ബദൽ വഴിയിലെ ജൈവ മനുഷ്യർ

തൊണ്ണൂറുകളുടെ അവസാനം വരെ ഗള്‍ഫിനെക്കുറിച്ച് ഉള്ളിലുണ്ടായിരുന്നത് അനന്തമായ ഒരു മരുഭൂ ചിത്രം. വരണ്ട ഭൂമിയുടെ നീളന്‍ ഊഷരഭാവം. എന്നാല്‍, മരുഭൂമി പോലും വരണ്ട ഒന്നല്ളെന്നും ജൈവ വൈവിധ്യങ്ങളുടെ മഹാകലവറയാണെന്നും ബോധ്യപ്പെടാന്‍ വൈകി. ബഹ്റൈനിലും യു.എ.ഇയിലും മറ്റും കണ്ടുമുട്ടിയ അറബ് മനുഷ്യരില്‍ പലരും പ്രകൃതിയെ, ജൈവലോകത്തെ അത്രമേല്‍ ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തിയവര്‍. ആദ്യമായി അല്‍ഐന്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയിരുന്നു. പച്ചപ്പിന്‍െറ വിശാലതടം. സലാല കാണ്‍കെ, ഇതും ഗള്‍ഫില്‍ തന്നെയോ എന്ന ശങ്കയായി. നഷ്ടകേരളത്തിന്‍െറ ഗൃഹാതുര ഓര്‍മകളുടെ പുനരാവിഷ്കാരം.

പച്ചപ്പിനോടുള്ള സഹജഭാവം പുറവാസികളുടെയൊക്കെ ഉള്ളിലുണ്ട്. പച്ചപ്പും ജലസമൃദ്ധിയും മലയാളി പുറവാസികളെ ഭ്രമിപ്പിക്കുക സ്വാഭാവികം. തിരയടങ്ങിയ കടലും മലകളും ദുബൈ പുഴയും അവനെ അതിശയിപ്പിക്കും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രൂപപ്പെടുത്തിയ കൃത്രിമ തടാകങ്ങള്‍പോലും ഏറെ ആകര്‍ഷകം. യു.എ.ഇ രാഷ്ട്രശില്‍പി ശൈഖ് സഈദാണ് പച്ചപ്പിനെയും ജൈവ വൈവിധ്യത്തെയും ജീവിതത്തെയും ഗാഢമായി പ്രണയിക്കാന്‍ മേഖലയെ പ്രേരിപ്പിച്ചത്. അബൂദബിയിലെ സീര്‍ ബനിയാസ് തന്നെ അതിന്‍െറ മികച്ച തെളിവ്. ശൈഖ് സഈദിന്‍െറ വഴി മറ്റു ഗള്‍ഫ് രാജ്യങ്ങളും ഉള്‍ക്കൊണ്ടു. പരിസ്ഥിതിക്ക് കോട്ടം പറ്റാതെ പച്ചപ്പിന്‍െറ നീര്‍തടങ്ങള്‍ തേടിയുള്ള യാത്രകള്‍. കണ്ടല്‍കാടുകള്‍പോലും സംരക്ഷിക്കാനുള്ള അതിവ്യഗ്രത. വ്യക്തികളും കൂട്ടായ്മകളും ഇന്നും ആ ബദല്‍ വഴിയില്‍ തന്നെയുണ്ട്. പ്രവാസ ലോകവും ഭിന്നമല്ല. പച്ചപ്പും ജൈവകൃഷിയും സ്വപ്നം കാണുന്നവര്‍. അതിനായി അണിചേരുന്നവര്‍. അവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുണ്ട്. ജൈവകൃഷിയുടെ വഴിയില്‍ നാട് മുന്നേറുമ്പോള്‍ അതിന്‍െറ സ്വാഭാവിക പ്രതികരണം തന്നെയാകാം ഈ നല്ല കാഴ്ചകള്‍.

