ഡൽഹി കലാപം നൽകുന്ന പാഠങ്ങൾ

ഡൽഹിയിലെ വർഗീയകലാപം യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ടതല്ല. തെക്കൻ ഡൽഹിയിലെ ശാഹീൻബാഗിൽ രണ്ടു മാസത്തിലധികമാ യി സ്ത്രീകൾ നടത്തിവരുന്ന ഐതിഹാസികമായ, സമാധാനപരമായ, വമ്പിച്ച ജനപിന്തുണ നേടിയ സമരത്തി​​​െൻറ മാതൃകയിലുള്ള പ്രതി ഷേധങ്ങൾ പലയിടങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പുതിയ സമരവേദി വടക്കുകിഴക്കൻ ഡൽഹിയിൽ തുറക്കു ന്നത് തടയാൻ ബി.ജെ.പി നേതാവും മുൻ നിയമസഭാംഗവുമായ കപിൽ മിശ്ര ഏതാനും ദിവസം മുമ്പ് കല്ലേറ് സംഘടിപ്പിച്ചിരുന്നു. സം ഘർഷം അവസാനിപ്പിക്കാൻ പൊലീസ് ഇടപെട്ടപ്പോൾ അന്ന് ഡൽഹിയിലെത്തുന്ന അമേരിക്കൻപ്രസിഡൻറ്​ ഡോണൾഡ് ട്രംപ് തിരിച്ച ുപോകുന്നതുവരെ മാത്രമേ താൻ അടങ്ങിയിരിക്കൂ എന്ന്‌ മിശ്ര പറഞ്ഞു. എന്നാൽ, അടുത്ത ദിവസം, ട്രംപ് നഗരത്തിലുള്ളപ്പോൾ തന്നെ, ആ പ്രദേശത്ത് വർഗീയ കലാപം തുടങ്ങി.

ട്രംപ് ഉള്ള സമയത്ത് ഒരു കലാപം മോദി ആഗ്രഹിച്ചിരിക്കാനിടയില്ല. ആ നി ലക്ക്​ ഈ കലാപത്തിനു പിന്നിൽ അമേരിക്കയും മോദിയും എന്തു ചിന്തിച്ചാലും കുഴപ്പമില്ലെന്നു കരുതുന്ന ഏതെങ്കിലും അധ ികാരകേന്ദ്രത്തി​​​െൻറ പ്രേരണയുണ്ടായിരുന്നോ എന്ന് സംശയിക്കാവുന്നതാണ്. അക്രമത്തിനു മുന്നിൽ പൊലീസ് കാട്ടിയ നിസ്സംഗത ബി.ജെ.പി നിയന്ത്രണത്തിലുള്ള ഇടങ്ങളിലെല്ലാം ഇപ്പോൾ കണ്ടുവരുന്നതാണ്. അതുകൊണ്ട് അതിൽ അത്ഭുതത്തിനു വകയില്ല. പൊലീസി​​​െൻറ ഭാഗത്തുനിന്ന്​ ഒരു ഇടപെടലും കൂടാതെ അക്രമികൾ മൂന്നു ദിവസം അഴിഞ്ഞാടിയശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ് അജിത്​ ഡോവൽ രംഗപ്രവേശം ചെയ്തത്. അതോടെ സ്വിച്ച് ഓഫ് ചെയ്താലെന്നപോലെ അക്രമം അവസാനിച്ചു.

അതിനിടെ കലാപകാരികൾ നിരവധി പേരെ കൊന്നു കൊക്കകളിൽ തള്ളുകയും വീടുകൾ കൊള്ളയടിക്കുകയും മസ്ജിദുകൾക്ക് തീയിടുകയും ചെയ്തു.
അധികാരികൾ കണ്ണടച്ചുനിന്ന നാളുകളിൽ ചിലയിടങ്ങളിൽ വിവിധ മതങ്ങളിൽപെടുന്നവർ അന്യോന്യം സംരക്ഷിക്കുകയും ആരാധനാലയങ്ങൾക്ക് കാവൽനിൽക്കുകയും ചെയ്ത കഥകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
പൗരത്വനിയമത്തിനും അതി​​​െൻറ തുടർച്ചയായി വരാനിരിക്കുന്ന ദേശീയ പൗരത്വപ്പട്ടികക്കുമെതിരെ രാജ്യത്ത് നിലനിൽക്കുന്ന ശക്തമായ ജനവികാരം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. അടിച്ചമർത്തലിലൂടെ പദ്ധതി നടപ്പാക്കാനാകുമെന്നു വിശ്വസിക്കുന്ന ബി.ജെ.പിയും അതി​​​െൻറ പിന്നിലുള്ള സംഘ്​പരിവാറും സ്വയമേവ നയം തിരുത്തുമെന്ന് കരുതാനാകില്ല. അതിനാൽ ഡൽഹി കണ്ടതുപോലുള്ള അതിക്രമങ്ങൾ ഇനിയും സംഭവിക്കാം.

