ഹൈന്ദവരാഷ്​ട്രത്തി​െൻറ സാമ്പത്തിക ഉദ്ഗ്രഥനം

മോദിഭരണത്തിലെ സാമൂഹിക സംവിധാനത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ രൂപപ്പെട്ടുവരുകയാണ്. ഏറ്റവും പ്രധാനമായ കാര്യം മൂന്നു വ്യത്യസ്തവും എന്നാല്‍, പരസ്പരബന്ധിതവുമായ മാർഗങ്ങളിലൂടെ ഒരു സാമൂഹിക പുനഃസംഘാടനമാണ്​ (social re engineering) ലക്ഷ്യംവെക്കുന്നത് എന്നത് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഇതി​​​െൻറ മൂന്നു വശങ്ങള്‍ അസാധാരണവും സമ്മർദപരവുമായ സാമ്പത്തിക ഇടപെടലുകള്‍, പ്രത്യയശാസ്ത്ര ഇടപെടലുകള്‍, രാഷ്​ട്രീയ ഇടപെടലുകള്‍ എന്നിവയാണ്. ഇതില്‍ രാഷ്​ട്രീയ-^പ്രത്യയശാസ്ത്ര ഇടപെടലുകളാണ് പ്രധാനമെന്ന്​ പുറമേനിന്ന്​ തോന്നുമെങ്കിലും യഥാർഥത്തിൽ ഇതി​​​െൻറ മുഖ്യകേന്ദ്രം സാമ്പത്തിക മേഖലയിലെ കടുത്ത മാധ്യസ്​ഥ്യങ്ങളാണ്. ഒരുവശത്ത് ഹൈന്ദവരാഷ്​ട്ര നിർമിതിക്കുള്ള രാഷ്​ട്രീയ- പ്രത്യയശാസ്ത്ര മിച്ചം ഉൽപാദിപ്പിക്കുന്ന നടപടികള്‍ സ്വന്തംനിലക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വികേന്ദ്രീകരിച്ചു നൽകിക്കൊണ്ട് അത്​ പിൻപറ്റുന്ന അചഞ്ചല ഭക്തസംഘങ്ങളെ എമ്പാടും വിന്യസിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ചെറുത്തുനിൽപുകളെക്കൂടി നിർവീര്യമാക്കാന്‍ നിരന്തരമായ സാമ്പത്തിക ഇടപെടലുകള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നുകാണാന്‍ കഴിയും.

എന്നാൽ, ഇത്​ ക്രമരഹിതമോ ആകസ്മികങ്ങളോ ആയ ഇടപെടലുകളല്ല. സമ്പദ് വ്യവസ്ഥയെ എങ്ങനെ ഒരു സ്വതന്ത്ര മുതലാളിത്ത സമ്പ്രദായത്തി​​​െൻറ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട്, വ്യത്യസ്തമായ ഒരു ശാസനാധിഷ്ഠിത മുതലാളിത്തമാക്കി (command economy) പരിവർത്തനം ചെയ്യിക്കാം എന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്. മോദിയും കൂട്ടരും ലക്ഷ്യം​വെക്കുന്ന സോഷ്യൽ റീ എൻജിനീയറിങ്ങിന്​ ഈ സമീപനം ഏറെ ആവശ്യമാണെന്ന് കാണാന്‍ കഴിയും. ഫാഷിസ്​റ്റ്​ രാഷ്​ട്രീയവും പ്രത്യയശാസ്ത്രവും ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് വളരെ നിഷ്പ്രയാസം സ്വീകാര്യമാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പുതിയ തന്ത്രം രൂപപ്പെട്ടത് എന്ന് കരുതാന്‍ കാരണങ്ങളുണ്ട്.