വാട്സ്ആപ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങള്‍ നിരവധി. അവയെ ഗുണപരമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കം കൂടി കാണാം ഇവിടെ. ‘വയലും വീടും’ ഫേസ്ബുക്ക് കൂട്ടായ്മ അത്തരം ഒന്ന്. എല്ലാ വര്‍ഷവും അവര്‍ കാര്‍ഷികോത്സവം ഒരുക്കുന്നു. കൃഷിരീതികള്‍ പങ്കുവെക്കുന്നു. മണല്‍ നഗരത്തില്‍ കൊച്ചു കൊച്ചു ഹരിത തുരുത്തുകള്‍ രൂപപ്പെടുത്തുന്നു. അതില്‍ നൂറുമേനി വിജയം കൊയ്തവരെ ആദരിക്കുന്നു. അക്വാ പോണിക്സ്, ടവര്‍ ഗാര്‍ഡന്‍, ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയ കൃഷിരീതികള്‍ക്ക് ഇപ്പോള്‍ ഗള്‍ഫിലും ഏറെ പ്രചാരം. വിത്തുകള്‍, ജൈവ വളം, ജൈവ കീടനാശിനി എന്നിവയുടെ വ്യാപക വിതരണവും തകൃതി.

വിദ്യാലയങ്ങളും പുതുവഴി വെട്ടാനുള്ള ശ്രമത്തില്‍ പിന്നിലല്ല. അച്ചടക്ക ശീലുകള്‍ക്കൊത്ത് യാന്ത്രികമായി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഗള്‍ഫ് നിര്‍മാണ ഫാക്ടറികളെന്ന പേരുദോഷമുണ്ട് പല വിദ്യാലയങ്ങള്‍ക്കും. ചിലതെങ്കിലും കാര്‍ഷിക സര്‍ഗാത്മകതയുടെ വഴിയിലിറങ്ങി ആ കറ മായ്ക്കുകയാണ്. കൃഷി പാഠങ്ങള്‍ക്കു കൂടി ഇടംലഭിക്കുന്ന നല്ല കാമ്പസുകള്‍. പൂച്ചട്ടികള്‍മാത്രം നിരത്തിയ സ്കൂള്‍മുറ്റത്ത് കൃഷിയും വിളഞ്ഞ പച്ചക്കറികളും പുതുകാഴ്ചകളാകുന്നതും ശ്രദ്ധേയം. അജ്മാനില്‍ ഹാബിറ്റാറ്റ് എന്ന വിദ്യാലയം നമ്മെ അദ്ഭുതപ്പെടുത്തും. ഇവിടെ, കൊയ്ത്തുത്സവം ഇതാ കഴിഞ്ഞതേയുള്ളൂ. വിളവെടുത്തത് 1500 കിലോ പച്ചക്കറിയും ധാന്യങ്ങളും.

സോണിയ റഫീഖ്, ജോഷി മംഗലത്ത്
 


വായനയിലും പഠനത്തിലും മാത്രമല്ല, ജീവിത രീതിയിലും ബദല്‍ വിളയിച്ചെടുക്കുകയാണ് കുട്ടികള്‍. സ്കൂള്‍ സാരഥി കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശി ശംസുസ്സമാന്‍െറ സ്വപ്നപദ്ധതി കൂടിയാണിത്. മണലില്‍ വിത്തിറക്കുക മാത്രമല്ല നെല്ലും കപ്പയും വിളയിച്ച് പുതുചരിത്രം കുറിക്കുകകൂടിയാണിവര്‍. മുഖ്യധാരാ വിദ്യാലയങ്ങള്‍ പലതും മടിച്ചുനില്‍ക്കുമ്പോഴാണ് പ്രകൃതിയിലേക്കും ബദലിലേക്കുമുള്ള ഈ വേറിട്ട വഴിനടത്തം. കൂട്ടായ്മകളും കാമ്പസും മാത്രമല്ല, മാറ്റത്തിന് തുടക്കം കുറിച്ചവരില്‍ കുറെ വ്യക്തികളുമുണ്ട്. ഷാര്‍ജയിലെ സുധീഷ് ഗുരുവായൂര്‍ അവരിലൊരാള്‍. 1997 മുതല്‍ മണ്ണും പച്ചപ്പും അതിലൂടെ രൂപപ്പെടുത്തിയ സൗഹൃദങ്ങളും തന്നെയാണ് സുധീഷിന്‍െറ നേട്ടം.

