ദുബൈ വിമാനദുരന്ത നിവാരണത്തില്‍നിന്ന് കേരളം പഠിക്കേണ്ടത്

തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളിലും വിമാനത്താവളത്തെ അതിദ്രുതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും ദുബൈ സര്‍ക്കാറും എമിറേറ്റ്സും കാണിച്ച അസാമാന്യമായ വൈദഗ്ധ്യം അങ്ങേയറ്റം പ്രശംസനീയമാണ്. ദൈവകൃപയാല്‍ മരണം വഴിമാറിപ്പോയതുകൊണ്ടുമാത്രം കേരളീയ സമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെപോയ വന്‍ ദുരന്തമാണ് യഥാര്‍ഥത്തില്‍ ദുബൈയില്‍ എമിറേറ്റ്സ് വിമാനത്തിന് സംഭവിച്ചത്. സമാനമായ അപകടം മുമ്പ് സംഭവിച്ചപ്പോഴൊക്കെ യാത്രക്കാര്‍ അഗ്നിക്കിരയായി കരിഞ്ഞുതീരുകയാണ് പതിവെന്ന് വിമാനമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുമ്പോഴാണ് 90 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും അപകടരഹിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നതിന്‍െറ മഹത്ത്വം നമുക്ക് ബോധ്യമാകുക.  എമിറേറ്റ്സിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ഈ അപകടത്തില്‍നിന്ന്  രക്ഷപ്പെട്ട് മിനിറ്റുകള്‍ക്കകം, വലിയ സ്ഫോടനത്തോടെ വിമാനത്തെ അഗ്നി വിഴുങ്ങുകയും രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതനായ യു.എ.ഇ സ്വദേശി  ജാസിം ഹസന്‍െറ ജീവന്‍ പൊലിയുകയും ചെയ്തുവെന്നത് അപകടത്തിന്‍െറ തീവ്രതയും അടിയന്തര രക്ഷാപ്രവര്‍ത്തന വേളകളില്‍ ഓരോ നിമിഷത്തിന്‍െറയും അമൂല്യതയുമാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്.

ഒന്നര മിനിറ്റില്‍ ഒരു വിമാനമെന്ന തോതില്‍ വന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന, ഒരു മിനിറ്റ് നിര്‍ത്തിവെച്ചാല്‍ 10 ലക്ഷം ഡോളര്‍ നഷ്ടം കണക്കാക്കുന്ന, ലോകത്തിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളത്തെ ഇത്രയും വലിയ ദുരന്തത്തിന് തൊട്ടുപിറകെ വെറും 72 മണിക്കൂറിന്‍െറ റെക്കോഡ് വേഗത്തില്‍ അധികൃതര്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നത് വിസ്മയാവഹമായ വിജയമാണ്. 260ഓളം നഗരങ്ങളില്‍നിന്ന് 160 എയര്‍ലൈന്‍സുകളില്‍ 1000ത്തിനടുത്ത് വിമാനങ്ങളില്‍ പ്രതിദിനം 2,30,000 യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളം  സങ്കീര്‍ണമായ ആപത്സന്ധിയില്‍ യാത്രക്കാരെ  കൈകാര്യം ചെയ്തത് മികച്ച കാര്യക്ഷമതയുടെ ദൃഷ്ടാന്തമാണ്. പരാതികള്‍ക്കിടനല്‍കാത്തവിധം ഉത്സാഹത്തോടെയും അര്‍പ്പണ ബോധത്തോടെയുമാണ് ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും കൈമെയ് മറന്ന് ആ മഹാ ദൗത്യം പൂര്‍ത്തീകരിച്ചത്.

