അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഈ അവസാന മണിക്കൂറുകളില്‍ ആരു ജയിക്കും എന്നതിനെക്കാള്‍ ഒരു രാഷ്ട്രം എന്നനിലയില്‍ പരാജയപ്പെട്ട ആ ജനതയുടെ നിസ്സഹായതയും നിസ്സംഗതയും അവരെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന ആശങ്കക്കാണ് കൂടുതല്‍ സാംഗത്യമുള്ളത്. നിരവധി വോട്ടര്‍ സര്‍വേകളില്‍ തെളിഞ്ഞുകണ്ട ഒരു കാര്യം റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെയും അമേരിക്കയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ തികച്ചും അനഭിമതരായി കരുതുന്നു എന്നതാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രത്തിലൊന്നും ഇത്ര ഹതാശമായ ഒരു സ്ഥിതിവിശേഷം അവിടത്തെ ജനങ്ങള്‍ നേരിട്ടിട്ടില്ല. ഒരു സ്ത്രീ ആദ്യമായി പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിത്വം നേടുകയും അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തിനു തൊട്ടടുത്ത് എത്തുകയും ചെയ്യുന്ന സാഹചര്യം അതിന്‍െറ അടിസ്ഥാനത്തിലുള്ള ഒരു ആവേശം സൃഷ്ടിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യമായി ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ഈ സാധ്യതയിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ ഉണ്ടായ സവിശേഷമായ രാഷ്ട്രീയോര്‍ജംപോലൊന്ന് ഇക്കാര്യത്തിലും സംഭവിക്കേണ്ടതായിരുന്നു. വലിയൊരു രാഷ്ട്രീയ-സാംസ്കാരിക മുന്നണിയായി ഒബാമക്കു പിന്നില്‍ യുവാക്കളും സ്ത്രീകളും ഏഷ്യന്‍-ആഫ്രിക്കന്‍-ഹിസ്പാനിക് വംശജരും അണിനിരന്നത് നാം കണ്ടതാണ്. രണ്ടുതവണ ആ മുന്നണി ഒബാമയെ പ്രസിഡന്‍റ് സ്ഥാനത്തത്തെിച്ചു.    

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പൊതുവേ ലോകത്തിലെ ഉല്‍പതിഷ്ണുക്കള്‍ ഡെമോക്രാറ്റിക് വിജയമാണ് അഭികാമ്യമായി കരുതാറുള്ളത്. ഇതിനുള്ള കാരണം അമേരിക്കയുടെ വിദേശനയങ്ങളില്‍ അത് വലിയ മാറ്റങ്ങളുണ്ടാക്കും എന്നതല്ല. ഡെമോക്രാറ്റിക് പ്രസിഡന്‍റുമാരുടെ കാലത്തും അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങളിലും ലോകപൊലീസ് കളികളിലും ഒരു വ്യത്യാസവും കണ്ടിട്ടില്ല. അല്‍പമെങ്കിലും വ്യത്യാസമുള്ളത് ആഭ്യന്തരനയങ്ങളിലാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി  പൊതുവില്‍ സ്വീകരിക്കാറുള്ളത് അങ്ങേയറ്റം പിന്തിരിപ്പനായ സാമ്പത്തിക-സാംസ്കാരിക നയങ്ങള്‍ ആണെങ്കില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റുമാര്‍ സാമൂഹികമായ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും  വര്‍ണവിദ്വേഷത്തിനും ഒക്കെ എതിരെ നാമമാത്രമെങ്കിലുമായ നിലപാടുകള്‍ കൈക്കൊള്ളാറുണ്ട് എന്നതാണ് കണ്ടുവരുന്നത്. ഇതാണ് അവിടത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതകളെ  ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക്  വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരിമിതമായ ഈ ആഭ്യന്തരനയങ്ങള്‍ പോലും ഒരു കാലത്തും ലോകവേദികളില്‍ അമേരിക്ക എടുക്കാറുള്ള ജനാധിപത്യവിരുദ്ധമായ നിലപാടുകളെ ഗുണപരമായി സ്വാധീനിച്ചിട്ടില്ല. യുദ്ധങ്ങളും അരക്ഷിതാവസ്ഥയും അസ്ഥിരതയും ഇതരപ്രദേശങ്ങളില്‍ സൃഷ്ടിച്ച് ലോക വന്‍ശക്തികള്‍ അതില്‍നിന്ന് മുതലെടുത്തിരുന്ന ശീതയുദ്ധകാലത്തെ രാഷ്ട്രീയപാരമ്പര്യം സോവിയറ്റ് യൂനിയന്‍െറ പതനത്തിനുശേഷവും നിര്‍ബാധം തുടരുകയാണ് അമേരിക്ക ചെയ്യുന്നത്.  

