തു​ർ​ക്കി പു​തി​യ അ​ധ്യാ​യ​ത്തി​ലേ​ക്ക്​

പാർലമ​െൻററി ക്രമത്തിൽ നിന്ന് പ്രസിഡൻഷ്യൽ ഭരണവ്യവസ്ഥയിലേക്ക് മാറാനുള്ള ഭരണകൂടത്തി​െൻറ നീക്കത്തിന് ജനകീയാംഗീകാരം തേടുന്ന ഹിതപരിശോധന തുർക്കിയിൽ ഏപ്രിൽ 16ന് നടക്കും. ജനങ്ങൾ അനുകൂല വോട്ട് നൽകുമെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന. കുറഞ്ഞപക്ഷം 52 ശതമാനം വോട്ടുകളെങ്കിലും നേടാനാകുമെന്ന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും കണക്കുകൂട്ടുന്നു. അതേസമയം, അധികാരം അമിതമായി ഒരു വ്യക്തിയിൽ (പ്രസിഡൻറിൽ) കേന്ദ്രീകരിക്കാൻ ഇടയാക്കുന്ന പ്രസിഡൻഷ്യൽ ഭരണക്രമം വിപൽക്കരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക പങ്കിടുന്നുണ്ട് ജനങ്ങളിൽ ഒരു വിഭാഗം. എന്നാൽ, ക്ഷണത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും കാലവിളംബമില്ലാതെ അവ കാര്യക്ഷമമായി നടപ്പാക്കാനും പ്രസിഡൻറിന് വിപുലതോതിലുള്ള അധികാരം അനുപേക്ഷ്യമാണെന്ന വാദം ഉയർത്തി ഉർദുഗാൻ വിമർശകരെ നേരിടുന്നു. സദാ തർക്കവിതർക്കങ്ങൾ നടത്തുന്ന പാർലമ​െൻറും അന്തശ്ഛിദ്രതയുള്ള മുന്നണി-ഭരണ സംവിധാനങ്ങളും രാജ്യത്തി​െൻറ വികസനപദ്ധതികൾ വൈകിപ്പിക്കാനും വളർച്ച മുരടിപ്പിക്കാനും കാരണക്കാരായി മാറുന്നുവെന്ന വസ്തുതയിലേക്കും ഉർദുഗാൻ ജനങ്ങളുടെ ശ്രദ്ധ ഉണർത്തിക്കൊണ്ടിരിക്കുന്നു.

പാർലമ​െൻററി വ്യവസ്ഥക്ക് വേണ്ടത്ര ചടുലതയും ചൈതന്യവും ഇല്ലെന്നത് സർവാംഗീകൃത യാഥാർഥ്യംതന്നെ. കാരണം, അഭിപ്രായസമവായം എന്ന സിദ്ധാന്തത്തിലാണ് പാർലമ​െൻററി വ്യവസ്ഥയുടെ തൂണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചർച്ചയുടെയും സംവാദങ്ങളുടെയും സുദീർഘമായ കടമ്പകൾ താണ്ടിയ ശേഷമേ നമുക്ക് അഭിപ്രായസമവായം എന്ന അന്തിമലക്ഷ്യം പ്രാപിക്കാനാകൂ. ഇത്തരം സമവായങ്ങൾക്ക് രാജ്യത്തെ എല്ലാ തട്ടിലുമുള്ള ജനവികാരങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താനാകും എന്നത് പാർലമ​െൻററി രീതിയുടെ സുപ്രധാന വൈശിഷ്ട്യമായി എണ്ണാം. തുർക്കിയെേപ്പാലെ ഉൗർജസ്വലമായ ജനാധിപത്യവും ബഹുസ്വരതയും നിലനിൽക്കുന്ന രാജ്യങ്ങളിൽ അത്തരം രീതി ചിരപ്രസക്തമാണ്. ഭൂരിപക്ഷാഭിപ്രായം അടിച്ചേൽപിക്കുന്ന രീതിയോട് തുർക്കി ജനതക്ക് വേണ്ടത്ര മതിപ്പില്ല. ആഗോളതലത്തിൽ സമഗ്രാധിപത്യ പ്രവണതകൾ വ്യാപകമായ സാഹചര്യത്തിൽ വിശേഷിച്ചും തുർക്കി ജനത തങ്ങളുടെ അമർഷം മൂടിവെക്കാൻ തയാറാകില്ല. ജനങ്ങളുടെ മത, വംശീയ, ദേശീയ വികാരങ്ങൾ മുതലെടുത്തും സാമ്പത്തിക ഉത്കണ്ഠകളും നൈരാശ്യങ്ങളും ചൂഷണം ചെയ്തുമാണ് യുദ്ധപ്രിയരായ പല പോപുലിസ്റ്റ് നേതാക്കളും ജനപ്രീണന രാഷ്ട്രീയം കളിച്ച് വിവിധരാജ്യങ്ങളിൽ മാൻഡേറ്റ് നേടിക്കൊണ്ടിരിക്കുന്നത്.

