കളങ്കിതമാകരുത് സഭയുടെ പ്രാതിനിധ്യ സ്വഭാവം

രാജ്യസഭയിലേക്ക് ഈ മാസം പുതുതായി 80 അംഗങ്ങള്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ലോക്സഭാംഗങ്ങളെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുമ്പോള്‍ പാര്‍ലമെന്‍റിന്‍െറ ഉപരിമണ്ഡലമായ രാജ്യസഭയിലേക്ക് വിവിധ സംസ്ഥാന നിയമസഭകള്‍ വഴിയാണ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടാറ്. സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്ന അംഗങ്ങളുടെ കൗണ്‍സിലാണ് യഥാര്‍ഥത്തില്‍ രാജ്യസഭ (കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ്).
എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങള്‍ അതത് സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യാന്‍ യോഗ്യരല്ല എന്ന സത്യം ചൂണ്ടിക്കാട്ടാതെ വയ്യ. യഥാര്‍ഥത്തില്‍ ഓരോ രാജ്യസഭാംഗവും അതത് സംസ്ഥാനത്തെ പ്രതിനിധാനംചെയ്യാന്‍ കഴിയുംവിധം ആ സംസ്ഥാനത്ത് സ്ഥിരതാമസക്കാരനായിരിക്കണം.   ഇതുസംബന്ധമായ തര്‍ക്കം കോടതിയില്‍ എത്തിയപ്പോള്‍ സ്ഥിരതാമസക്കാരനാകണം എന്ന വ്യവസ്ഥ ഒരു ദശകംമുമ്പ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
തങ്ങളുടെ ഇഷ്ടക്കാരെയും സില്‍ബന്ധികളെയും സഭയില്‍ പ്രതിഷ്ഠിക്കാന്‍ അവസരം പാര്‍ത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെയാണ് ഇത്തരമൊരു വ്യവസ്ഥ അട്ടിമറിച്ചത്. രാജ്യസഭാ സ്ഥാനാര്‍ഥി ‘അതത് സംസ്ഥാനത്തെ താമസക്കാരനാകണം’ എന്ന ഉപാധി ‘ഇന്ത്യയിലെ താമസക്കാരനാകണം’ എന്ന ഭേദഗതി പാര്‍ലമെന്‍റില്‍ പാസാക്കിക്കൊണ്ടായിരുന്നു പാര്‍ട്ടികള്‍ കൗശലംകാട്ടിയത്. പ്രശ്നം സുപ്രീം കോടതിയിലത്തെിയെങ്കിലും ഉപാധി പുന$സ്ഥാപിക്കാന്‍ വിസമ്മതിക്കുകയായിരുന്നു ന്യായാധിപന്മാര്‍. പാര്‍ലമെന്‍റിനെ രാജ്യസഭ, ലോക്സഭ എന്നീ രണ്ടു ഘടകങ്ങളായി വിഭജിച്ചതിനുപിന്നില്‍ വ്യത്യസ്ത ദൗത്യങ്ങള്‍ നിറവേറ്റുക എന്ന വ്യക്തമായ ലക്ഷ്യമുണ്ട്. ഇതുസംബന്ധമായി ആര്‍. വെങ്കിട്ടരാമന്‍ (പിന്നീട് ഇദ്ദേഹം രാഷ്ട്രപതിയായി) ഒരിക്കല്‍ ഉന്നയിച്ച സന്ദേഹത്തിന് നല്‍കിയ മറുപടിയില്‍ ബി.ആര്‍. അംബേദ്കര്‍ ആ വ്യവസ്ഥയുടെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. എന്നാല്‍, ലോക്സഭാ സ്ഥാനാര്‍ഥിത്വത്തിന് ഈ ഉപാധി ബാധകമാക്കുന്നുമില്ല.
‘അതത് സംസ്ഥാനത്തെ താമസക്കാരനാകണം രാജ്യസഭാ സ്ഥാനാര്‍ഥി’ എന്ന ഉപാധിയുടെ വൈശിഷ്ട്യം കോടതിക്ക് ബോധ്യപ്പെടുകയുണ്ടായില്ല.  തെരഞ്ഞെടുക്കുന്നവര്‍ (ഇലക്ടറല്‍ കോളജ്) അതത് സംസ്ഥാനക്കാരായാല്‍ മതിയെന്ന നിയമവശത്തിനായിരുന്നു കോടതിയില്‍ ഊന്നല്‍ ലഭിച്ചത്. സംസ്ഥാനത്തുതന്നെ താമസിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കേ ആ സംസ്ഥാനത്തിന്‍െറ സംസ്കാരം, ഭാഷ, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിവ യഥാവിധി ഗ്രഹിക്കാനാകൂ എന്ന യാഥാര്‍ഥ്യമാണിവിടെ അവഗണിക്കപ്പെട്ടത്.