രാഷ്​ട്രീയവും പ്രത്യശാസ്ത്രപരവുമായ നീക്കങ്ങള്‍ എന്തൊക്കെയാണ് എന്നത് മോദി അധികാരത്തില്‍ എത്തുന്നതിനു മുമ്പുതന്നെ വ്യക്തമായിരുന്നു. ഏതളവില്‍ അവ പ്രയോഗത്തില്‍ വരുത്തും എന്നതിനെക്കുറിച്ച്​ മാത്രമേ സംശയങ്ങളുണ്ടായിരുന്നുള്ളൂ. ഭരണത്തി​​​െൻറ സൗകര്യങ്ങൾക്കുവേണ്ടിയും അന്താരാഷ്​ട്രതലത്തില്‍ മുഖംരക്ഷിക്കുന്നതിനു വേണ്ടിയും സ്വന്തം രാഷ്​ട്രീയ-^പ്രത്യയശാസ്ത്ര സമീപനത്തില്‍ വെള്ളം ചേർക്കാന്‍ ഇടയുണ്ട് എന്ന പ്രതീക്ഷ പല കേന്ദ്രങ്ങളും വെച്ചുപുലർത്തിയിരുന്നു. ഇതിനുമുമ്പ്​ ബി.ജെ.പി അധികാരത്തില്‍വന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സമയത്തും നേരിയ തോതിലാണെങ്കിലും ഈ പ്രവണത കുറച്ചൊക്കെ ശക്തമായി നിലനിന്നിരുന്നു. ബി.ജെ.പിയുടെ സൗമ്യമുഖമാണ് എന്ന പ്രതീതി ജനിപ്പിച്ച്, വാജ്പേയിയെ മുൻനിർത്തിയുള്ള ഒരു വിലപേശൽ അധികാരത്തിലേക്കുള്ള വഴിയില്‍ എപ്പോഴും മറയായി ഉപയോഗിച്ചിരുന്നു.

മൂന്നു പ്രധാന കാര്യങ്ങളാണ് ഈ തന്ത്രത്തില്‍നിന്ന് വ്യതിചലിച്ചു കൂടുതല്‍ തീവ്രമായ ഒരു മുഖം സ്വീകരിക്കാന്‍ ബി.ജെ.പി^ആർ.എസ്​.എസ്​ സംയുക്തത്തിന്​ ​​പ്രേരകമായത്​. ഒന്ന്, ഗുജറാത്തില്‍ മോദി സ്വീകരിച്ച രാഷ്​ട്രീയതന്ത്രത്തി​​​െൻറ അപ്രതീക്ഷിത വിജയമാണ്‌. ഒരുവശത്ത് തീവ്രമായ ഹിന്ദുത്വരാഷ്​ട്രീയവും മറുവശത്ത് സാമ്പത്തിക ഉദാരവാദവും ആയിരുന്നു ഈ സമീപനത്തി​​​െൻറ കാതല്‍. സാമ്പത്തിക മേഖലയില്‍ ഉദാരവാദ നിലപാടുകളാണ് കൈക്കൊണ്ടത് എന്നതായിരുന്നില്ല ഇതി​​​െൻറ പ്രാധാന്യം. കാരണം, പൊതുവിൽ ‍ലോക സമ്പദ്​വ്യവസ്ഥയില്‍ ഉദാരവാദ നിലപാടുകൾക്ക്​ മേൽക്കൈ ലഭിച്ച ഒരു സാമ്പത്തിക സന്ദർഭത്തി​​​െൻറ തുടർച്ചകൂടി ആയിരുന്നു അത്.