എന്നാല്‍, ഈ തെരഞ്ഞെടുപ്പ് കൂടുതല്‍ ശ്രദ്ധേയമായത് ഡൊണാള്‍ഡ് ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വംകൊണ്ടാണ്. അമേരിക്കന്‍ മുതലാളിത്തത്തിന്‍െറ എല്ലാ ജീര്‍ണതകളുടെയും ജീവിക്കുന്ന പ്രതിനിധിയാണ് ട്രംപ് എന്ന് അദ്ദേഹത്തിന്‍െറ ജീവചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവും. കടുത്ത ആദര്‍ശനാട്യമുള്ള രാഷ്ട്രീയമാണ് അമേരിക്കയിലേത്. പൊതുജീവിതത്തില്‍ കളങ്കമേശാത്ത വ്യക്തിത്വങ്ങളാണ് വേണ്ടതെന്നും അത്തരക്കാരെ മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ എന്നുമുള്ള പൊതുവിചാരം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ വിജയിച്ചിട്ടുള്ള പ്രദേശമാണ് അമേരിക്ക. എന്നാല്‍, സാമര്‍ഥ്യമുള്ളവര്‍ക്ക്  നിഷ്പ്രയാസം അത്തരം പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ കഴിയാറുണ്ട് എന്നാണു കണ്ടുവരുന്നത്. ട്രംപാവട്ടെ, താന്‍ ആ മാനദണ്ഡത്തിന് അതീതനാണെന്ന ധാരണ ഉണ്ടാക്കുകയും സ്വന്തം വീഴ്ചകളെയും അധാര്‍മികതകളെയും വ്യക്തിവൈശിഷ്ട്യമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്താണ് സ്ഥാനാര്‍ഥിത്വം നേടിയെടുത്തതുതന്നെ. തന്‍െറ നികുതിവെട്ടിപ്പുപോലും വ്യവസ്ഥയുടെ പഴുതുകളെ മറികടക്കാനുള്ള കഴിവാണ് കാണിക്കുന്നത് എന്ന് നിര്‍ലജ്ജം പറയുന്ന ഒരാള്‍ ശക്തനായ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി കടന്നുവരുന്നത് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യസംഭവമാകാം. തികഞ്ഞ സ്ത്രീവിരുദ്ധതയും സ്ത്രീവിദ്വേഷവും മറയില്ലാത്ത വര്‍ണവെറിയും ഇസ്ലാം വിരുദ്ധതയും ഏഷ്യന്‍-ആഫ്രിക്കന്‍-ഹിസ്പാനിക് കുടിയേറ്റക്കാരോടുള്ള അങ്ങേയറ്റത്തെ അസഹിഷ്ണുതയും പുച്ഛവും പ്രതിലോമപരവും പിന്തിരിപ്പനുമായ സാമ്പത്തിക നിലപാടുകളും നയങ്ങളും തുടങ്ങി അമേരിക്കയിലെ വലതുപക്ഷ പുരുഷാധിപത്യ യാഥാസ്ഥിതികത്വത്തിന്‍െറ മാത്രം മുഖമുദ്രയായി കണ്ടിരുന്ന സമീപനങ്ങള്‍ സ്വന്തം പ്രത്യയശാസ്ത്രമായി പരസ്യമായി സ്വീകരിച്ചാണ് ട്രംപ് പ്രചാരണം തുടങ്ങിയതും ഇന്നുകാണുന്ന തരത്തിലുള്ള ജനപിന്തുണ നേടിയെടുത്തതും. അമേരിക്കയിലെ യാഥാസ്ഥിതിക രാഷ്ട്രീയം കൊതിച്ചിരുന്ന സ്ഥാനാര്‍ഥിയാണ് ട്രംപ് എന്നാണു മനസ്സിലാവുന്നത്. ആ പിന്തിരിപ്പന്‍ നിയോജക മണ്ഡലമാവട്ടെ, പുറമേ വിചാരിച്ചിരുന്നതിനെക്കാള്‍ വളരെ വലുതാണെന്നും മനസ്സിലാവുകയാണ്. ട്രംപിന്‍െറ സാമ്പത്തിക കുറ്റകൃത്യങ്ങളോ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള  ആരോപണങ്ങളോ ഒന്നും അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വത്തെ ഉലച്ചില്ല എന്നത് അമേരിക്കന്‍ വെള്ളക്കാര്‍ക്കിടയിലെ നവ വംശാധിപത്യബോധം അതിന്‍െറ എല്ലാ പരമ്പരാഗത സംയമനങ്ങളും ഉപേക്ഷിക്കുന്നു എന്നതിന്‍െറകൂടി സൂചനയാണ്.   