വീട്ടുവളപ്പില്‍ മാത്രമല്ല ഓഫിസ് പരിസരത്തും പച്ചപ്പൊരുക്കുന്നു. പച്ചക്കറി ആഴ്ച തോറും വിളവെടുക്കുന്നു. ഇപ്പോള്‍ നെല്‍വിത്തുകളുടെ വിളവെടുപ്പിനുള്ള കാത്തിരിപ്പിലാണ് സുധീഷും കുട്ടികളും. റാസല്‍ഖൈമയിലും മറ്റും പച്ചപ്പിന്‍െറ വിസ്മയം തീര്‍ക്കുന്ന വിജയന്‍, ഖത്തറില്‍ കൃഷിപാഠങ്ങള്‍ പകര്‍ന്നേകുന്ന കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി നൗഷാദ് എന്ന ആലിക്കോയ ആ പരമ്പര തുടരുകയാണ്. ബഹ്റൈനിലും കുവൈത്തിലും സൗദിയിലും ഒമാനിലുമൊക്കെ കാണാം ഇത്തരം കുറെ ജൈവമനുഷ്യരെ. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ പോയത്തക്കാര്‍. വിശേഷ ദിനങ്ങളില്‍ വൃക്ഷത്തൈകള്‍ നടുന്നതിനുവേണ്ടി ഓടിനടക്കുന്ന അബൂദബിയിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫൈസല്‍ ബാവ, പരിസ്ഥിതി അവബോധം പകരാന്‍ ഓടി നടക്കുന്ന ദുബൈയിലെ നജീബ് മുഹമ്മദ് ഇസ്മാഈല്‍..

പട്ടിക അവസാനിക്കുന്നില്ല. പരിസ്ഥിതിക്കും കൃഷിക്കും ബദല്‍ ജീവിത രീതിക്കും വേണ്ടി ചുവടുവെപ്പ് നടത്തുന്ന എത്രയോ മനുഷ്യര്‍. പുറവാസ ലോകത്തിന്‍െറ വരള്‍ച്ച മറികടക്കുന്നവര്‍. ഇവിടം കൊണ്ട് തീരുന്നില്ല ആ മാറ്റം. പുറവാസ രചനകളിലേക്ക് കൂടി പച്ചപ്പിന്‍െറയും ജൈവ വിസ്മയങ്ങളുടെയും പുതുലോകം തുറക്കപ്പെടുന്നു. വേറിട്ട സങ്കേതങ്ങളിലൂടെ, മനുഷ്യനും പ്രകൃതിയുമായി കൂടുതല്‍ താദാത്മ്യം പ്രാപിക്കാനുള്ള സര്‍ഗ പോരാട്ടം. പരിസ്ഥിതിയും അതിന്‍െറ ആകുലതകളും പ്രമേയമാക്കി ദുബൈയിലെ ജോഷി മംഗലത്ത് രചിച്ച തിരക്കഥയില്‍നിന്നായിരുന്നു ‘ഒറ്റാല്‍’ സിനിമയുടെ പിറവി. ദേശീയ പുരസ്കാരം വരെ സിനിമയെ തേടിയത്തെി. പോയവര്‍ഷം ഡി.സി പുസ്തക പുരസ്കാരം നേടിയത് ഷാര്‍ജയിലെ സോണിയ റഫീഖിന്‍െറ ‘ഹെര്‍ബേറിയം’ നോവലിന്. പരിസ്ഥിതി നോവുകള്‍ തന്നെ ഇവിടെയും പ്രമേയം. പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ഒമ്പതു വയസ്സുകാരന്‍െറ കണ്ണിലൂടെയുള്ള നോവലിസ്റ്റിന്‍െറ വഴിനടത്തം കൂടിയാണ് ‘ഹെര്‍ബേറിയം’.

സസ്യലതാദികളും ആകാശവും ചെറു ജീവജാലങ്ങളും പകര്‍ന്നേകുന്ന വൈവിധ്യ ലോകത്തിന്‍െറ നവഹൃദ്യത. ഒപ്പം നാം തന്നെ കൊന്നുതള്ളിയ നാട്ടുനന്മകളെ കുറിച്ച ഭീതിദമായ ഓര്‍മപ്പെടുത്തല്‍. പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്കാരം തന്നെ പ്രധാനം. അല്ലാതെ പ്രകടനപരതയില്‍ ഊന്നിയ കെട്ടുകാഴ്ചകള്‍കൊണ്ട് കാര്യമില്ല. വൈകിയാണെങ്കിലും ആ തിരിച്ചറിവിലേക്ക് ഇതാ, പുറവാസികളും വന്നത്തെുകയാണ്. ബദല്‍യാത്രികരേ, നിങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും.

Tags:    
News Summary - harvesting of nri's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.