യഥാർഥത്തിൽ അടിസ്ഥാനപരമായിഹൈന്ദവ മതസങ്കൽപങ്ങളെ പിൻപറ്റുന്നതാണെങ്കിലും ന്യൂനപക്ഷ സംരക്ഷണം എന്ന പ്രതീതി ജനിപ്പിക്കുന്ന ഭരണകൂടത്തി​​​െൻറ മതേതര സമീപനം പൂർണമായും ഉപേക്ഷിക്കുന്നത് ഒരു ഭൂരിപക്ഷവാദത്തിനു വളക്കൂറുള്ള മണ്ണാണ് എന്ന് ഗുജറാത്തിലെ പരീക്ഷണം ബോധ്യപ്പെടുത്തി. ജനാധിപത്യം ആശയപരമായി നിലനിർത്തിക്കൊണ്ട് ഒരു സ്ഥിരം ഭൂരിപക്ഷത്തെ സ്വത്വത്തി​​​െൻറ അടിസ്ഥാനത്തില്‍ നിർണായക വിശ്വസ്ത ശക്തിയായി നിർവചിച്ചുറപ്പിക്കാന്‍ ഇത് സഹായിക്കും എന്നത് അവിടെ പരീക്ഷിച്ചു മനസ്സിലാക്കിയതാണ്. അതോടൊപ്പം സാമ്പത്തിക മേഖലയിലെ ഇടപെടലുകളെക്കുറിച്ചുള്ള ഒരു ഗീർവാണ വ്യവഹാരംകൂടി പ്രയോഗിച്ചിരുന്നു. രണ്ടാമത്തേത്, ഈ രാഷ്​ട്രീയതന്ത്രം ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ കഴിയുന്ന ബ്രാൻഡ്​ മൂല്യം മോദിക്ക്​ ഉണ്ടെന്നുള്ള തിരിച്ചറിയലായിരുന്നു. ഇതിനു ചരടുവലിച്ചത്​ അമിത്​ ഷാ ആയിരുന്നുവെന്ന് നമുക്കറിയാം. അമിത്​ ഷാ ഗുജറാത്തിലെ സാഹചര്യത്തെ അഖിലേന്ത്യതലത്തില്‍ പരീക്ഷിച്ചുനോക്കുന്നത് ഗുണംചെയ്യും എന്ന അഭിപ്രായക്കാരനായിരുന്നു. ഇതില്‍ സംശയാലുക്കളായിരുന്ന- ^വിശേഷിച്ചും കോൺ​ഗ്രസി​​​െൻറയും സ്വാതന്ത്ര്യസമരത്തി​​​െൻറയും മൂല്യങ്ങളില്‍ അസഹിഷ്ണുക്കള്‍ ആയിരുന്നെങ്കിലും അതി​​​െൻറ ശക്തിയെക്കുറിച്ച് ചരിത്രപരമായ ധാരണയുണ്ടായിരുന്ന-^ പഴയ നേതൃത്വത്തെ അസാധാരണമായ കൈയടക്കത്തോടെ പിഴുതെറിഞ്ഞു തന്നെയും മോദിയെയും ബി.ജെ.പി നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാൻ അമിത്​ ഷാക്ക് കഴിഞ്ഞത് ആർ.എസ്​.എസ്​ തലപ്പത്ത് ഈ മാറ്റത്തി​​​െൻറ സാധ്യതയെക്കുറിച്ച് വിശ്വാസ്യത ജനിപ്പിക്കാന്‍ സാധിച്ചതിനാലാണ്. അതുകൊണ്ടാണ് തുടക്കം മുതല്‍, കോൺഗ്രസ്​ പ്രത്യയശാസ്ത്രം ഉടച്ചെറിഞ്ഞു പുതിയ രാഷ്​ട്രീയ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യ സൃഷ്​ടിക്കുകയാണ് വേണ്ടത് എന്ന നിലപാടിൽ അമിത്​ ഷാ മുന്നോട്ടുപോയത്. മൂന്നാമത്തേത് ലോകമെമ്പാടും ഉണ്ടായ വലതുപക്ഷ സങ്കുചിത ദേശീയവാദ രാഷ്​ട്രീയത്തി​​​െൻറ ഉദയമായിരുന്നു. വിശേഷിച്ചു യൂറോപ്പിലും അമേരിക്കയിലും ഈ രാഷ്​ട്രീയത്തിന് കിട്ടിയ മേൽക്കൈ, സാധാരണഗതിയില്‍ ഇത്തരമൊരു സമീപനം ആഭ്യന്തരനയമായി സ്വീകരിക്കുന്ന ഒരു മൂന്നാംലോക ഭരണകൂടത്തിന് ലോകതലത്തില്‍ ഉണ്ടാക്കാൻ ഇടയാകുമായിരുന്ന അസ്വീകാര്യതകളെ കുറെയൊക്കെ നിർവീര്യമാക്കി.

ഈ മൂന്ന്​ അനുകൂല സാഹചര്യങ്ങളാണ് അധികാരത്തിലെത്താനും തികഞ്ഞ ആത്മവിശ്വാസത്തോടെ സ്വന്തം അജണ്ടകള്‍ നടപ്പാക്കാനും മോദി-^അമിത് ഷാ വിഭാഗത്തിന് കരുത്തുനൽകുന്നത്. കൂടുതല്‍ കാര്യക്ഷമമായി തങ്ങളുടെ രാഷ്​ട്രീയം കൈകാര്യം ചെയ്യുന്നതിന് ഈ വിജയ ഫോർമുലയില്‍ രണ്ട്​ അടിസ്ഥാന വ്യതിയാനങ്ങളാണ് അവര്‍ വരുത്തിയിരിക്കുന്നത്. ഒന്ന്, പ്രത്യയശാസ്ത്രപരമായ ഇടപെടലുകള്‍ക്ക് ആവശ്യമായ ചട്ടക്കൂട് നിർമിക്കുകയും അതി​​​െൻറ പരിപാലനം ഒരു പ്രാദേശിക കർമപരിപാടിയായി ഭക്തസംഘങ്ങളെ ഉപയോഗിച്ച് നിർവഹിക്കുകയും ചെയ്യുക. രണ്ട്, ഈ സമീപനത്തോട് ഉണ്ടാവുന്ന എതിർപ്പുകളെ മറികടക്കാന്‍ കടുത്ത സാമ്പത്തിക പരീക്ഷണങ്ങളിലൂടെ ജനങ്ങളെ എപ്പോഴും അനിശ്ചിതത്വത്തി​​​െൻറ മുള്‍മുനയില്‍ നിർത്തുക. എന്നാൽ, ഇവിടെ ഏറ്റവും ശ്രദ്ധേയമായത് ഈ സാമ്പത്തിക പരീക്ഷണങ്ങള്‍ കേവലം യാദൃച്ഛികങ്ങളല്ല, മറിച്ച്​ അവക്കു മുകളില്‍ പറഞ്ഞ പ്രത്യയശാസ്ത്ര സമീപനത്തിന് അനുയോജ്യമായ ഒരു രൂപമാതൃകയുണ്ട് എന്നതാണ്.

