യെച്ചൂരിക്കു പിന്നില്‍ മുഴങ്ങിയ മൂര്‍ദാബാദ് ഒടുവിലത്തെ സൂചനയാണ്

യെച്ചൂരിയെ ആക്രമിച്ച സംഭവത്തെ അപലപിക്കാത്തവരായി ആരുമില്ല. എന്നാല്‍ ആവര്‍ത്തിക്കപ്പെടും എന്നുറപ്പുള്ള ഒരു ഉത്കണ്ഠ അത് ബാക്കി​വെക്കുന്നു. എതിര്‍പ്പി​​​​​​​​െൻറ രാഷ്ട്രീയവും പ്രതിരോധത്തി​​​​​​​​െൻറ രാഷ്ട്രീയവും എത്തിനില്‍ക്കുന്ന ഒരു ദുര്‍ഘട സന്ധിയാണത്. ആ മനസിലാക്കല്‍ എത്രത്തോളം ഇത്തരം അപലപിക്കലുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്നതാണ് പ്രശ്‌നം. ഒരു പവന്‍ കൗളിലേക്കും ഒരു ഉപേന്ദ്രകുമാറിലേക്കും ഒതുങ്ങിപ്പോകുന്ന കുറ്റകൃത്യമല്ല എകെജി ഭവനില്‍ നടന്നത്. ഹിന്ദു സേനയുമായോ പിടിയിലായ പ്രതികളുമായോ ബന്ധമില്ലെന്ന് ആണയിടുന്ന ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വത്തിന് ഒരു കാര്യം നിഷേധിക്കാന്‍ കഴിയുമോ... എകെജി ഭവനിലേക്ക്​  ഇതേ മുദ്രാവാക്യം മുഴക്കി നിങ്ങള്‍ മാര്‍ച്ച് ചെയ്തിട്ടില്ലേ? എകെജി ഭവ​​​​​​​​െൻറ ബോര്‍ഡ് നശിപ്പിച്ചിട്ടില്ലേ?. പാക് അനുകൂലികളെന്ന് കരി ഓയില്‍ കൊണ്ട് എഴുതി​െവച്ചിട്ടില്ലേ..?

അംഗീകൃതമോ അല്ലെങ്കില്‍ പരിചിതമോ ആയ പ്രതിഷേധ രീതികളുടെ പരമാവധിയായിരുന്നു അത്. ആ പരിധിയല്ലേ ഹിന്ദുസേനയുടെ യുവാക്കള്‍ നിങ്ങള്‍ക്കു വേണ്ടി ബുധനാഴ്ച മറികടന്നത്...? കോടിയേരി ഡല്‍ഹിയില്‍ കാലുകുത്തില്ലെന്നു പറഞ്ഞും, ബീഫ് ഫെസ്റ്റ് ഡല്‍ഹിയില്‍ നടത്തിക്കാട്ടൂ എന്നു വെല്ലുവിളിച്ചും നിങ്ങള്‍ നിര്‍വചിച്ച ഡല്‍ഹിയെയല്ലേ ഹിന്ദുസേന സാക്ഷാത്കരിച്ചത്. കുന്ദന്‍ ചന്ദ്രാവത്ത് ചെയ്തതും ഇതുതന്നെയാണ്. തല കൊയ്യാന്‍ നേരിട്ടിറങ്ങുകയല്ല, ആഹ്വാനം നല്‍കുകയാണ് ചെയ്യുന്നത്. ഇന്നയാള്‍ ചെയ്യണമെന്നുമല്ല ആഹ്വാനം. അങ്ങനെ, ആഹ്വാനം ഏറ്റെടുക്കുന്നവരുടെ കര്‍തൃത്വത്തെ ആദ്യം തന്നെ നിഷേധിച്ചുകൊണ്ടുള്ള ഈ നടത്തിപ്പു രീതിയാണ് എകെജി ഭവനിലും കണ്ടത്. അതുകൊണ്ട് ഹിന്ദുസേനക്കാര്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളവരല്ല എന്ന വാദം പൊയ്ക്കാലില്‍ മാത്രം ഉറപ്പിച്ചിട്ടുള്ളതാണ്. 