1998 ഒക്ടോബറിലായിരുന്നു ഇന്ത്യൻ സ്ഥാനപതിയായി ഞാൻ തുർക്കിയിൽ എത്തിച്ചേർന്നത്. കശ്മീർ വിഷയത്തിൽ തുർക്കി അധികൃതരുടെ പാകിസ്താൻ അനുകൂല സമീപനത്തിൽ മാറ്റമുണ്ടാക്കുക എന്നതായിരുന്നു താങ്കളുടെ മുഖ്യ ചുമതലയെന്ന് വിദേശകാര്യ സെക്രട്ടറി കെ. രഘുനാഥ് എന്നെ ഒാർമിപ്പിച്ചിരുന്നു.
രഘുനാഥ് ഒാർമിപ്പിച്ച ആ ദൗത്യം ആരംഭിക്കാൻ അംബാസഡറായി ചുമതലയേൽക്കാനെത്തിയ പ്രഥമ ദിവസംതന്നെ എനിക്ക് അവസരം ലഭിച്ചു. ഇന്ത്യൻ പ്രസിഡൻറിൽനിന്നുള്ള കത്തും ചുമതലപത്രങ്ങളും ഞാൻ തുർക്കി  പ്രസിഡൻറ് സുലൈമാൻ ദമിറേലിന് കൈമാറി. അംബാസഡർമാർക്ക് നൽകുന്ന വരവേൽപും വിരുന്നും ഗംഭീരമായി സമാപിച്ചു. ആ പതിവുകൾ അവസാനിച്ചപ്പോൾ പ്രസിഡൻറ് ദമിറേൽ ചില വിമർശനങ്ങൾകൂടി അവതരിപ്പിച്ചു. ജമ്മു-കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലായിരുന്നു അദ്ദേഹത്തി​െൻറ രോഷപ്രകടനം. മുസ്ലിം രാജ്യങ്ങളിലൊന്നടങ്കം ഇക്കാര്യത്തിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ചുവരുന്നതായും അദ്ദേഹം എന്നെ അറിയിച്ചു.

