വടക്കൻ കൊറിയ: അവസാനത്തി​െൻറ ആരംഭം

ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും ശക്തമായ രാഷ്​ട്രീയ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു കമ്യൂണിസ്​റ്റ്​​-സോഷ്യലിസ്​റ്റ്​ ഭരണകൂടങ്ങള്‍. അവ ഒന്നൊന്നായി ആ നൂറ്റാണ്ടി​​​െൻറ അവസാനത്തോടെ നിലംപതിച്ചു. റഷ്യയിലും കിഴക്കൻ യൂറോപ്പിലും അത്തരം ഭരണകൂടങ്ങൾ മൂടോടെ പിഴുതെറിയപ്പെട്ടെങ്കിൽ ചൈനയും വിയറ്റ്നാമും ഒടുവിൽ ക്യൂബയും പോലുള്ള സ്ഥലങ്ങളിൽ ഭരണകൂടം അതിജീവിക്കുകയും സോഷ്യലിസ്​റ്റ്​ സാമൂഹികക്രമം വിപണികേന്ദ്രിതമായ നവലിബറൽ മുതലാളിത്തപ്പാതയിലേക്ക് വഴുതിനീങ്ങുകയും ചെയ്തു.

അവയെല്ലാം അമേരിക്കൻ സാമ്രാജ്യത്വവുമായി അതിവേഗം സന്ധിചെയ്യുകയും രാഷ്​ട്രീയമായും സാമ്പത്തികമായും ആഗോള മൂലധനവ്യവസ്ഥയുമായി സമ്പൂർണമായി ഉദ്ഗ്രഥിക്കപ്പെടുകയും ചെയ്തു. ഈ പ്രവണതക്ക്​ വഴങ്ങാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു വടക്കൻ കൊറിയ. ചൈനയുമായി പ്രത്യയശാസ്ത്രപരമായ ചങ്ങാത്തമുണ്ടായിരുന്നിട്ടും വിപണി സോഷ്യലിസമെന്ന് ചൈന വിളിക്കുന്ന സാമ്പത്തിക പരിഷ്​കരണങ്ങളോടുപോലും തീര്‍ത്തും നിഷേധാത്മക നിലപാടിൽ ഇൗ രാജ്യം ഉറച്ചുനില്‍ക്കുകയായിരുന്നു.

ചൈനയും ഒരർഥത്തിൽ തങ്ങളെ ഏതാണ്ട് പൂർണമായും ആശ്രയിച്ചുനില്‍ക്കുന്ന ഈ ഭരണകൂടത്തി​​​െൻറ ആഭ്യന്തരനയങ്ങളിൽ നേരിട്ട് കൈകടത്താതിരിക്കുകയും ഏഷ്യന്‍ മേഖലയിലെ തങ്ങളുടെ ശക്തിസാന്നിധ്യം വർധിപ്പിക്കുന്നതിനുള്ള കരുവായി അതിനെ ഉപയോഗിച്ചുപോരുകയും ആയിരുന്നു. എന്നാൽ, കൊറിയൻ ആയുധനിർമാണവും സൈനിക സന്നാഹങ്ങളും ദക്ഷിണ കൊറിയയുടെ ഉറക്കംകെടുത്തുന്നുവെന്ന സാഹചര്യത്തിൽ അവരുടെ സഖ്യരാഷ്​ട്രമായ അമേരിക്ക വടക്കൻ കൊറിയയെ നിയന്ത്രിക്കുകയെന്ന രാഷ്​ട്രീയദൗത്യം ഏറ്റെടുത്തതോടെ നിലവിലെ സ്ഥിതി തുടരുകയെന്നത് ചൈനക്കും വടക്കൻ കൊറിയക്കും അസാധ്യമായിത്തീരുകയായിരുന്നു.

