വജ്രജൂബിലിയില്‍ ഹൈകോടതിയോട് ഖേദപൂര്‍വം

കേരള സംസ്ഥാനപ്പിറവിയുടെ 60ാം വര്‍ഷമെന്ന ചരിത്രമുഹൂര്‍ത്തമാണിത്. സംസ്ഥാനത്തിനൊപ്പം  ഹൈകോടതിയും വജ്രജൂബിലി ആഘോഷിക്കുമ്പോള്‍ ഒരു  തീയതിയേക്കാള്‍ പ്രാധാന്യം അതിന് ലഭിക്കുന്നത് മലയാളിയുടെ ജനാധിപത്യ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണം കൂടിയായതുകൊണ്ടാണ്.   കേരള ഹൈകോടതിയുടെ കഴിഞ്ഞുപോയ 60 വര്‍ഷം അഭിമാനിക്കാന്‍ ഏറെയുള്ളതാണ്. സാമൂഹികവിപ്ളവകരവും ജനാധിപത്യപരവും മനുഷ്യാവകാശപരവും ആയ നിരവധി സുപ്രധാന നിയമയുദ്ധങ്ങള്‍ക്കും വിധിതീര്‍പ്പുകള്‍ക്കും കോടതി സാക്ഷ്യംവഹിച്ചു. മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സാമൂഹികമാറ്റങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത, ഇന്ത്യയാകെ  പേരെടുത്ത ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യര്‍, പി. സുബ്രമണ്യന്‍ പോറ്റി, കെ.കെ. മാത്യു, എം.പി. മേനോന്‍, കെ. സുകുമാരന്‍, കെ.ടി. തോമസ് തുടങ്ങിയവര്‍  ഈ ഹൈകോടതിയുടെ ഉല്‍പന്നങ്ങളാണ്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ഈശ്വരയ്യര്‍, പ്രശസ്തരായ ടി.സി.എന്‍. മേനോന്‍, കേളു നമ്പ്യാര്‍, നാരായണന്‍ പോറ്റി എന്നീ അഭിഭാഷകര്‍ ഈ കോടതിയുടെ അഭിമാനമാണ്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തെതന്നെ സാമൂഹികമായി മുന്നോട്ട് നീക്കി രാജ്യത്തെ  ആദ്യത്തെ ദലിത് ചീഫ് ജസ്റ്റിസിനെയും (കെ.ജി. ബാലകൃഷ്ണന്‍) സുപ്രീംകോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയെയും (ഫാത്തിമാബീവി, അതും ഒരു മുസ്ലിമിനെ) സംഭാവനചെയ്തതും കേരള ഹൈകോടതിയാണെന്നത് മലയാളിയുടെ സാമൂഹികവും മൂല്യപരവുമായ പുരോഗതിയുടെ തെളിവാണ്.
ഇതൊക്കെ ഇപ്പോള്‍ പറയുന്നത് വജ്രജൂബിലിയുടെ ഈ  ചരിത്രമുഹൂര്‍ത്തത്തില്‍ ഹൈകോടതി തങ്ങളുടെതന്നെ മഹത്തായ ജനാധിപത്യ പാരമ്പര്യവും ചരിത്രവും നിഷേധിക്കുന്നതുകൊണ്ടാണ്.  ആധുനിക ജനാധിപത്യകാലത്ത്  പരമാവധി സുതാര്യമാകേണ്ട കോടതിയെ  ജനങ്ങളുടെ മുന്നില്‍ കൊട്ടിയടക്കുകയെന്ന പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകുന്ന വിചിത്രാവസ്ഥയിലാണിന്ന് ഹൈകോടതി. സുതാര്യതയും ജനങ്ങളുടെ ഭരണഘടനാദത്തമായ  അറിയാനുള്ള അവകാശവും യാഥാര്‍ഥ്യമാകുന്നത് മാധ്യമങ്ങളിലൂടെയാണ്. എന്നാല്‍, മാധ്യമങ്ങളെ എങ്ങനെയൊക്കെ തടയാം എന്ന ചിന്തയിലാണ് ഹൈകോടതി. ഈ ഗുരുതരാവസ്ഥ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും കാവലാള്‍മാരായ രാഷ്ട്രപതിയെയും  ഇന്ത്യന്‍ ചീഫ്ജസ്റ്റിസിനെയും നേരില്‍കണ്ട് മാധ്യമങ്ങള്‍ അറിയിച്ചു.  എന്നിട്ടും മാറ്റമുണ്ടാകാതെയായപ്പോള്‍ ഹൈകോടതിയുടെ വജ്രജൂബിലി വേളതന്നെ സ്വന്തം പ്രതിഷേധം പ്രകടിപ്പിക്കാന്‍ മാധ്യമങ്ങള്‍ തെരഞ്ഞെടുത്തു.
