രോഗാതുര സമൂഹത്തിന്‍െറ പ്രതിസന്ധികള്‍

1984 ഒക്ടോബര്‍ അന്ത്യത്തില്‍ ഞാന്‍ ലാഹോറില്‍ ഉണ്ടായിരുന്നു. അതിര്‍ത്തിഗാന്ധിയുടെ പുത്രന്‍ വലി ഖാനുമായി കൂടിക്കാഴ്ച നടത്താന്‍ യാത്ര തിരിച്ചതായിരുന്നു ഞാന്‍. പെഷാവറിലേക്ക് റാവല്‍പിണ്ടിയില്‍നിന്ന് വണ്ടി കയറി. ഇടക്ക് ആബട്ടാബാദില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ചായ കഴിക്കാനിറങ്ങി. ഹോട്ടലിലെ ട്രാന്‍സിസ്റ്ററില്‍നിന്ന് അപ്പോഴാണ് ആ വാര്‍ത്ത ശ്രദ്ധിക്കാനിടയായത്. ഇന്ദിര ഗാന്ധി രണ്ട് സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചെന്ന ബി.ബി.സി റിപ്പോര്‍ട്ടാണ് റേഡിയോയിലൂടെ ശ്രവിച്ചത്.

ഞാന്‍ പെഷാവര്‍ യാത്ര ഉപേക്ഷിച്ചു. ഉടനെ ലാഹോറിലേക്കു മടങ്ങി. പക്ഷേ, അപ്പോഴേക്കും അന്നത്തെ ഡല്‍ഹി ഫൈ്ളറ്റ് താവളംവിട്ടിരുന്നു. പിറ്റേന്നാണ് ഞാന്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. പാലം വിമാനത്താവളം ഏറക്കുറെ വിജനമായിരുന്നു. സിഖുകാരായ ജീവനക്കാര്‍ക്ക് ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ പ്രത്യേക സുരക്ഷ നിര്‍ബന്ധമാണെന്ന് ഏതോ ഒരു ഉദ്യോഗസ്ഥന്‍ ആശങ്കയോടെ പറയുന്നതായി കേള്‍ക്കാന്‍ സാധിച്ചു. എന്തോ പന്തികേടു സംഭവിച്ചതുപോലെ ഞാന്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു.

ഞാന്‍ ഹിന്ദുവായ ഒരു ഉദ്യോഗസ്ഥനെ സമീപിച്ച് വിവരങ്ങള്‍ തിരക്കി. ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയിലുടനീളം അക്രമവും കൊള്ളിവെപ്പും അരങ്ങേറി. അക്രമികള്‍ സിഖുകാരെ തിരഞ്ഞുപിടിച്ച്വകവരുത്തുകയും ചെയ്തു. ഈ വിശദീകരണം എന്നില്‍കൂടുതല്‍ നടുക്കമുളവാക്കി. സിഖുകാരെ ഹിന്ദുക്കളായിത്തന്നെ പരിഗണിക്കുന്ന ഹിന്ദുക്കള്‍ സിഖുകാരെ കൊന്നുവീഴ്ത്തുകയോ? ഹിന്ദുക്കളും സിഖുകാരും തമ്മിലുള്ള വിവാഹബന്ധങ്ങള്‍ സുഗമമായി നടന്നുവരുമ്പോള്‍ ഇത്തരം വര്‍ഗീയ ഭ്രാന്തുകള്‍ക്കു പിന്നിലെ യുക്തി സമസ്യയായി അവശേഷിക്കുന്നു. എന്‍െറ അമ്മ സിഖുകാരിയും അച്ഛന്‍ ഹിന്ദുവും ആയിരുന്നു.

പാലം വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങി ടാക്സി കയറുമ്പോള്‍ ഡ്രൈവര്‍ ഒരു ചാരക്കൂനയിലേക്ക് വിരല്‍ചൂണ്ടി ഇപ്രകാരം പറഞ്ഞു: ‘ഒരു സിഖുകാരനെ അവര്‍ ജീവനോടെ ചുട്ടുകൊന്നതിന്‍െറ ചാരമാണത്.’ പിന്നീട് രാജ്യസഭാംഗമായ ഘട്ടത്തില്‍ 1984ലെ സിഖ് കുരുതി അന്വേഷിക്കാന്‍ ഞാന്‍ ശക്തമായി ആവശ്യപ്പെട്ടു. എല്‍.കെ. അദ്വാനി എനിക്ക് പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് നാനാവതിയുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ അന്വേഷണ കമീഷന് രൂപംനല്‍കി.

സത്യസന്ധമായ റിപ്പോര്‍ട്ടായിരുന്നു നാനാവതി സര്‍ക്കാറിന് സമര്‍പ്പിച്ചത്. പക്ഷേ, കുരുതിക്കുപിന്നിലെ പ്രധാന വ്യക്തികളുടെ പേര്‍ അദ്ദേഹം വിട്ടുകളഞ്ഞു. ഞാന്‍ അദ്ദേഹത്തെ കണ്ട് പ്രതിഷേധം അറിയിച്ചു. അദ്ദേഹം പറഞ്ഞു: ‘സര്‍വര്‍ക്കും അക്കാര്യം അറിയാം. അക്രമികള്‍ക്ക് നേതൃത്വം നല്‍കിയവരെ എല്ലാവര്‍ക്കും അറിയാം. ആ പേരുകള്‍ റിപ്പോര്‍ട്ട് വഴി വെളിപ്പെടുത്തി പുതിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കേണ്ട എന്ന മുന്‍കരുതല്‍ സ്വീകരിക്കുകയായിരുന്നു ഞാന്‍.’ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട 10 കേസുകള്‍ അന്വേഷിച്ച എസ്. ഐ. ടിക്കു നേതൃത്വം നല്‍കിയതാവട്ടെ ആര്‍.കെ. രാഘവന്‍ ആയിരുന്നു. മികച്ച പൊലീസ് ഓഫിസറെന്ന ഖ്യാതിയുള്ള അദ്ദേഹവും പല പ്രമുഖ പ്രതികളുടെയും പേരുകള്‍ വിട്ടുകളഞ്ഞതായി ഇരകള്‍ പരിഭവിക്കുന്നു.