ട്രംപ്​-കിം ഉച്ചകോടിക്കുശേഷം ആദ്യം വന്ന പ്രസ്താവനകൾ ട്രംപി​​​െൻറയും ചൈനീസ് ഭരണകൂട വക്താക്കളുടെയുമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇരുകൂട്ടരും തല്‍ക്ഷണം ഉച്ചകോടി ഒരു വലിയ വിജയമായിരുന്നുവെന്ന് വിശേഷിപ്പിച്ചു. അവരുടെ തിരക്കഥ അനുസരിച്ച് നടന്ന സമ്മേളനം അവർ വലിയ വിജയമായി കാണുന്നു എന്നതാണു പരമാർഥം. വടക്കൻ കൊറിയ ഇപ്പോഴും വായ തുറന്നിട്ടില്ല.

മൂന്നു കാരണങ്ങളാണ് പ്രധാനമായും ട്രംപ്​-കിം ഉച്ചകോടിയിലേക്ക് നയിച്ചത്. ഏറ്റവും പ്രധാനം കിഴക്കനേഷ്യൻ മേഖലയിലെ സിനോ-അമേരിക്കൻ രാഷ്​ട്രീയ-സൈനിക താൽപര്യങ്ങളാണ്. ചൈനയെ പഴയ സോവിയറ്റ് യൂനിയ​​​െൻറ അത്രയും വലിയ ഒരു ഭീഷണിയായി അമേരിക്ക കണക്കാക്കുന്നില്ലെങ്കിലും സായുധമായി ഒരു വന്‍ശക്തിയായി ആ രാജ്യം മാറിയിരിക്കുന്നുവെന്ന വസ്തുത അമേരിക്കൻ സാമ്രാജ്യത്വം ഉള്‍ക്കൊണ്ടുകഴിഞ്ഞിട്ടുണ്ട്. എന്നാൽ, ചൈനീസ് ഇടപെടലുകൾ കൂടുതലും ഏഷ്യൻ മേഖലയിലാണ് എന്നതും ഏഷ്യക്കു പുറത്ത്, ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ പ്രദേശങ്ങളിലെ ചൈനീസ് താൽപര്യങ്ങൾ കേവലം സാമ്പത്തികം മാത്രമാണെന്നും അമേരിക്ക മനസ്സിലാക്കുന്നു.

തന്നെയുമല്ല, രാഷ്​ട്രീയമോ സാമ്പത്തികമോ ആയ ചൈനീസ്-അമേരിക്കൻ വൈരുധ്യങ്ങൾ ശീതയുദ്ധകാലത്തെപ്പോലെ സങ്കീർണമാകരുതെന്ന് ഇരുകൂട്ടരും കരുതുന്നുമുണ്ട്. ചൈനയുടെ ആശ്രിതരാജ്യമായ വടക്കൻ കൊറിയ അമേരിക്കക്കു മുഖംതിരിഞ്ഞു നില്‍ക്കുന്നത് ചൈനയുടെ പിന്‍ബലത്തിലാണ് എന്നത് രഹസ്യമല്ല. അതുകൊണ്ടുതന്നെ കൊറിയയുടെ കാര്യത്തില്‍ ‘തിന്മയുടെ അച്ചുതണ്ട്’ എന്ന് പണ്ട് ബുഷ്‌ വിശേഷിപ്പിച്ച രാജ്യങ്ങളില്‍പെടുന്നതാണെങ്കിലും ചൈനയുടെ സമ്മതമില്ലാതെ പശ്ചിമേഷ്യയിലെയോ ലാറ്റിനമേരിക്കയിലെയോ രാജ്യങ്ങളിൽ നേരിട്ട് ഇടപെടുന്നതുപോലെ വടക്കൻ കൊറിയയിൽ അമേരിക്കക്ക് ഇടപെടാൻ കഴിയില്ല. ചൈനയുടെ സമ്മതമില്ലാതെ വടക്കൻ കൊറിയയും സ്വന്തം ആണവശേഷിയടക്കമുള്ള  സൈനികശക്തി ഉപയോഗിക്കും എന്നു കരുതാനാവില്ല.

സഖ്യരാഷ്​ട്രമായ ദക്ഷിണ കൊറിയയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കാൻ അമേരിക്കക്കും കഴിയില്ല. ഈ സവിശേഷ ചരിത്രസാഹചര്യം ചെറുതല്ലാത്ത രീതിയിൽ സമാധാനപൂർണമായ ഒരു തീര്‍പ്പ് കൊറിയൻ പ്രശ്നത്തിൽ ഉണ്ടാവണം എന്ന നിലപാടിലേക്ക് അമേരിക്കയെയും ചൈനയെയും നിര്‍ബന്ധിക്കുന്നുണ്ട്. 