നദീജലം പങ്കുവെക്കുന്നതിന്‍െറ പേരില്‍ സഭാ വാഗ്വാദത്തിലേര്‍പ്പെടുന്ന കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ നമുക്ക് ഉദാഹരണമായെടുക്കാം.  തമിഴ്നാട്ടില്‍ താമസക്കാരനായ ഒരു നേതാവിനെ കര്‍ണാടക അസംബ്ളി രാജ്യസഭാ പ്രതിനിധിയായി തെരഞ്ഞെടുത്താല്‍ അയാള്‍ക്ക് കര്‍ണാടകയെ ശരിയായ രീതിയില്‍ പ്രതിനിധാനംചെയ്യാന്‍ സാധിക്കുമോ? അതുകൊണ്ടായിരുന്നു രാജ്യസഭാ സ്ഥാനാര്‍ഥിയുടെ സ്ഥിരതാമസം യോഗ്യതാ മാനദണ്ഡമായി തുടരണമെന്ന് ഭരണഘടനയുടെ പ്രവര്‍ത്തനവിജയം അവലോകനംചെയ്യാന്‍ നിയോഗിക്കപ്പെട്ട ദേശീയ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതും. എന്നാല്‍, പ്രസ്തുത കമീഷന്‍െറ ശിപാര്‍ശകളൊന്നുപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല എന്നത് വേറെകാര്യം. സുപ്രീംകോടതിക്ക് സായുജ്യമടയാന്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ പൗരനാകണം എന്ന ഉപാധി മാത്രം മതി. രാജ്യസഭയിലെ 250 അംഗങ്ങളും ഇന്ത്യയിലെ ഏതെങ്കിലും ഒറ്റ നഗരക്കാരോ ഒറ്റ സംസ്ഥാനക്കാരോ ആയിരുന്നാലും കോടതിക്ക് അതില്‍ പരിഭവം ഉണ്ടാകില്ളെന്നു സാരം! രാജ്യസഭാ രൂപവത്കരണത്തിനു പിന്നില്‍ പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ധനകാര്യമൊഴികെയുള്ള സകല ബില്ലുകളും രാജ്യസഭയിലും പാസാക്കപ്പെടണം. രാജ്യസഭാ അംഗത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികമോ ഭരണഘടനാപരമോ അല്ല എന്ന കോടതിയുടെ നിരീക്ഷണത്തോടും എനിക്ക് യോജിപ്പില്ല. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരമൊരു തെരഞ്ഞെടുപ്പിനുള്ള അവകാശം മൗലികാവകാശത്തിന്‍െറ ഭാഗമായിതന്നെ ഗണിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കമായി ഇത്തരം തെരഞ്ഞെടുപ്പുകള്‍ ചുവടുമാറും.
പണച്ചാക്കുകള്‍ക്കും മാഫിയകള്‍ക്കും രാജ്യസഭയിലേക്ക് അനായാസം കടന്നുകയറാന്‍ സഭയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാനിടയാക്കി എന്നതാണ് സുപ്രീംകോടതി വിധിയുടെ ദുഷ്പരിണതി. പണവും കൈയൂക്കുമുള്ളവരുടെ  അങ്കക്കളരിയായി സഭ മാറിയെന്നു സാരം. തങ്ങളുടെ ഇഷ്ടക്കാര്‍ രാജ്യത്തിന്‍െറ ഏതു കോണിലായിരുന്നാലും ശരി അവരെ സഭയില്‍ പ്രതിഷ്ഠിക്കാന്‍ രാഷ്ട്രീയ യജമാനന്മാര്‍ക്ക് അവസരം ലഭ്യമാകുന്നു. രാജ്യസഭയിലേക്ക് 12 അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം എന്നാണ് ഭരണഘടനാ അനുശാസനം. എന്നാല്‍, സഭയിലെ മുഴുവന്‍ അംഗങ്ങളും രാഷ്ട്രീയ ദല്ലാളന്മാരുടെ നോമിനികളായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.