റോമ നഗരം എരിയുമ്പോള്‍ വീണ വായിച്ച നീറോക്കു തുല്യനാണെന്ന് ഒരിക്കല്‍ സുപ്രീംകോടതി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ വിമര്‍ശിച്ചതോര്‍മിക്കുക. എന്നാല്‍, അതേ പരമോന്നത കോടതി ഇഹ്സാന്‍ ജാഫരി കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് സ്പെഷല്‍ കോടതിക്ക് കൈമാറിയത് ഏവരെയും ആശ്ചര്യപ്പെടുത്തുകയുണ്ടായി.

ഹിന്ദു ലഹളക്കാര്‍ക്ക് അഴിഞ്ഞാടാന്‍  സര്‍വതന്ത്ര സ്വാതന്ത്ര്യവും അനുവദിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയത് മോദി ആയിരുന്നു എന്ന സത്യം അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരണ്‍ പാണ്ഡ്യ ജസ്റ്റിസുമാരായ പി.ബി. സാവന്തിനെയും എച്ച്. സുരേഗിനെയും അറിയിച്ചിരുന്നെങ്കിലും ഈ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ എസ്.ഐ.ടി തയാറായില്ല. നരേന്ദ്ര മോദിക്കെതിരെ ഒറ്റ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ളെന്ന വീരസ്യപ്രകടനം അപമാനകരമായാണ് ഗണിക്കപ്പെടേണ്ടത്. മുസ്ലിംകള്‍ക്കിടയില്‍ മോദി വളര്‍ത്തിയ ഭീതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ജനങ്ങളില്‍ മുസ്ലിം വിരുദ്ധ വിദ്വേഷം വളര്‍ത്താന്‍ ഗോധ്രയില്‍ കൊല്ലപ്പെട്ട 49 പേരുടെ മൃതദേഹങ്ങളുമായി അഹ്മദാബാദില്‍ പരേഡ് നടത്താന്‍ മോദി കര്‍സേവകരെ സജ്ജരാക്കുകയും ചെയ്തു. അരക്ഷിതബോധത്തിന്‍െറ പിടിയില്‍നിന്ന് മുക്തരാകാന്‍ സാധിക്കാതെ ഗുജറാത്തിലെ മുസ്ലിംകള്‍ ഇപ്പോഴും നരകതുല്യ ജീവിതം നയിക്കുകയാണെന്ന യാഥാര്‍ഥ്യം ജനാധിപത്യ ഇന്ത്യക്ക് ഭൂഷണമേയല്ല. കലാപം വര്‍ഷങ്ങള്‍ പിന്നിട്ടശേഷം ചില മുസ്ലിം കുടുംബങ്ങള്‍ തിരികെ എത്തിയെങ്കിലും അവര്‍  സ്വന്തം മണ്ണില്‍ സ്വാഗതം ചെയ്യപ്പെട്ടില്ല. തങ്ങളുടെ പ്രപിതാക്കളില്‍നിന്ന് അനന്തരമായി ലഭിച്ച സ്വത്തുവകകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്തിരുന്നു.

ഗുജറാത്തിലെ ദാരുണ വംശഹത്യ നമ്മുടെ ദേശത്തെ പിടിച്ചുകുലുക്കിയ ഘോരപാതകമായിരുന്നു. ബുദ്ധിജീവികളും മാധ്യമങ്ങളും സംഭവത്തെ അതിശക്തമായി അപലപിച്ചു. എന്നാല്‍, മോദിക്ക് കടിഞ്ഞാണിടാന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. മാപ്പുപറയാന്‍പോലും അദ്ദേഹം കൂട്ടാക്കുന്നില്ല. സഞ്ജയ് ഭട്ടിനെപ്പോലെയുള്ള പ്രഗല്ഭരായ പൊലീസ് ഓഫിസര്‍മാര്‍ ധീരമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, അദ്ദേഹത്തെ പാര്‍ശ്വവത്കരിക്കുന്ന നീക്കങ്ങളാണ് അരങ്ങേറിയത്. ഗുജറാത്ത് ഹൈകോടതി പോലും അദ്ദേഹത്തിന്‍െറ രക്ഷക്ക് എത്തിയില്ല.

സിഖ് കുരുതിയുടെ പേരില്‍ മന്‍മോഹന്‍ സിങ് മാപ്പുചോദിക്കുകയുണ്ടായി. എന്നാല്‍, മോദിയോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിയായ ബി.ജെ.പിയോ അത്തരം സൗമനസ്യ പ്രകടനങ്ങള്‍ക്ക് ഇപ്പോഴും തയാറല്ല. വര്‍ഗീയ ലഹളകള്‍ക്കു പിന്നിലെ പ്രതികളെ സംരക്ഷിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇരകളുടെ പക്ഷത്ത് നിലനില്‍ക്കുന്ന അമര്‍ഷം അവസാനിക്കില്ളെന്ന പാഠം പ്രതികളുടെ സംരക്ഷകര്‍ ഉള്‍ക്കൊള്ളുക മാത്രമാണ് ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള പോംവഴി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.