 ഒരു ദുരന്ത നിവാരണം എങ്ങനെ കാര്യക്ഷമതയിലും വേഗത്തിലും നിര്‍വഹിക്കാമെന്നതിന് സമീപകാലത്ത് ഇതിനെക്കാള്‍ മികച്ച അനുഭവമില്ല. നമ്മുടെ രാജ്യത്തിനും കേരളത്തിനും ഇതില്‍ വലിയ പാഠങ്ങളുണ്ട്. വിശേഷിച്ച്, ആ വിമാന അപകടത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദുചെയ്തതിനാലുള്ള യാത്രാദുരന്തത്തെ പരിഹരിക്കുന്നതില്‍ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍.  ദുരന്ത നിവാരണ പ്രക്രിയയില്‍ സാങ്കേതിക തികവിനും സാമ്പത്തിക മികവിനുമുപരി നിസ്തുലമായ മാനുഷിക സമീപനങ്ങളും പ്രവൃത്തികളില്‍ പുലര്‍ത്തുന്ന  അപാരമായ ഇച്ഛാശക്തിയുമാണ് പ്രധാനം എന്ന് തെളിയിക്കുന്നു എമിറേറ്റ്സ് അധികൃതരുടെ നിലപാട്. കേരളത്തില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്ന 20ല്‍ താഴെ വിമാനങ്ങളിലെ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടത് പ്രശ്നങ്ങളെ അനുകമ്പാപൂര്‍വം ഏറ്റെടുക്കുന്നതിലും പരിഹാരം കാണുന്നതിലുമുള്ള യു.എ.ഇ അധികൃതരുടെ തൃഷ്ണ നമുക്കില്ലാതെപോയതുകൊണ്ടാണ്. തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് വിമാനക്കമ്പനികളും വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചത്.

വിമാനം റദ്ദാക്കിയ വിവരംപോലും കൃത്യമായി അറിയിക്കാനുള്ള സാമാന്യമര്യാദപോലും ഈ സന്ദര്‍ഭത്തില്‍ പല വിമാനക്കമ്പനികളും സ്വീകരിക്കാന്‍ തയാറായില്ല. യാത്രക്കാരെ നിരന്തരം പ്രകോപിപ്പിക്കുന്ന അവഗണനയും ചിറ്റമ്മ നയവുംകൊണ്ടുമാത്രം വിമാനത്താവളങ്ങള്‍ പലപ്പോഴും സംഘര്‍ഷഭരിതമായി. അടിയന്തരമായി എത്തേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഴിഞ്ഞില്ളെന്നു മാത്രമല്ല, കിട്ടിയ അവസരം മുതലെടുത്ത് അന്യായമായ ലാഭം നേടാനുള്ള ഗര്‍ഹണീയമായ ചൂഷണത്തിനാണ് മുതിര്‍ന്നത്.

രക്ഷപ്പെട്ടതിലുള്ള സമാശ്വാസ പ്രസ്താവനകളല്ലാതെ, അപകടത്തിനിരയായവരില്‍ ബഹുഭൂരിഭാഗവും മലയാളികളായിട്ടുപോലും അവരുടെ നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ശരിയാക്കിക്കിട്ടാനുള്ള ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ചിട്ടില്ല.  ആഘാതത്തിന്‍െറ തോത് വിലയിരുത്തി ആര്‍ക്ക് എന്തെല്ലാം നഷ്ടങ്ങളുണ്ടായി എന്ന് നിജപ്പെടുത്താനോ അടിയന്തരമായി പ്രശ്നങ്ങള്‍ ഏറ്റെടുക്കാനോ പ്രവാസികള്‍ പ്രതീക്ഷിച്ചതുപോലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവന്നില്ളെന്നത് ഖേദകരമാണ്. പാസ്പോര്‍ട്ടുകള്‍ വേഗത്തില്‍ ശരിയാക്കാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്ന  കോണ്‍സല്‍ ജനറലിന്‍െറ പ്രസ്താവന മാത്രമാണ് അപകടത്തിനിരയായവര്‍ക്ക് അല്‍പമെങ്കിലും സമാശ്വാസമേകിയത്. ദുരന്തത്തിന്‍െറ തീവ്രത മനസ്സിലാക്കാനും ഉറക്കമുണരാനും നമ്മുടെ ഭരണകൂടങ്ങള്‍ക്ക് മനുഷ്യബലിയും കുടുംബങ്ങളുടെ കണ്ണീരും ഉണ്ടാകണം എന്നുവരുന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.