രണ്ടാമത് വടക്കൻ കൊറിയയിലെ ചൈനീസ്-അമേരിക്കൻ വാണിജ്യ താൽപര്യങ്ങളാണ്. ഇപ്പോൾ ഏതാണ്ട് തൊണ്ണൂറു ശതമാനം വ്യാപാര ഇടപാടുകളും വടക്കൻ കൊറിയക്കുള്ളത് ചൈനയുമായി മാത്രമാണ്. വടക്കൻ കൊറിയയുടെ അടഞ്ഞ സാമ്പത്തിക വ്യവസ്ഥ മാത്രമാണ്​ ഇന്ന് ലോകത്തിൽ പ്രധാനമായും നവ ലിബറൽ മൂലധനത്തിനും ലോകവ്യാപാര സംഘടനക്കും വഴങ്ങാതെ നിലകൊള്ളുന്നത്‌. ചൈന ലോകവ്യാപാര സംഘടനയിലെ സ്ഥാപകാംഗമായിരുന്നു. എന്നാൽ‍, 1949ലെ വിപ്ലവത്തിനുശേഷം ചൈനീസ് ഭരണകൂടം ആദ്യം ചെയ്ത കാര്യങ്ങളിൽ ഒന്ന് ലോകവ്യാപാര സംഘടനയില്‍നിന്ന് പിന്മാറുകയായിരുന്നു. തൊണ്ണൂറുകളിൽ ഇൗ സംഘടനയിൽ തിരിച്ചുകയറുന്നതിനു ചൈന നടത്തിയ കഠിനാധ്വാനം കുപ്രസിദ്ധമാണ്.

അമേരിക്കയുടെയും യൂറോപ്യൻ യൂനിയ​​​െൻറയും ജപ്പാ​​​െൻറയും മുന്നിൽ മുട്ടിലിഴഞ്ഞാണ് ചൈന ലോകവ്യാപാര സംഘടനയിൽ തിരിച്ചുകയറിയത്. ഈ രാജ്യങ്ങളോടും കാനഡയോടും മെക്സികോയോടുംവരെ നിരവധി ഉഭയകക്ഷി ചര്‍ച്ചകൾ നടത്തിയും അവരുടെയൊക്കെ കനത്ത നിബന്ധനകള്‍ക്ക് വഴങ്ങിയുമാണ് ചൈന അംഗത്വം പുനഃസ്ഥാപിച്ചത്. ഏതാണ്ട് രണ്ടുദശാബ്​ദം എടുത്തു ആ കൂടിയാലോചനകൾ പൂര്‍ത്തിയാവാന്‍.

ഇപ്പോഴും ലോകവ്യാപാര സംഘടനയില്‍ ചേരാത്ത ഒരു രാജ്യമാണ് വടക്കൻ കൊറിയ. അവർ അതിൽ അംഗമാകുന്നതും അവരുടെ ആഭ്യന്തരവിപണി തുറക്കുന്നതും അമേരിക്കയെപ്പോലെ ചൈനക്കും ഗുണകരമാണ്. വടക്കൻ കൊറിയൻ ധാതുസമ്പത്തി​​​െൻറയും മനുഷ്യാധ്വാനശേഷിയുടെയും ചൂഷണം കൂടുതൽ സാധ്യമാക്കുക എന്ന ലക്ഷ്യം അമേരിക്കക്കും ചൈനക്കും പൊതുവായി ഉണ്ട്. പരിമിതമായാണെങ്കിലും ചൈന മാത്രമായി അതിൽ പങ്കുപറ്റുന്നത് അമേരിക്കക്ക് സ്വീകാര്യമല്ല. അതുകൊണ്ടുതന്നെ ചൈനക്ക് കൊറിയൻ ഭരണകൂടത്തെ അവരുടെ ഇപ്പോഴത്തെ അടഞ്ഞ സാമ്പത്തികവ്യവസ്ഥ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കേണ്ടിവരും. അതിലേക്കു വടക്കൻ കൊറിയയെ പരുവപ്പെടുത്തുക എന്നതാണ് ഈ ഉച്ചകോടിയിലേക്ക് നയിച്ച പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം പറയാം. 