ആസൂത്രിതമായ അക്രമത്തിനു മുന്നിൽ രാഷ്​ട്രീയകക്ഷികൾ മരവിച്ചുനിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. ആ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് പൊലീസി​​​െൻറ മേൽ നിയന്ത്രണമില്ല. അതുകൊണ്ട് കലാപം നിയന്ത്രിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കഴിയുമായിരുന്നില്ല. പക്ഷേ, 70 അംഗ നിയമസഭയിലെ 62 അംഗങ്ങൾ അദ്ദേഹത്തി​​​െൻറ ആം ആദ്മി പാർട്ടിയിൽ പെട്ടവരാണ്‌. അവരെന്തു ചെയ്യുകയായിരുന്നു?
ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് ആപത്തുകാലത്ത് സഹായവും ആശ്വാസവും നൽകുന്നതിന് അധികാരം ആവശ്യമില്ല. ആ നിലക്ക്​ രാജ്യത്തെ എല്ലാ കക്ഷികളും കുറ്റകരമായ അനാസ്ഥ കാട്ടിയെന്നു പറയേണ്ടിവരും. സ്വന്തം ആസ്ഥാനത്തുനിന്ന് 15 കിലോമീറ്റർ മാത്രം ദൂരെയുള്ള കലാപപ്രദേശത്തേക്ക് ഒരു സംഘത്തെ അയക്കാൻ കോൺഗ്രസ് പാർട്ടിക്ക് എട്ടൊമ്പത് ദിവസം വേണ്ടിവന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് സംഘ്പരിവാർ ബോധപൂർവം അക്രമം അഴിച്ചുവിട്ട നിരവധി അവസരങ്ങൾ നമ്മുടെയെല്ലാം ഓർമയിലുണ്ട്: 1992ൽ അയോധ്യയിൽ നടന്ന ബാബരി മസ്ജിദ് പൊളിക്കലും 2002ലെ ഗുജറാത്ത് കലാപവും പശുസംരക്ഷണത്തി​​​െൻറ പേരിൽ നടത്തിയ ആൾക്കൂട്ടക്കൊലകളും അക്കൂട്ടത്തിൽപെടുന്നു. ഈ സംഭവങ്ങളിൽ ഉൾപ്പെട്ടവരെ നിയമത്തി​​​െൻറ മുന്നിൽ കൊണ്ടുവന്ന്‌ ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയാഞ്ഞതാണ് കൂടുതൽ അക്രമങ്ങൾക്ക് മുതിരാൻ അതിനു ധൈര്യംനൽകുന്നത്‌.

ബാബരി മസ്ജിദ് പൊളിച്ചപ്പോൾ പൂജാമുറിയിൽ കതകടച്ചിരുന്ന പ്രധാനമന്ത്രി പി.വി. നരസിംഹറാവു അന്ന് രാത്രി രാഷ്​ട്രത്തെ അഭിസംബോധന ചെയ്​തു അത് പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, അതിനായി ഒരു നടപടിയും കൈക്കൊണ്ടില്ല. നിർഭാഗ്യവശാൽ അയോധ്യ തർക്കത്തിൽ ഒരുപാട് കാലമെടുത്ത് സുപ്രീംകോടതി നൽകിയ വിധിയും ഫലത്തിൽ അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. ബ്രിട്ടീഷുകാർ ഇന്ത്യയിലെ ദേവീദേവന്മാരെ കോടതിയിൽ വാദിയും പ്രതിയുമാകാവുന്ന ‘നിയമപരമായ വ്യക്തിത്വങ്ങൾ’ ആക്കി. അയോധ്യയിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത് നിയമവിരുദ്ധമായാണെന്നു സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്. ആ രാംലല്ലയായിരുന്നു അയോധ്യകേസിലെ ഒരു ഹരജിക്കാരൻ. ആ ഹരജിക്കാരനാണ് കോടതി തർക്കഭൂമി നൽകിയത്​.

ഇന്ത്യയിലെ കോടതികളാണ് ലോകത്തെ ഏറ്റവും ശക്തമായവ എന്ന് നമ്മുടെ ജഡ്ജിമാർ അടുത്തകാലംവരെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് പരിമിതികളുണ്ടെന്നു കോടതികൾ ഇപ്പോൾ പരസ്യമായി അംഗീകരിക്കുന്നു.
ഡൽഹിയിലെ കലാപബാധിതരെ സഹായിക്കാൻ ആദ്യം എത്തിയത് ചില സർക്കാറിതര സംഘടനകളുടെ പ്രവർത്തകരായിരുന്നു. അവർ മുറിവേറ്റവരെ ആശുപത്രികളിലെത്തിക്കാൻ മുൻകൈയെടുത്തു. നേര​േത്ത വന്നാലും വൈകിവന്നാലും കലാപബാധിത പ്രദേശങ്ങളിലെത്തുന്ന രാഷ്​ട്രീയകക്ഷികളുടെ പ്രഥമലക്ഷ്യം രാഷ്​ട്രീയ മുതലെടുപ്പാകും. ആ നിലക്ക്​ ഇത്തരം സന്ദർഭങ്ങളിൽ ആദ്യം മുന്നോട്ടുവരേണ്ടത് എൻ.ജി.ഒകൾ തന്നെയാണ്.

മോദി സർക്കാർ അധികാരത്തിൽ വന്നയുടൻ സർക്കാറിതര സംഘടനകളുടെ സാമ്പത്തികസ്രോതസ്സുകൾ അടച്ചുകൊണ്ട് അവയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയുണ്ടായി. ഗുജറാത്ത് കലാപത്തിനുശേഷം അതിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ടീസ്​റ്റ സെറ്റൽവാദും മറ്റും നടത്തിയ പ്രവർത്തനങ്ങളാണ് എൻ.ജി.ഒകൾക്കെതിരെ നീങ്ങാൻ കാരണമായതെന്നത് പരസ്യമായ രഹസ്യമാണ്. ഡൽഹിയിലെ അനുഭവത്തി​​​െൻറ വെളിച്ചത്തിൽ, ഇപ്പോഴും രംഗത്ത് സജീവമായുള്ള പ്രധാന സർക്കാറിതര സംഘടനകൾ സമാനസാഹചര്യങ്ങൾ രാജ്യത്തെവിടെയുണ്ടായാലും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കാനും ദുരിതാശ്വാസപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യുന്നതിനെക്കുറിച്ച് ഗൗരവപൂർവം ആലോചിക്കേണ്ടതാണ്.

Tags:    
News Summary - Delhi Riots Delhi Violence -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.