പക്ഷേ, ദമിറേലിനെ വ്യക്തിപരമായി അടുത്തറിയാൻ അവസരമുണ്ടായി. കേരളത്തിൽനിന്ന് എത്താറുള്ള കശുവണ്ടിപ്പരിപ്പ് തുർക്കി പ്രസിഡൻറി​െൻറ ഇഷ്ട വിഭവമാണെന്ന യാഥാർഥ്യവും എനിക്ക് ഗ്രഹിക്കാൻ സാധിച്ചു. അദ്ദേഹത്തി​െൻറ ആ ദൗർബല്യം എ​െൻറ സന്ദർശനവേളകളിൽ മുതലെടുക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങൾ. രാഷ്ട്രീയകാര്യത്തിൽ സുലൈമാൻ ദമിറേൽ തികഞ്ഞ മതേതര ചിന്താഗതിക്കാരനായിരുന്നു. എന്നാൽ, മധ്യ അനാതോലിയയിലെ ഇസ്ലാമികവിശ്വാസ പ്രബുദ്ധതക്ക് പേരുകേട്ട മേഖലക്കാരനായ അദ്ദേഹം മതവിശ്വാസി ആയിതന്നെ നിലകൊണ്ടു. ഇത്തരം വിരുദ്ധോക്തികളുടെ നാടാണ് തുർക്കി.
പാശ്ചാത്യ ജ്ഞാനോദയ കാലത്തെ ആശയങ്ങൾ സാംസ്കാരിക ജീവിതത്തിൽ പ്രകടമായി കാണാമെങ്കിലും തുർക്കി ജനതയിൽ ഭൂരിപക്ഷവും ഇസ്ലാമിക പ്രമാണങ്ങളിൽ വിശ്വാസമർപ്പിക്കുന്നു. മതനിരപേക്ഷതക്ക് എതിരാണ് മതവിശ്വാസം എന്ന സാമാന്യവത്കരണം തെറ്റാണെന്ന് തുർക്കിയിലെ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കാതിരിക്കില്ല. തുർക്കി പൗരൻ ഒരേസമയം മതവിശ്വാസിയും മതേതരത്വത്തിനുവേണ്ടി വാദിക്കുന്നവനുമായിരിക്കും. തുർക്കി ഉയർത്തിപ്പിടിക്കുന്ന വിസ്മയകരമായ ഇൗ മതേതരത്വത്തി​െൻറ കൗതുകാനുഭവം എനിക്ക് മറ്റൊരു സന്ദർഭത്തിലും വെളിപ്പെടുകയുണ്ടായി.

അന്നത്തെ തുർക്കി പ്രധാനമന്ത്രി ബുലന്ദ് അജാവീദി​െൻറ പ്രിൻസിപ്പൽ സെക്രട്ടറി ഒർതുഗൽ ജിർഗാനുമായി ഉറ്റ സൗഹൃദം സ്ഥാപിക്കാൻ എനിക്ക് സാധിച്ചു. അങ്കാറയിലെ നയതന്ത്രകാര്യാലയത്തിൽ അദ്ദേഹവും ഭാര്യയും പതിവു സന്ദർശകരായിരുന്നു. പാരിസിലെ സോബോൺ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയ വ്യക്തിയാണ് ഒർതുഗൽ. ഒർതുഗൽ കമാലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. ആധുനിക തുർക്കിയുടെ പിതാവായ കമാൽ, അത്താതുർക്കി​െൻറ അനുയായി. ഹജ്ജ് തീർഥാടകർക്ക് മതേതര രാജ്യമായ ഇന്ത്യ സബ്സിഡി നൽകുന്നത് എന്തുകൊണ്ടെന്നായിരുന്നു ഒരിക്കൽ എ​െൻറ മുന്നിൽ ഉന്നയിച്ച ഒരു സംശയം. ആ വൈരുധ്യം എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്നതിനിടെ അത്തരം നിരവധി വൈരുധ്യങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഞാൻ വിശദീകരിച്ചു. മേതതര ചിന്താഗതിക്കാരനായിരിക്കെതന്നെ മതവിശ്വാസം പുലർത്തുകയും വ്യക്തികളുടെ ജീവിതത്തിൽ രാഷ്ട്രം ഇടപെടേണ്ടതില്ലെന്ന് കരുതുകയും പെരുന്നാളിന് ബലിയറുത്ത് മാംസം ദരിദ്രജനങ്ങൾക്കിടയിൽ വിതരണം ചെയ്തുവരുകയും ചെയ്യുന്ന വ്യക്തിയാണ് ഒർതുഗൽ.