അക്രമികളെ പിടികൂടിയില്ലേ, ആരാണെന്നും എന്തിനാണ് ഇതെല്ലാം ചെയ്തതെന്നും പൊലീസ്​ പറയട്ടെ എന്നാണ് ബി.ജെ.പി നേതാക്കളുടെ മറുപടി. മധ്യപ്രദേശിലെ പൊലീസ്​ വെടിവെപ്പില്‍ അഞ്ച് കര്‍ഷകരാണ് രക്തസാക്ഷികളായത്. സര്‍ക്കാര്‍ ഭാഷ്യമായി വന്നതോ. പ്രക്ഷോഭകരിലെ തന്നെ ഒരു വിഭാഗം നടത്തിയ അക്രമത്തിലാണ് അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന്. അന്വേഷണം നടക്കട്ടെ, വസ്തുത തെളിയട്ടെ എന്ന് ഡല്‍ഹി സംഭവത്തില്‍ കാട്ടുന്ന സാവകാശം മധ്യപ്രദേശ്​ സംഭവത്തിന് ബാധകമാകാത്തത് എന്തുകൊണ്ടാണ്...? ബി.ജെ.പി പുലര്‍ത്തുന്ന അവസരവാദ രാഷ്ട്രീയത്തി​​​​​​​​െൻറ മറ്റൊരു ചോദ്യം കൂടി മധ്യപ്രദേശ് ഉയര്‍ത്തുന്നുണ്ട്. അവിടുത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഇറങ്ങിയത് കടുത്ത വരള്‍ച്ചയെ തുടര്‍ന്നുള്ള കൃഷിനാശം മൂലമാണ്. കടം എഴുതിത്തള്ളണം എന്ന ആവശ്യം നേടിയെടുക്കാനാണ്.

കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകാതിരിക്കാനാണ്. ഇതേ ബി.ജെ.പിയുടെ കര്‍ണാടകത്തിലെ പ്രതിപക്ഷനേതാവ് ഈശ്വരപ്പ ഇപ്പോള്‍ സിദ്ധരാമയ്യ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വരള്‍ച്ച മൂലം കൃഷി നഷ്ടത്തിലായി ജീവനൊടുക്കുന്ന കര്‍ഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കില്‍ അവരെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന്. ഇതാണ് ബി.ജെ.പി. കര്‍ണാടകത്തില്‍ കൃഷിക്കാര്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്ന പ്രതിപക്ഷ പാര്‍ട്ടി. മധ്യപ്രദേശില്‍ കൃഷിക്കാരെ കൊന്നൊടുക്കുന്ന ഭരണപക്ഷ പാര്‍ട്ടി. അതിര്‍ത്തികള്‍ ബി.ജെ.പി  ഇങ്ങനെ മാറ്റിവരച്ചുകൊണ്ടേയിരിക്കുന്നു. ഒറീസയില്‍ സ്​റ്റെയിനിനെ കൊല്ലും. ഗോവയില്‍ സഭയുമായി ചേര്‍ന്ന് ഭരിക്കും. യു.പിയില്‍ അസദ​ുദ്ദീന്‍ ഉവൈസിയെ തീവ്രവാദിയാക്കും. കശ്മീരില്‍ പി.ഡി.പിയെ സഖ്യകക്ഷിയാക്കും. 