മൂന്നാമത് കൊറിയൻ വിഭജനത്തിനുശേഷം കൊറിയൻ പെനിന്‍സുലയിൽ ഉണ്ടായ വൈകാരിക പ്രശ്നങ്ങളാണ്. ജര്‍മനിയുടെ വിഭജനത്തെക്കാൾ വലിയ മുറിവുകളാണ് കൊറിയൻ വിഭജനം അവിടത്തെ ജനതക്കിടയിൽ സൃഷ്​ടിച്ചത്. അതി​​​െൻറ സാമൂഹികാഘാതങ്ങളില്‍നിന്ന് ഇപ്പോഴും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ മുക്തരായിട്ടില്ല എന്നുമാത്രമല്ല, കാലംകഴിയുന്തോറും കൊറിയൻ പുനരേകീകരണ വാഞ്​ഛ വർധിക്കുന്നതായാണ് കാണുന്നത്. കൊറിയൻ പെനിൻസുലയിലെ ജനങ്ങളുടെ സാംസ്കാരികാഭിലാഷങ്ങൾ ഒരു വലിയ വെല്ലുവിളി തന്നെയാണ് ചൈനീസ്-കൊറിയൻ ഭരണകൂടങ്ങള്‍ക്ക്. വൈകാരികമായ ഈ പ്രശ്നത്തിന് ഉണ്ടാകാവുന്ന രാഷ്​ട്രീയമായ പരിഹാരത്തെ ചൈനയും വടക്കൻ കൊറിയൻ ഭരണകൂടവും അങ്ങേയറ്റം ഭയക്കുന്നുണ്ട്.

അത് മറ്റൊന്നുമല്ല- വടക്കൻ കൊറിയൻ സ്​റ്റാലിനിസ്​റ്റ്​ ഭരണകൂടത്തിന്​ എതിരെയുള്ള ജനകീയ സമരമാണ്. ഇപ്പോൾ വടക്കൻ കൊറിയയിൽ കാണുന്നതുപോലുള്ള ദക്ഷിണ കൊറിയൻ വൈകാരിക സ്വാധീനം കടുത്ത സെൻസർഷിപ്പുകളെയും അതിജീവിച്ചുണ്ടായതാണ്. വടക്കൻ കൊറിയൻ ഭരണകൂടത്തി​​​െൻറ ആവശ്യം ഇപ്പോൾ നിലനില്‍ക്കുന്ന പാര്‍ട്ടി സർവാധിപത്യവും കിമ്മി​​​െൻറ ഏകാധിപത്യവും സാമ്പത്തിക വിഭവങ്ങള്‍ക്കുമേലുള്ള ഭരണകൂട കുത്തകയും തുടരുക എന്നതാണ്.

ചൈനയുടെ ആവശ്യം പാര്‍ട്ടി സർവാധിപത്യവും കിമ്മി​​​െൻറ ഏകാധിപത്യവും തുടര്‍ന്നുകൊണ്ടുതന്നെ കൊറിയൻ സമ്പദ്​വ്യവസ്ഥ ചൈനീസ് മാതൃകയിൽ വിപണി സൗഹൃദപരമാക്കുക എന്നതാണ്. അമേരിക്കൻ താൽപര്യം, വ്യവസ്ഥ ഏതാണെങ്കിലും തങ്ങള്‍ക്കുകൂടി ചൂഷണത്തിന് അവസരം കിട്ടുക എന്നതാണ്. ഈ സമ്മർദങ്ങൾ ഇനിയും അവഗണിക്കാൻ വടക്കൻ കൊറിയക്കും ചൈനക്കുതന്നെയും കഴിയില്ല. കൂടുതൽ ഉദാരത കൊറിയൻ ഏകീകരണത്തിന് ആവശ്യമാണ്‌ എന്നത് ഇപ്പോൾ സംജാതമായിരിക്കുന്ന കൂടിയാലോചനകളുടെ സാഹചര്യത്തെ അനിവാര്യമാക്കുന്നുണ്ട്. 