തുർക്കിയുടെ കശ്മീർ നയത്തിൽ മാറ്റമുണ്ടാക്കാനുള്ള പരിശ്രമങ്ങൾക്കൊടുവിൽ ഞാൻ ഇസ്ലാമിസ്റ്റ് നേതാവ് അബ്ദുല്ല ഗുലുമായും ബന്ധപ്പെട്ടു (പിന്നീട് അദ്ദേഹം പ്രസിഡൻറും പ്രധാനമന്ത്രിയുമായി). എന്നോട് അതി ഹൃദ്യമായാണ് ഗുൽ പെരുമാറിയത്. ഒരു ഇന്ത്യൻ സ്ഥാനപതി തന്നെ സന്ദർശിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ച എനിക്ക് അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ ഇന്തോ-തുർക്കി പാർലമ​െൻററി ഗ്രൂപ്പിന് രൂപം നൽകാനും സാധ്യമായി.

ഒർതുഗൽ ഒരിക്കൽ എന്നെ പ്രധാനമന്ത്രി അജാവീദി​െൻറ ഒാഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴാണ് വിസ്മയകരമായ ഒരു വിവരം എനിക്ക് ബോധ്യമായത്. സാഹിത്യതൽപരനായ അജാവീദ് വർഷങ്ങൾക്ക് മുേമ്പ ഗീതാഞ്ജലിയും ഭഗവദ്ഗീതയും തുർക്കിഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു. എന്നാൽ, ആ പരിഭാഷാ കൃതികൾ പുസ്തകശാലകളിൽ തീർന്നു പോയിരിക്കുകയാണ് (ന്യൂഡൽഹിയിൽ പോലും അന്ന് ഇത്തരമൊരു വിവരം ലഭ്യമല്ല). പരിഭാഷകൾ വീണ്ടും അച്ചടിപ്പിക്കുന്ന ദൗത്യം ഞാൻ ഏറ്റെടുത്തു. വിസ്മയകരമായ ഇൗ വസ്തുതകൾ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ തൽക്ഷണം ധരിപ്പിക്കുകയും ചെയ്തു. തുടർന്നായിരുന്നു അജാവീദിനെ വാജ്പേയി ന്യൂഡൽഹിയിലേക്ക് ക്ഷണിച്ചത്.

സമഗ്രാധിപത്യത്തിലേക്ക് നീങ്ങാൻ ശ്രമിക്കുന്ന ഉർദുഗാൻ ജനപ്രീണന രാഷ്ട്രീയത്തി​െൻറ (Populism) തന്ത്രമാണ് തുർക്കിയിൽ പരീക്ഷിക്കുന്നത്. എന്നാൽ, പ്രത്യേക ആഖ്യാന കസർത്തിലൂടെ താൻ വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണെന്ന് അദ്ദേഹം സ്വയം സമർഥിക്കുന്നു. ത​െൻറ കൃത്രിമ ആഖ്യാനത്തിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കാൻ അദ്ദേഹം വികസന അജണ്ടകളെ അതിൽ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. ചരിത്രത്തെ തിരുത്തിയെഴുതി പാമരന്മാരായ സാധാരണ ജനങ്ങളെ പാട്ടിലാക്കാനും അദ്ദേഹം പരിശ്രമിക്കുന്നു. പഴയകാല മഹത്ത്വങ്ങൾ പുനരവതരിപ്പിച്ച് സ്കൂൾ പാഠപുസ്തകങ്ങൾ വരെ തിരുത്തിയെഴുതപ്പെടുകയാണ് തുർക്കിയിൽ. അപക്വമായ വാഗ്ദാനങ്ങളുടെയും ദേശീയതയുടെയും മിശ്രണത്തിലൂടെ ജനങ്ങളെ ആകർഷിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹമെന്ന് പറയാം. വാസ്തവത്തിൽ യുദ്ധതൽപരനായ ഇൗ ഉരുക്കുമനുഷ്യൻ സമഗ്രാധിപത്യത്തിന് പിറകേയുള്ള ഒാട്ടത്തിൽ ഒരു സ്വപ്നവ്യാപാരിയായി പരിണമിച്ചിരിക്കുന്നു.
(തുർക്കിയിലെ മുൻ ഇന്ത്യൻ അംബാസഡറാണ് ലേഖകൻ)

Tags:    
News Summary - turkey politics in new chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.