സാമ്പത്തിക മേഖലയെ കൂടുതല്‍ കൂടുതല്‍ ഉദ്ഗ്രഥനത്തിനു വിധേയമാക്കി രാഷ്​ട്രീയാധികാരത്തോടൊപ്പം സാമ്പത്തിക അധികാരങ്ങളും പൂർണമായും കേന്ദ്രനിയന്ത്രണത്തിലാക്കുക എന്നതാണ് മോദി-^അമിത്​ ഷാ കൂട്ടുകെട്ട് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. നോട്ടു പിന്‍വലിക്കല്‍ ആയാലും ഇപ്പോള്‍ നടത്തിയ നികുതിപരിഷ്കരണമായാലും ആധാര്‍ ഉപയോഗിച്ചുള്ള സാമ്പത്തിക നിയന്ത്രണങ്ങളായാലും കോർപറേറ്റുകളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട്​ ഒരു വ്യത്യസ്ത രീതിയിലുള്ള ശാസനാധിഷ്​ഠിത മുതലാളിത്തമായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ പുനഃസംഘടിപ്പിക്കുക എന്നതാണത്. ഈ സാമ്പത്തിക ഉദ്ഗ്രഥനം പുറമേനിന്ന് നോക്കുമ്പോള്‍ ഉപയോഗപ്രദമെന്നു തോന്നാമെങ്കിലും അമിതമായ അധികാര കേന്ദ്രീകരണത്തിലൂടെ സംസ്ഥാനങ്ങളെയും നിയമസഭകളെയും ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊരർഥത്തില്‍ നിയമസഭകള്‍ തന്നെ അനാവശ്യമാവുകയാണ്. നികുതികൾ ഏകീകരിച്ചതുപോലെ എല്ലാ നിയമങ്ങളും ദേശീയമായി തീരുമാനിക്കുന്ന സ്ഥിതി സംജാതമാകുന്നതോടെ സംസ്ഥാനങ്ങളിലെ നിയമനിർമാണ സഭകള്‍ കേവലം ആഡംബരമാവുന്നു.

സമ്പദ്​വ്യവസ്ഥയെ നിരന്തരം സമ്മർദത്തില്‍ നിർത്തുന്ന പരീക്ഷണങ്ങളിലൂടെ സാമ്പത്തിക ഉദ്ഗ്രഥനവും അതുവഴി അധികാര കേന്ദ്രീകരണവും നേടുന്നതിലൂടെ തങ്ങളുടെ രാഷ്​ട്രീയ-^പ്രത്യയശാസ്ത്ര അജണ്ടയായ ഹൈന്ദവ സാംസ്കാരിക അടിത്തറയുള്ള സോഷ്യല്‍ റീ-എൻജിനീയറിങ്​ സുസാധ്യമാക്കുകയാണ്​ മോദിയും അമിത്ഷായും ലക്ഷ്യം​െവക്കുന്നത്. ഇത് മനസ്സിലാക്കാതെ ജി.എസ്​.ടിയുടെ ഗുണദോഷങ്ങള്‍ വിശദീകരിച്ചു നടക്കുന്നവര്‍ രാഷ്​ട്രീയമായ സ്വന്തം പാപ്പരത്തം ലജ്ജയില്ലാതെ പ്രദർശിപ്പിക്കുകയാണ്. ഇതി​​​െൻറ മറ്റൊരു വശമാണ്, ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്​ ആർ.എസ്​.എസ്​ ഇപ്പോൾ ബി.ജെ.പിയുടെ രക്ഷിതാവ് എന്നനിലയില്‍നിന്ന് കേവലം അതി​​​െൻറ ഒരു അനുബന്ധം മാത്രമായി മാറിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവരാഷ്​ട്രം അകലെയല്ല എന്ന സന്ദേശം ഇതില്‍ കൂടുതല്‍ വ്യക്തമായി അവർക്ക്​ നമ്മോടു പറയാനാവില്ല.

Tags:    
News Summary - economic upgrades of hindu rashtra -india news | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.