പൊരുത്തക്കേടുകളുടെ ഈ സ്വാഭാവികതയാണ് മുഖംമൂടിക്കൂട്ടങ്ങളായ കാവിസേനകളേയും സൃഷ്​ടിക്കുന്നത്. അക്രമം നടത്തുന്ന ആള്‍ക്കൂട്ടമല്ല അത്. ശിക്ഷ നടപ്പാക്കുന്ന സിവില്‍ സേനകളാണത്. ദാദ്രിയില്‍ അഖ്‌ലാക്കിനെ ആക്രമിക്കുകയല്ല ഗോരക്ഷകര്‍ ചെയ്തത്. അഖ്‌ലാക്കിനെ ശിക്ഷിക്കുകയാണ് ചെയ്തത്. നിയമം കയ്യിലെടുക്കുകയല്ല നിയമം നടപ്പാക്കുകയാണ് ചെയ്്തത്. ഇവരെയാണ് പോലീസ് അന്വേഷിച്ച് സത്യം തെളിയിക്കേണ്ടവരായി ചിത്രീകരിക്കുന്നത്. ഏതെങ്കിലും ചിലരുടെ കുറ്റവാസനയാണെങ്കിലേ പോലീസ് നടപടികൊണ്ട് പ്രയോജനമുണ്ടാകൂ. ഇതങ്ങനെയല്ലല്ലോ. അന്വേഷണത്തി​​​​​​​​െൻറയും തെളിയിക്കലി​​​​​​​​െൻറയുമൊക്കെ സാവകാശത്തിലൂടെ നിഷേധിക്കപ്പെടുന്നത് പൗര​​​​​​​​െൻറ മനുഷ്യാവകാശവും ജനാധിപത്യാവകാശവുമാണ്. കുറ്റാന്വേഷണ സംവിധാനങ്ങളിലൂടെ കുറവു തീര്‍ത്ത് അനുഭവിക്കപ്പെടേണ്ടതല്ല ഈ രണ്ട് അവകാശങ്ങളും.

അത്രമാത്രം സ്വകീയമായിട്ടുള്ള ഈ അവകാശങ്ങളെയാണ് തീര്‍പ്പുകല്‍പ്പിക്കേണ്ടതാക്കി നീക്കിവയ്ക്കുന്നത്. അങ്ങനെ വരുമ്പോള്‍ പവന്‍ കൗളും ഉപേന്ദ്രകുമാറും പറയുന്നെന്നിരിക്കട്ടെ, സി.പി.എം നേതാക്കളുടെ ദേശവിരുദ്ധവും സൈന്യത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങളാണ് അവരെ പ്രകോപിപ്പിച്ചതെന്ന്. തുടര്‍ന്ന് എന്തു സംഭവിക്കും..? എവിടെയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ വന്നത് എന്നതിലേക്കാകും അന്വേഷണം. കാരാട്ട് എഴുതിയ ലേഖനം വന്ന പീപ്പിള്‍സ് ഡെമോക്രസി തൊണ്ടിമുതലാകും. മാവോയിസ്​റ്റ്​ പ്രസിദ്ധീകരണങ്ങള്‍ കൈയിൽ ​െവച്ചാല്‍ അകത്താക്കുന്ന അതേ ഭരണകൂട ഭീകരതയുടെ ചെറുപതിപ്പായി അങ്ങനെ എകെജി ഭവന്‍ സംഭവം രൂപം മാറും. ഈ ചെറുപതിപ്പ് ഒരു വലിയ സാധ്യതയാണ്. ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെ നിരീക്ഷണത്തടവിലാക്കാന്‍ കഴിയുന്ന വലിയൊരു സാധ്യത. അതുകൊണ്ട് ഒരു കൈയേറ്റ ശ്രമവും നിരുപദ്രവകരമല്ല. വികാരവിക്ഷോഭത്തി​​​​​​​​െൻറ ക്ഷണികമായ ആയുസ്സല്ല അതിനുള്ളതും.

പവന്‍ കൗളും ഉപേന്ദ്രകുമാറും കൈയോടെ പിടികൂടപ്പെട്ടതുകൊണ്ടാണ് പോലീസ് തെളിയിക്കട്ടെ എന്ന നിലപാടിലേയ്ക്ക് ബി.ജെ.പി  നേതൃത്വം മാറിയത്. അല്ലെങ്കില്‍, ഡല്‍ഹിയില്‍ ഇതിനു സമാനമായ സാഹചര്യങ്ങളില്‍ സംഭവിച്ചതുപോലെ കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരേയെന്നോ മറ്റോ ഉള്ള എഫ്‌.ഐ.ആറാകും പോലീസ് ഇടുക. നിയമവ്യവസ്ഥയില്‍ ഇത്രമാത്രം വിശ്വാസമുള്ളവരാണെങ്കില്‍ പ്രവീണ്‍ തൊഗാഡിയ എന്തുകൊണ്ടാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാത്തത്...? ചൊവ്വാഴ്ചയാണ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചത്. 2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വിഎച്ച്പി സംസ്ഥാന സമ്മേളനത്തില്‍ തൊഗാഡിയ നടത്തിയ ഉദ്ഘാടന പ്രസംഗമാണ് കേസിന് ആധാരം. മതവിദ്വേഷ പ്രസംഗമെന്ന് പോലീസ് കുറ്റപത്രം കൊടുത്ത കേസില്‍ 23 സാക്ഷികളുണ്ട്.

