സത്യാനന്തര കാലത്തെ ദേശീയബോധം

സത്യാനന്തരം (post-truth) എന്ന പ്രയോഗമാണ്  2016ലെ പ്രധാനപ്പെട്ട വാക്കായി ഓക്സ്ഫഡ് ഡിക്ഷനറി തെരഞ്ഞെടുത്തത്. വസ്തുതകളെ ഒഴിവാക്കി അല്ളെങ്കില്‍ അവയെ അവഗണിച്ച്, പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനായി വ്യക്തികളിലെ വൈകാരികതയുടെ തലങ്ങളെ ഉന്നംവെക്കുന്ന സംവാദസമീപനത്തെയാണ് സത്യാനന്തര രാഷ്ട്രീയം എന്ന് പൊതുവില്‍ പറയുന്നത്. ഇംഗ്ളണ്ടിലെ ബ്രെക്സിറ്റ് സംവാദത്തില്‍, അമേരിക്കയിലെ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പു സംവാദത്തില്‍ ഒക്കെ ഈ വിധത്തില്‍ വസ്തുതകളെ പിന്നിലാക്കി അതിവൈകാരികതയുടെ രാഷ്ട്രീയം മേല്‍ക്കൈ നേടിയിരുന്നു. ഇന്ത്യയിലും ഏതാണ്ട് സമാനമായ അവസ്ഥ സംജാതമാവുകയാണ്. ദേശീയതയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളും ഭരണകൂട ഇടപെടലുകളും ഒരു ഫാഷിസ്റ്റ് രാഷ്ട്രരൂപവത്കരണത്തിന്‍െറ മുന്നോടിയായുള്ള അതിക്രമങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ സിനിമാശാലകളിലും ദേശീയഗാനം ആലപിക്കണമെന്നും അപ്പോള്‍ പ്രേക്ഷകര്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നും ഈയിടെ ആവശ്യപ്പെട്ടത് കോടതിയാണ്.

കോടതികള്‍ രാഷ്ട്രീയനിര്‍മുക്തമല്ല. വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത് അതിനു യോഗ്യരായ പലരില്‍നിന്ന് ചില സാഹചര്യങ്ങള്‍കൊണ്ട് അവസരം ലഭിച്ച കുറച്ചുപേരാണ്. പുറത്തെ മാറുന്ന രാഷ്ട്രീയത്തിന്‍െറ അനുരണനങ്ങള്‍ അവരുടെ വീക്ഷണങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിയമത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ തീര്‍ച്ചയായും കടന്നുവരും. സാമ്പത്തിക ആഗോളീകരണത്തിന്‍െറ പുതിയ ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിച്ച ദശാബ്ദമായ  1990കള്‍ക്ക് മുമ്പും പിമ്പും തൊഴില്‍പ്രശ്നങ്ങളിലുള്ള കോടതിവിധികള്‍ പരിശോധിച്ചിട്ടുള്ളവര്‍ പറയുന്നത്, നിയമം ഏതാണ്ട് മാറ്റമില്ലാതെ തുടരുമ്പോഴും പില്‍ക്കാലത്ത് തൊഴിലുടമകള്‍ക്ക് അനുകൂലവും തൊഴിലാളിവിരുദ്ധവുമായ വിധികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി എന്നാണ്. ഉദാരീകരണ കാലത്തെ മാറുന്ന ഭരണകൂട സമീപനത്തിന് സമാനമായ പ്രത്യയശാസ്ത്ര ബോധം കോടതികളിലേക്കു സംക്രമിക്കുന്നു എന്നര്‍ഥം.