കൊറിയൻ പെനിന്‍സുലയിലെ അമേരിക്കൻ^ചൈനീസ് സൈനിക-വാണിജ്യ താൽപര്യങ്ങളും കൊറിയൻ ജനതയുടെ സാംസ്കാരിക താൽപര്യങ്ങളും ഏറെനാൾ ഇന്നത്തെ അവസ്ഥ തുടരാൻ കൊറിയയെ അനുവദിക്കുന്നവയല്ല. എന്നാൽ, പശ്ചിമേഷ്യയിലെയോ മറ്റ് ഏഷ്യൻ ആഫ്രിക്കന്‍, ലാറ്റിനമേരിക്കൻ പ്രദേശങ്ങളിലെപ്പോലെയോ ചൈനയുടെ ആധിപത്യത്തിലുള്ള വടക്കൻ കൊറിയയിൽ ഒരു യുദ്ധം അടിച്ചേൽപിക്കാൻ അമേരിക്കക്ക് കഴിയുകയുമില്ല. ഇതാണ് ഇപ്പോഴത്തെ കൂടിയാലോചനകളുടെ പശ്ചാത്തലം. ഇതി​​​െൻറ ആത്യന്തിക പര്യവസാനം വടക്കൻ കൊറിയൻ സമ്പദ് വ്യവസ്ഥയിലെ ലോകമുതലാളിത്തത്തി​​​െൻറ രംഗപ്രവേശവും അതുവഴി കൊറിയകളുടെതന്നെ സാമ്പത്തിക ഏകീകരണവും ആയിരിക്കും.

ഇത് സംഭവിക്കുക അടുത്ത രണ്ടുവർഷം കൊണ്ടോ അഞ്ചുവർഷം കൊണ്ടോ ഒരുപക്ഷേ ദശാബ്​ദംകൊണ്ടോ മാത്രമായിരിക്കും. ലോകമൂലധനം ജിയോ-പൊളിറ്റിക്കൽ എന്ന് പറയാവുന്ന ഒരു ഇടപെടൽ നടത്തുന്നത് അവധാനതയോടെയും വ്യക്തമായ തയാറെടുപ്പുകളോടെയും സമയബന്ധിത അസൂത്രണത്തോടെയും ആയിരിക്കും. യുദ്ധം മാത്രമാണ് സാമ്രാജ്യത്വത്തി​​​െൻറ ആയുധം എന്ന് കരുതുന്നത് മൗഢ്യമാണ്. പഴയഭാഷയിൽ പറഞ്ഞാൽ സർവവിധ സാമ, ദാന, ഭേദ, ദണ്ഡ ചതുരുപായങ്ങളും അതില്‍കൂടുതലും സമർഥമായി ഉപയോഗിച്ചുകൊണ്ടാണ് ആഗോളമൂലധനവും സാമ്രാജ്യത്വവും കരുക്കൾ നീക്കുന്നത്.

അവർ നിവര്‍ത്തിയിടുന്ന അധിനിവേശ ഭൂപടത്തിലെ ഓരോ പ്രദേശത്തും സ്വീകരിക്കുന്ന അടവുകളും  തന്ത്രങ്ങളും വ്യത്യസ്തമായിരിക്കും. അമേരിക്കയിൽ തിരിച്ചെത്തിയ ട്രംപ്​ കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അമേരിക്കൻ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത് അത് വ്യാജ വാര്‍ത്ത ആണെന്നായിരുന്നു. കൊറിയയില്‍നിന്ന് ഇനി ഒരു വാര്‍ത്തയേവരാനുള്ളൂ- അത് ലോകമൂലധനത്തിന് പ്രവേശനസ്വാതന്ത്ര്യം അനുവദിക്കുന്നു എന്നതാണ്. ഏറെ വൈകാതെ അതുണ്ടാകും എന്നതാണ് ട്രംപി​​​െൻറ ഈ തമാശയുടെ ആന്തരാർഥം.  

Tags:    
News Summary - north korea-columnist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.