തൊഗാഡിയ ഹാജരാകാത്തതിനാല്‍ കോടതി പലവട്ടം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തൊഗാഡിയയെ കണ്ടുകിട്ടിയില്ലെന്ന് കോടതിയില്‍ പറഞ്ഞ് പോലീസ് അവധി നീട്ടിവാങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അവസാനം ‘ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവിനെ കണ്ടുകിട്ടുന്നില്ലെന്നോ..?’ എന്ന് കോടതി പൊട്ടിത്തെറിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഹോസ്​ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ 23ന് ഹാജരായി വിശദീകരണം നല്‍കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്​. ഡല്‍ഹിയില്‍ പിടികൂടിയവരെപ്പറ്റി പോലീസ് അന്വേഷിക്കട്ടെയെന്നും സത്യം കണ്ടെത്തട്ടെയെന്നുമൊക്കെ തട്ടിവിടാന്‍ പരിവാര്‍ സംഘടനാ നേതാക്കള്‍ അര്‍ഹതയുള്ളവര്‍ തന്നെയെന്നതിന് ഇതിലും മികച്ച തെളിവു വേണ്ടല്ലോ. നിയമവ്യവസ്ഥയോട് തൊഗാഡിയക്കില്ലാത്ത ബഹുമാനമാണോ ഓരോ ദിവസമെന്നോണം പൊട്ടിമുളയ്ക്കുന്ന കാവിസേനകളിലെ അക്രമികള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്..?

ഇവിടെ ഒറ്റ പ്രതിയേ ഉള്ളൂ. കേന്ദ്രസര്‍ക്കാർ. ഏതു പ്രതികരണത്തെയും ദേശസ്‌നേഹത്തി​​​​​​​​െൻറയ​ും ദേശദ്രോഹത്തി​​​​​​​​െൻറയ​ും മാത്രം കണ്ണിലൂടെ ആര്‍ക്കും അതിവേഗം നിര്‍വചിക്കാന്‍ കഴിയുന്ന നിലയിലാക്കിയ മോദി ഭരണകൂടം. രാഷ്ട്രീയ കാഴ്ചപ്പാടുകളെ അത്രമാത്രം സങ്കുചിതമാക്കിത്തീര്‍ത്ത മൂന്നുവര്‍ഷം. ‘‘Where there was relative calm, as in Kashmir, there is growing confrontation. Where there was economic potential, there is stagnation. Where there was rich in diversity, there is a brazen campaign to strait-jacket the whole country into a regressive and narrow world view..’’ ഏഴ് മാസത്തെ ഉദാസീനതക്കു ശേഷമാണെങ്കിലും ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുഴങ്ങിയ സോണിയാ ഗാന്ധിയുടെ വാക്കുകളാണിത്. ജനാധിപത്യം എത്ര വ്യാപ്തിയില്‍ വളര്‍ന്നു നിന്നതാണെങ്കിലും നിമിഷാര്‍ധം മതി അതിന് ഒരു മുകുളത്തോളം ചെറുതാകാന്‍ എന്നു തെളിയിക്കുന്ന വലിയ വാക്കുകൾ. യെച്ചൂരിക്കു പിന്നില്‍ മുഴങ്ങിയ മൂര്‍ദാബാദ് അതിന്റെ ഒടുവിലത്തെ സൂചനയാണ്.
#യെച്ചൂരിക്കൊപ്പം

Tags:    
News Summary - Yechury attack issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.