ഒരു സര്‍ക്കാര്‍ അഭിഭാഷകനെതിരെ ഉയര്‍ന്ന സ്ത്രീപീഡനക്കേസ് വാര്‍ത്തയാക്കാന്‍ പറ്റില്ളെന്ന് വാശിപിടിച്ച് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരില്‍ ഒരുവിഭാഗം തടയുകയും തല്ലുകയും ചെയ്യുന്ന ഗുണ്ടാവിളയാട്ടത്തില്‍ തുടങ്ങിയ പരിപാടി, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒൗപചാരികവും സ്ഥായിയായതുമായ  വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ എത്തിനില്‍ക്കുന്നതാണ് ഇപ്പോഴത്തെ അദ്ഭുതകാഴ്ച. ജനാധിപത്യം, സുതാര്യത എന്നിവ സാര്‍വലൗകികമായും സമ്പൂര്‍ണമായും അംഗീകരിക്കപ്പെടുന്ന 21ാം നൂറ്റാണ്ടില്‍, പ്രബുദ്ധമായ കേരളത്തിലാണിത് അരങ്ങേറുന്നതെന്ന് ഓര്‍ക്കുക!  മാധ്യമപ്രവര്‍ത്തകരെ തടയുക മാത്രമല്ല, ഹൈകോടതിയിലെ ഉദ്ബുദ്ധരായ ജഡ്ജിമാര്‍ മുന്‍കാലങ്ങളില്‍ കോടതിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ഭദ്രമാക്കാന്‍ അനുവദിച്ച മാധ്യമമുറി കൊട്ടിയടക്കുകയും ചെയ്തിരിക്കുന്നു. ഹൈകോടതിയില്‍ മാത്രമല്ല, ജില്ല കോടതികളിലും തല്ലും മാധ്യമമുറി പൂട്ടലും തുടരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയില്ളെന്ന്  ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന്‍െറയും എട്ട് ന്യായാധിപരുടെയും സാന്നിധ്യത്തിലുണ്ടാക്കിയ ധാരണ പിറ്റേന്ന് ചീഫ് ജസ്റ്റിസിന്‍െറ കോടതിമുറിയില്‍തന്നെ ലംഘിക്കപ്പെടുന്നു.   