എല്ലാ രാഷ്ട്രങ്ങള്‍ക്കുമുണ്ടാവും ദേശീയ ചിഹ്നങ്ങളും പ്രതീകങ്ങളും. അവയെ പൊതുജനങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നയങ്ങളും നിയമങ്ങളും ഉണ്ടാവും. ഈ നിയമങ്ങള്‍ ഉണ്ടാവുന്നത് ആരെങ്കിലും അവയെ അനാദരിക്കും എന്നു കരുതിയിട്ടല്ല. മറിച്ച് അവ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചില ശീലങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനാണ്. ഇന്ത്യയില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണം എന്നത് അതിലൊന്നാണ്. എവിടെയൊക്കെ  ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണം എന്നതിനെക്കുറിച്ചും ചില ചട്ടങ്ങളുണ്ട്. പ്രസിഡന്‍റ്, ഗവര്‍ണര്‍ തുടങ്ങിയ ഭരണകൂട പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ഇവ ആലപിക്കുന്നതിനെക്കുറിച്ചുള്ള ചിട്ടവട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
ഇതേക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാറിന്‍െറ അറിയിപ്പുകളില്‍ പറയുന്നത് ദേശീയപതാകയുടെ കാര്യത്തില്‍ എന്നതുപോലെ ദേശീയഗാനാലാപനത്തിന്‍െറ കാര്യത്തിലും എവിടെ പാടണം എന്നതിനെക്കുറിച്ച് ആളുകള്‍ക്ക്  ഒൗചിത്യപൂര്‍വമായ തീരുമാനമെടുക്കാം എന്നാണ്.

നിശ്ചയമായും ദേശീയഗാനം പാടിയിരിക്കേണ്ട സന്ദര്‍ഭങ്ങള്‍ അതില്‍ വിവരിക്കുന്നത് ഭരണകൂടത്തിന്‍െറ  ആചാരങ്ങളുമായി ബന്ധപ്പെട്ടവ മാത്രമാണ്.  ദേശീയഗാനം പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്കൂളുകളില്‍ പാടാമെന്നുണ്ട്. സിനിമാശാലകളെക്കുറിച്ചോ മറ്റു പൊതുരംഗങ്ങളില്‍ ആലപിക്കുന്നതിനെക്കുറിച്ചോ സൂചനകള്‍ പോലുമില്ല. യഥാര്‍ഥത്തില്‍ ഒരു കോടതി ഇടപെടല്‍ ഉണ്ടാവേണ്ട കാര്യമേയല്ല ഇതെന്ന് സാരം. ഉണ്ടായാല്‍തന്നെ പൊലീസ് ഇടപെടല്‍ ആവശ്യപ്പെടുന്ന കുറ്റകൃത്യമായി അനാദരവ് എന്നൊന്ന് നിര്‍വചിക്കപ്പെട്ടിട്ടില്ല. പൗരസമൂഹം ദേശീയചിഹ്നങ്ങളെ അനാദരിക്കില്ല എന്നൊരു വിശ്വാസവും സമീപനവുമാണ് പൊതുവേയുള്ളത്. മാത്രമല്ല, ദേശീയഗാനം പാടേണ്ട സന്ദര്‍ഭങ്ങളുണ്ടെങ്കില്‍ ഇതിനു കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുമെന്നും ഇതേക്കുറിച്ചുള്ള രൂപരേഖയില്‍ പറയുന്നുണ്ട്. അപ്പോള്‍ തികച്ചും അനാവശ്യമായ ഇടപെടലുകളാണ് പല കോണുകളില്‍ നിന്നായി ദേശീയഗാനത്തിന്‍െറ പേരില്‍ ഇപ്പോള്‍ ഉണ്ടാവുന്നത് എന്നത് സുവ്യക്തമാണ്.

ഇത്തരം ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും സാമൂഹികമായ സ്ഥാനം വിവിധ വ്യക്തികള്‍ മനസ്സിലാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ഉദാഹരണത്തിന്, സിനിമാശാലകളില്‍ ദേശീയഗാനം ആലപിക്കുന്നത്  ശരിയല്ളെന്നു വിശ്വസിക്കുന്ന പലരും അനുവാദമുണ്ടെങ്കില്‍ ചിലപ്പോള്‍ തങ്ങളുടെ വാഹനങ്ങളില്‍പോലും ദേശീയപതാക വെക്കാന്‍ താല്‍പര്യമുള്ളവരായിരിക്കും. ഇത്തരത്തില്‍ വ്യത്യസ്ത സമീപനങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് മനസ്സിലാക്കിയാണ് പൊതുവേ ഭരണകൂടങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട കര്‍ശനനിയമങ്ങള്‍ നടപ്പാക്കാന്‍ തുനിയാത്തത്.