ഹിലരി ക്ളിന്‍റന്‍ താരതമ്യേന എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ മാനസപുത്രിയാണ് എന്നത് മാത്രമല്ല, ട്രംപിനെയും സാറാ പെയ്ലിനെയും ഒക്കെപ്പോലുള്ള വംശാധിപത്യമനസ്സുള്ള രാഷ്ട്രീയനേതാക്കളുടെ ഉദയത്തിനു പിന്നില്‍. അമേരിക്കയുടെ സാംസ്കാരിക മനസ്സ് കൂടുതല്‍ പ്രതിലോമകരമാവുന്നു, ഇസ്ലാംഭീതിയുടെയും വെള്ളക്കാരന്‍െറ സാംസ്കാരികാധീശത്വബോധത്തിന്‍െറയും പ്രത്യയശാസ്ത്രം കൂടുതല്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഈ ജനപ്രീതി കാട്ടിത്തരുന്നത്. അമേരിക്കയിലെ ഒരു സ്കൂള്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ ട്രംപ് അനുകൂലവും ഇസ്ലാംവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയപ്പോള്‍ തെരഞ്ഞെടുപ്പുതന്നെ നിര്‍ത്തിവെക്കേണ്ടിവന്നത് വാര്‍ത്തയായിരുന്നു. അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലും ഇതേ രാഷ്ട്രീയം തന്നെയാണ് ശക്തിപ്പെടുന്നത്. ബ്രിട്ടനിലെ ബ്രെക്സിറ്റ് ഫലം അതിന്‍െറ വ്യക്തമായ സൂചനയായിരുന്നു. അത്തരത്തിലുള്ള ഒരു വലതുപക്ഷ യാഥാസ്ഥിതിക ക്രോഡീകരണം ട്രംപിനെ വിജയത്തിലത്തെിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

വ്യക്തിപരമായി ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഹിലരി ക്ളിന്‍റന്‍ വിജയിക്കുമെന്നാണ്. ഒബാമയെ വിജയത്തിലേക്ക് നയിച്ച രാഷ്ട്രീയസഖ്യത്തിന്‍െറ ശക്തി പൂര്‍ണമായും ചോര്‍ന്നുപോയിട്ടില്ല. എന്നാല്‍, ആ രാഷ്ട്രീയത്തെ അപ്രസക്തമാക്കുന്ന അടിയൊഴുക്കുകള്‍ ഉണ്ടാവുന്നുവെന്നത് കാണാതിരിക്കാനാവില്ല. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പുവരുത്താനും റഷ്യ ശ്രമിക്കുന്നു എന്ന ആരോപണം നിസ്സാരമായി തള്ളിക്കളയാനാവില്ല. ഹിലരി ക്ളിന്‍റന്‍െറ ഇ-മെയിലുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീളുന്നത് റഷ്യയിലേക്കാണ്. റഷ്യന്‍ നേതാവ് പുടിന്‍ ട്രംപിനെയാണ് പിന്തുണക്കുന്നത്. ആഗോള രാഷ്ട്രീയം സങ്കീര്‍ണമാണ്. ആഗോള അമേരിക്കന്‍ ഡിജിറ്റല്‍ ചാരവൃത്തികളെക്കുറിച്ചുള്ള നിര്‍ണായക രഹസ്യങ്ങള്‍- ആഗോള ടെലികമ്യൂണിക്കേഷന്‍ കുത്തകകളുമായി ചേര്‍ന്നുള്ള നാസയുടെ ഇടപെടലുകള്‍  അടക്കം- പുറത്തുവിട്ട എഡ്വേഡ് സ്നോഡന്  റഷ്യ രാഷ്ട്രീയാഭയം നല്‍കികയതിനെ നാം