വനിത മാധ്യമപ്രവര്‍ത്തകരെ വരെ ജഡ്ജിമാരുടെ കണ്‍മുന്നില്‍വെച്ച് ബലംപ്രയോഗിച്ച് കോടതിമുറികളില്‍നിന്ന് ഇറക്കി വിടുന്നു. വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യമെഴുതി നഗരത്തിലാകെ പോസ്റ്റര്‍ ഒട്ടിക്കുന്നു. ഇതിലൊക്കെ കടുത്ത കാര്യം കോടതിയില്‍ കേസുകള്‍ക്ക് മാധ്യമങ്ങള്‍ക്ക് വക്കാലത്തെടുക്കാന്‍ അഭിഭാഷകര്‍ തയാറാകുന്നില്ളെന്നതാണ്.  വക്കാലത്തെടുത്ത ചുരുക്കംപേരെ സമ്മര്‍ദങ്ങളും ഭീഷണികളുംകൊണ്ട് വിലക്കുന്നു. അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ കൈയേറ്റം നടത്തിയ പൊലീസുകാരനുവേണ്ടി ഒരേസമയം നൂറിലേറെ അഭിഭാഷകര്‍ വക്കാലത്ത് ഒപ്പിടുന്നു! തങ്ങള്‍ക്കനുകൂലമായി ജഡ്ജി വിധിക്കുമ്പോള്‍ കോടതിമുറിയില്‍ കൈയടിയോടെ സ്വീകരിക്കുന്നു. ഏതെങ്കിലും കേസില്‍ പെട്ട് കോടതിയിലത്തെിയാല്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നു.  നിയമവാഴ്ചയെയും  നീതിന്യായവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി ഇവയൊക്കെ നടക്കുമ്പോള്‍ ന്യായാധിപന്മാരും പൗരസമൂഹവും നിശ്ശബ്ദം!
ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമബിരുദം വേണമെന്ന, ലോകത്തെവിടെയും ഇല്ലാത്ത നിയമം കൊണ്ടുവരുന്നു! പ്രവര്‍ത്തനസ്വാതന്ത്ര്യം തടയുക മാത്രമാണ് ഇതിന്‍െറ ലക്ഷ്യമെന്നതില്‍ സംശയമില്ല. വെളിച്ചത്തെ തടയാന്‍ പാഴ്മുറം പ്രയോഗിക്കുന്ന ഈ വ്യായാമങ്ങളൊക്കെ കാലം ചവറ്റുകുട്ടയില്‍ തള്ളിക്കഴിഞ്ഞു. ജഡ്ജിയാകാന്‍ നിയമബിരുദം മാത്രം മതി. പക്ഷേ, കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനുവേണ്ട യോഗ്യത അതിലേറെ! മാധ്യമപ്രവര്‍ത്തകനാകാന്‍ ഒന്നുകില്‍ ബിരുദാനന്തരബിരുദമോ അല്ളെങ്കില്‍ ബിരുദത്തോടൊപ്പം മാധ്യമപ്രവര്‍ത്തന ഡിപ്ളോമയെങ്കിലും വേണം. കോടതി റിപ്പോര്‍ട്ടര്‍ക്ക് വേണ്ടത്  പുറമെ നിയമബിരുദവും! ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രികളില്‍ പ്രവേശിക്കാന്‍ വൈദ്യശാസ്ത്രത്തിലും സെക്രട്ടേറിയറ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പബ്ളിക് അഡ്മിനിസ്ട്രേഷനിലും നിയമസഭയില്‍ കയറാന്‍ നിയമസഭാവഴക്കങ്ങളിലും ബിരുദം വേണമെന്നായാലോ? വി.ഡി. സതീശന്‍ ചോദിച്ചതുപോലെ പൂജാകാര്യങ്ങളില്‍ വിധിപറയുന്ന ന്യായാധിപന്‍ ഷോഡശശാസ്ത്രത്തിലും ക്ഷേത്രതന്ത്രത്തിലും ബിരുദധാരിയാകണമെന്ന് നിഷ്കര്‍ഷ വന്നാലോ?  
മാധ്യമപ്രവര്‍ത്തകരെ തടയുന്ന ജനാധിപത്യവിരുദ്ധമായ പരിപാടിയെ പൗരസമൂഹവും രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി അപലപിക്കുമ്പോഴും അതൊക്കെ പുല്ലുപോലെ കരുതി കോടതി മുന്നോട്ടുപോകുകയാണ്.