ഇന്ത്യയിലും പലപ്പോഴും ഇതൊക്കെ വിവാദ വിഷയങ്ങളായിട്ടുണ്ട്. എന്നാല്‍, ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ അടിച്ചേല്‍പിക്കല്‍ സമീപനം അധികം ഉണ്ടായിരുന്നില്ല. സിനിമ തിയറ്ററുകളില്‍ അവസാനം ദേശീയഗാനം കേള്‍പ്പിക്കുന്ന പതിവ് എന്‍െറ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. ചിലര്‍ അനങ്ങാതെ നില്‍ക്കും. കൂടുതല്‍ പേരും തിരക്കുകൂട്ടി എഴുന്നേറ്റുപോകും. അതു തെറ്റാണ് എന്ന് ചിലര്‍ പറയുമെങ്കിലും അതിന്‍െറ പേരില്‍ പൊലീസ് അറസ്റ്റോ പീഡനമോ ഉണ്ടായതായി ഓര്‍മയില്ല.
ദേശീയഗാനത്തിന്‍െറ പേരില്‍ കേരളത്തില്‍ സംഘ്പരിവാറും ആഭ്യന്തരവകുപ്പും ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുന്ന ഭീതിയുടെ രാഷ്ട്രീയം തീര്‍ച്ചയായും ലജ്ജാകരമാണ്. ഒരു നിയമപിന്‍ബലവും ഇല്ലാത്ത നടപടികളാണ് ദേശീയവികാരത്തിന്‍െറ പേരില്‍ ഇപ്പോള്‍ ഉണ്ടാവുന്നത്. ഫിലിം ഫെസ്റ്റിവല്‍ സമയത്തെ പൊലീസ് നടപടികളും അതിന്‍െറ പേരില്‍തന്നെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ സമരങ്ങളും സംവിധായകന്‍ കമലിനെതിരെ നടന്ന ആക്രോശങ്ങളും നമ്മുടെ ജനാധിപത്യസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സങ്കുചിതമായിരുന്നു.

ഈ സന്ദര്‍ഭത്തില്‍തന്നെയാണ് കേരള പൊലീസ് കമല്‍ സി. ചവറ എന്ന എഴുത്തുകാരന്‍െറ ഫേസ്ബുക്ക് പോസ്റ്റിന്‍െറയും നോവലിലെ ഒരു പരാമര്‍ശത്തിന്‍െറയും പേരില്‍ വീട് ആക്രമിക്കുന്നതും വൃദ്ധരായ മാതാപിതാക്കളെ ഉപദ്രവിക്കുന്നതും പൊലീസ് സ്റ്റേഷനില്‍ ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തെ തടഞ്ഞുവെക്കുന്നതും ദേശദ്രോഹക്കുറ്റം ആരോപിക്കുന്നതുമെല്ലാം. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ കൈയേറ്റംചെയ്യുകയും അപമാനിക്കുകയും ചെയ്തു. ‘അധികാരത്തിന്‍െറ ചെരിപ്പുനക്കികള്‍’ എന്ന് ചെഗുവേര വിളിക്കുന്ന ഒരു വിഭാഗം എപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഭരണകൂടത്തെയും പൊലീസിനെയും  ന്യായീകരിക്കാനും നുണപ്രചാരണങ്ങള്‍  നടത്താനും രംഗത്തുണ്ടാവും. അതില്‍ പുതുമയില്ല. അതിനെ നേരിട്ടുകൂടി വേണം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടിവരുക. സാമൂഹികമാധ്യമങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുതന്നെ പ്രീത ജി.പിയും സുദീപും ഷഫീക്കുമൊക്കെ പുറംലോകത്തെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു എന്നത് കമല്‍ സി. ചവറയെ ഒടുവില്‍ പുറത്തുവിടാന്‍ പൊലീസിനെ നിര്‍ബന്ധിതരാക്കിയെന്നാണ് മനസ്സിലാവുന്നത്. എന്നാല്‍, സ്റ്റേഷനില്‍ കുഴഞ്ഞുവീണ അദ്ദേഹത്തിന് വൈദ്യശുശ്രൂഷ ലഭ്യമാക്കുന്നതിനുപോലും പൊലീസ് തയാറായില്ല. അത് ചോദ്യംചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരോടായിരുന്നു പൊലീസിന് ഊറ്റം.

എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദേശീയവികാരം പ്രകടിപ്പിക്കുന്നവര്‍ മലയാളികള്‍ക്കിടയിലാണ് ഉള്ളത് എന്നാണ്. ഒരുവിധ പ്രാദേശിക സമരവും ഇവിടെ ശക്തമായി ഉണ്ടായിട്ടില്ല. തമിഴ്നാട്ടിലും മറ്റും ഉണ്ടായിട്ടുള്ളതുപോലെ ഹിന്ദിവിരുദ്ധ സമരങ്ങള്‍പോലും ഇവിടെ നടന്നിട്ടില്ല. കടുത്ത സാമ്പത്തിക പിന്നാക്കാവസ്ഥ കേരളത്തില്‍ ഉണ്ടായിരുന്ന കാലത്ത് കേരള ദേശീയതയുടെ മുദ്രാവാക്യം ഉയര്‍ന്നെങ്കിലും അതിനും വലിയ പ്രാധാന്യം ലഭിച്ചില്ല. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം വിവിധ ഉപദേശീയതകള്‍ക്ക്് കൂടുതല്‍ ഭരണസ്വാതന്ത്ര്യം അനുവദിക്കുന്നതും അവയുടെ സ്വയംനിര്‍ണയം അംഗീകരിക്കുന്നതും ആയിരിക്കണം എന്ന വാദത്തിനു  ഒരുകാലത്തും കേരളത്തില്‍ വലിയ വേരോട്ടം ലഭിച്ചിട്ടില്ല. കടുത്ത ഭാരതദേശീയവാദികളാണ് കേരളീയര്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇത്രയും തീവ്രത മറ്റെങ്ങും കണ്ടിട്ടില്ല.  
കമല്‍ സി. ചവറയുടേതടക്കം ദേശീയപ്രതീകങ്ങളോട് ഇപ്പോള്‍ സമൂഹികമാധ്യമങ്ങളിലും മറ്റും പരക്കെ ഫലിതം കലര്‍ന്ന  ലഘുസമീപനം ഉണ്ടായിട്ടുള്ളത് ദേശീയതയുടെ മൊത്തക്കുത്തക ഏറ്റെടുക്കാനും മറ്റുള്ളവരെ ദേശീയവികാരം ഇല്ലാത്തവരാക്കി ചിത്രീകരിക്കാനും സംഘ്പരിവാര്‍ സംഘടനകളും ഭരണകൂടവും നടത്തുന്ന ശ്രമങ്ങളോടുള്ള പ്രതികരണംകൂടി ആയിട്ടാണ്. ദേശീയതയെയും ദേശീയ പ്രതീകങ്ങളെയും വൈകാരിക ഉപകരണങ്ങളാക്കുന്ന സത്യാനന്തരലോകത്തിന്‍െറ ജനാധിപത്യവിരുദ്ധതയോടുള്ള ദേശരാഷ്ട്രത്തിന്‍െറ തന്നെ അബോധമാണ് ഈ ഫലിതങ്ങളും അനാദരവായി വ്യാഖ്യാനിക്കാവുന്ന ചില പ്രതികരണങ്ങളും.

ഇക്കാര്യത്തില്‍ മാറേണ്ടത് ഭരണകൂട സമീപനമാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് സി.പി.എമ്മിന്‍െറ പോളിറ്റ് ബ്യൂറോ അംഗമാണ്. അദ്ദേഹം സംഘ്പരിവാറിന്‍െറ മുഖ്യകര്‍സേവകനല്ല, കേരളത്തിന്‍െറ മുഖ്യമന്ത്രിയാണ് എന്നും വിപ്ളവാനന്തര സോവിയറ്റ് യൂനിയനില്‍ രണ്ടാം ലോകയുദ്ധകാലം വരെ ദേശീയഗാനം കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലിന്‍െറ അന്തര്‍ദേശീയഗാനം ആയിരുന്നുവെന്നും അദ്ദേഹത്തെ ഇപ്പോള്‍ ഓര്‍മിപ്പിക്കേണ്ടിവരുന്നത് ഈ സത്യാനന്തരകാലത്തെ മറ്റൊരു ദുര്യോഗമാണ്.                              

Tags:    
News Summary - nationality issues kamalsy chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.