അഭിനന്ദിക്കുമ്പോള്‍, റഷ്യ അതില്‍ കാണുന്നത് തുച്ഛമായ ഒരു നയതന്ത്രവിജയം മാത്രമാണ് എന്നത് വിസ്മരിച്ചിട്ടും കാര്യമില്ല. ജൂലിയന്‍ അസാന്‍ജിന്‍െറ വിക്കിലീക്സ് അമേരിക്കന്‍ ഇടപെടലുകളെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിട്ടു കോളിളക്കം സൃഷ്ടിച്ച സ്ഥാപനമാണ്. അദ്ദേഹമിപ്പോള്‍ അമേരിക്ക സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നിയമക്കുരുക്കുകളുടെ ഫലമായി ഇംഗ്ളണ്ടിലെ എക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയാണ്. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ വിക്കിലീക്സ് നിരന്തരം ലക്ഷ്യംവെച്ചത് ഹിലരി ക്ളിന്‍റനെ മാത്രമാണ്. ഇതിനു പിന്നിലും റഷ്യയുടെ പഴയ സോവിയറ്റ് യൂനിയന്‍ കാലത്തെ വൈറ്റ്-റഷ്യന്‍ സാമ്രാജ്യത്വ അജണ്ടകള്‍ പുറത്തെടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കാന്‍ ന്യായങ്ങളുണ്ട്.

ആരു വിജയിക്കും എന്ന് ഇപ്പോഴും വ്യക്തമായി പറയാന്‍ കഴിയാത്ത ഈ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വിശകലനങ്ങളില്‍ ഏറ്റവും ഒടുവില്‍ കേട്ടത് മാര്‍ക്സിസ്റ്റ് -പോസ്റ്റ് മോഡേണ്‍ ചിന്തകനായ സ്ലാവോക് സിസേക്കിന്‍െറ വിലയിരുത്തലായിരുന്നു. അദ്ദേഹം പറയുന്നത് വലതുപക്ഷക്കാരനായ ട്രംപ് വിജയിക്കണം എന്നാണ്. ഇതിലെ ‘വൈരുധ്യാത്മകത’ രസകരമാണ്. ട്രംപ് ജയിച്ചാല്‍ അദ്ദേഹത്തിന് അമേരിക്കയെ ഒരു ഫാഷിസ്റ്റ് രാഷ്ട്രമായി മാറ്റാന്‍ കഴിയില്ല. മറുവശത്ത്, ആ വിജയം വലിയ രാഷ്ട്രീയ ഉണര്‍വിന് കാരണമാവുകയും ചെയ്യും. ഇംഗ്ളണ്ടില്‍ ബ്രെക്സിറ്റിന്‍െറ വിജയത്തിനുശേഷം അത്തരമൊരു ഉണര്‍വുണ്ടായില്ല എന്ന യാഥാര്‍ഥ്യം  നമ്മുടെ മുന്നിലുണ്ട്. ഈ  സമീപകാല ഉദാഹരണത്തെക്കാള്‍ ഫാഷിസത്തെ ഇപ്പോഴും എത്ര ലാഘവത്തോടെയാണ് പല മാര്‍ക്സിസ്റ്റ് ചിന്തകരും കാണുന്നത് എന്ന നടുക്കമാണ് ഈ വിചാരം നമുക്ക് നല്‍കുന്നത്. ട്രംപ് വിജയിച്ചാലും ക്ളിന്‍റന്‍ വിജയിച്ചാലും അമേരിക്കയുടെ സാമ്രാജ്യത്വനയങ്ങള്‍ മാറില്ല. പക്ഷേ, ഒരു ട്രംപ് വിജയം ഇപ്പോഴത്തെ ആഗോള ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് നല്‍കുന്ന ഉന്മാദവും കരുത്തും ചെറുതായിരിക്കില്ല എന്നതും നാം വിസ്മരിച്ചുകൂടാ.

Tags:    
News Summary - us presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.