മാധ്യമങ്ങള്‍ക്ക് തെറ്റ് പറ്റാറില്ളെന്നല്ല. ഏതൊരു തൊഴിലിലുമെന്നപോലെ ഇവിടെയും അത് സംഭവിക്കാറുണ്ട്.  ന്യായാധിപന്മാര്‍ക്ക് തെറ്റ് പറ്റാറില്ളേ? പക്ഷേ,  ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടക്ക് വന്നുപോകുന്ന (ചിലപ്പോള്‍ മനപ്പൂര്‍വവുമാകാം) തെറ്റുകള്‍ക്ക് പരിഹാരം സ്വാതന്ത്ര്യം മുഴുവന്‍ ഹനിക്കുകയല്ല. റിപ്പോര്‍ട്ടിങ്ങില്‍ തെറ്റുകള്‍ വരുത്തുന്നത് തടയാനെന്ന വ്യാജന്യായം ഉയര്‍ത്തിയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇപ്പോള്‍തന്നെ എന്തെങ്കിലും തെറ്റുകള്‍ മനപ്പൂര്‍വം വരുത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യം പോലെ നിയമങ്ങളും സൗകര്യങ്ങളുമുള്ളപ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. 1995ലെ കേബിള്‍ ടി.വി നെറ്റ്വര്‍ക്കിങ് നിയന്ത്രണനിയമം തെറ്റുചെയ്യുന്ന ടി.വി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശിക്ഷ സ്വീകരിക്കാന്‍ കരുത്തുള്ളതാണ്. തൊഴില്‍തെറ്റുകള്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്കും  പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് അധികാരമുള്ള സ്ഥാപനങ്ങളുണ്ട്. ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ്് ഫെഡറേഷന്‍ എന്നിവ ഉദാഹരണം. അച്ചടിമാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് കരുത്തുള്ളതാണ് 1867 മുതലുള്ള പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് ബുക്സ് ആക്ട്. മാധ്യമങ്ങള്‍ക്കെതിരെ പരാതി സ്വീകരിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുണ്ട്. ഇവക്കൊക്കെ പുറമെയാണ് രാജ്യത്തെ എല്ലാവര്‍ക്കുമെന്നതുപോലെതന്നെ മാധ്യമങ്ങള്‍ക്കും ബാധകമായ മാനനഷ്ടം, കോടതിയലക്ഷ്യം സംബന്ധിച്ച നിയമങ്ങള്‍. ഇവയെല്ലാം നിലവിലുള്ളപ്പോള്‍ വീണ്ടും കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യാനാണെന്നതില്‍ സംശയമില്ല.
ജനാധിപത്യവും പൗരാവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച ഒട്ടേറെ ന്യായാധിപന്മാരും അഭിഭാഷകരും ഉണ്ടായിരുന്ന കേരള ഹൈകോടതിയുടെ വജ്രജൂബിലി വേളയില്‍ ഇതിന്‍െറ തലപ്പത്തിരിക്കുന്നവരാണ് മാധ്യമങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളുമെല്ലാം അവസാനിപ്പിച്ചതെന്നും അവരെ ചരിത്രം വിലയിരുത്തുമെന്നും ഓര്‍ക്കുക. മാധ്യമങ്ങളില്ലാത്ത കോടതിമുറികള്‍ എത്ര സമാധാനപൂര്‍ണമെന്നും അത് ശ്മശാനത്തിലെ ശാന്തിയാണെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെയെന്നും കരുതുന്നവരുടെ കാലത്ത് ജീവിക്കേണ്ടിവന്നതില്‍ തലകുനിക്കാം.  എക്കാലത്തും  മാധ്യമസ്വാതന്ത്ര്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ പഴയകാലത്തെ  ഉദ്ബുദ്ധരായ ന്യായാധിപരെല്ലാം പോയിമറഞ്ഞതില്‍ കണ്ണീര്‍ പൊഴിക്കാം.

 

Tags:    
News Summary - kerala hoghcourt dinies democratic legacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.