‍ട്ടിന് കഴുത്തില്‍ സ്വര്‍ണപ്പതക്കമണിയുന്നതിന് 15ാമത്തെ വയസ്സിലേ കഴിയുന്നതും മുപ്പതാം വയസ്സില്‍ ലോകജേതാവായി അഭിമാനപൂര്‍വം വിരമിക്കാനാകുന്നതും. 77 കോടി യുവാക്കളും കുട്ടികളുമുള്ള ഇന്ത്യയില്‍ അഞ്ചുകോടി ചെറുപ്പക്കാര്‍പോലും കായികക്ഷമതയുടെ പരിശീലനക്കളരിയില്‍ എത്തിപ്പെടുന്നില്ല. എന്നാല്‍, ചൈനയടക്കമുള്ള രാജ്യങ്ങളില്‍ സ്കൂളുകളില്‍നിന്നേ ഭാവി വാഗ്ദാനങ്ങള്‍ കണ്ടത്തൊനും പ്രതിഭകളാക്കാനുമുള്ള പദ്ധതികളും സ്ഥാപനങ്ങളും അടിത്തട്ടുമുതല്‍ വ്യവസ്ഥാപിതമായി നടത്തുന്നു. പ്രതിഭയെ തെരഞ്ഞെടുക്കുന്നതു മുതല്‍ നമ്മുടെ ഉള്ളില്‍ ആവേശിച്ച ജാതിയുടെയും ദേശത്തിന്‍െറയും പ്രാമുഖ്യത്തെ കുടഞ്ഞ് തെറിപ്പിക്കാനും പ്രതിഭകളെ വളര്‍ത്തുന്ന കായിക സംസ്കാരം വികസിപ്പിക്കാനും കഴിയേണ്ടതുണ്ട്. മെഡല്‍ നേടിയവരുടെ ജാതി തേടുന്ന നാട്ടില്‍ ഈ മെഡല്‍തന്നെ ഒരതിശയമല്ളേ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.