കൊളോണിയൽ ഭാവം കൈവിടാനാകാതെ

കോഹിനൂർ രത്ന വിഷയം പരാമർശിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ബ്രിട്ടൻ വലിയ സ്വാധീനംതന്നെ ചെലുത്തി എന്നുവേണം അനുമാനിക്കാൻ.  ലണ്ടൻ പര്യടന വേളയിൽ മോദിയുടെ മൗനത്തിനുപിന്നിൽ മറ്റു കാരണങ്ങൾ കണ്ടെത്താനാകില്ല. എെൻറ വ്യക്തിപരമായ അനുഭവങ്ങൾതന്നെയാണ് ഈ നിഗമനത്തിലേക്കു നയിക്കുന്നത്. കോഹിനൂർ വിഷയം ഞാൻ രാജ്യസഭയിൽ ഉന്നയിച്ചഘട്ടത്തിൽ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് എന്നെ ഗുണദോഷിക്കുകയുണ്ടായി. ഇത്തരം വിഷയങ്ങൾ ഉന്നയിച്ച്  ഇന്ത്യ–ബ്രിട്ടീഷ് ബന്ധം ഉലക്കരുതെന്നായിരുന്നു ആ ഉപദേശത്തിെൻറ പൊരുൾ. മന്ത്രിയുടെ വാക്കുകൾ എന്നെ നിരാശപ്പെടുത്തി. എന്നിരുന്നാലും ലണ്ടൻ യാത്രയിൽ ഞാൻ ജസ്വന്ത് സിങ്ങിനെ അനുഗമിച്ചു. ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. കോഹിനൂർ വിഷയത്തിൽ ലണ്ടനും ന്യൂഡൽഹിയും ഒരേ വശത്തുനിൽക്കുന്നു–കോഹിനൂർ ഇന്ത്യക്ക് അവകാശപ്പെട്ടതാണെങ്കിലും.

കോഹിനൂറിെൻറ ഉടമസ്ഥതയെ സംബന്ധിച്ച് തർക്കിക്കാൻപോലും ബ്രിട്ടീഷ് അധികൃതർ ഉദ്യുക്തരായി. ഉപഭൂഖണ്ഡം വിഭജിക്കപ്പെട്ടതിനാൽ രത്നത്തിന്മേൽ ഇന്ത്യക്ക് മാത്രം അവകാശവാദം ഉന്നയിക്കാനാകുമോ എന്നായിരുന്നു ബ്രിട്ടെൻറ ചോദ്യം. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് ഈ ചരിത്രശേഷിപ്പ് എന്നു സാരം. ഞാൻ ലണ്ടനിൽ ഹൈകമീഷണറായിരിക്കെ ബ്രിട്ടീഷ് വിദേശമന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥൻ കോഹിനൂറിെൻറ പേരിൽ ഞാനുമായി  വാഗ്വാദം നടത്തിയിരുന്നു. കോഹിനൂർ പാകിസ്താന് അവകാശപ്പെട്ടതാണെന്നായിരുന്നു അയാളുടെ വാദം. അങ്ങനെയെങ്കിൽ അത് ഇസ്ലാമാബാദിൽ എത്തിക്കാൻ ഞാൻ അയാളെ വെല്ലുവിളിച്ചു. ചുരുങ്ങിയപക്ഷം രത്നം ഉപഭൂഖണ്ഡത്തിൽ എത്തിയെന്നെങ്കിലും നമുക്ക് സമാധാനിക്കാമായിരുന്നു. എന്നാൽ, ഈ നിർദേശത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ആ ഉദ്യോഗസ്ഥൻ.

കോഹിനൂർ തിരികെ നൽകാൻ ബ്രിട്ടന് ഒട്ടും ഉദ്ദേശ്യമില്ലെന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യക്കവകാശപ്പെട്ട മറ്റനേകം വിലപ്പെട്ട ചരിത്രശേഷിപ്പുകളും രേഖകളും ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിൽ അവശേഷിക്കുന്നുണ്ട്. അവ വിട്ടുതരാനും ബ്രിട്ടൻ തയാറാകില്ല. കൊളോണിയൽ അധിനിവേശകാലത്ത് കൊള്ളയടിക്കപ്പെട്ട ചരിത്രശേഷിപ്പുകൾ യഥാർഥ ഉടമകൾക്ക് തിരികെ ഏൽപിക്കേണ്ടതാണെന്ന യുനെസ്കോ പ്രമേയത്തിെൻറ  ലംഘനമാണിത്. ഈ പ്രമേയം മാനിച്ച് ഫ്രാൻസ് രാജ്യം സ്വന്തമാക്കിയ അനേകം ചരിത്രശേഷിപ്പുകൾ വിവിധ രാജ്യങ്ങൾക്കു വിട്ടുകൊടുക്കുകയുണ്ടായി.

വേറിട്ട പാർട്ടിയാണ് കേന്ദ്രത്തിൽ ഇപ്പോൾ ഭരണം കൈയാളുന്നത് എന്നതിനാൽ എന്തുകൊണ്ട് അവർ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കാൻ തയാറാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ചരിത്രശേഷിപ്പുകൾ തിരികെ ലഭിക്കേണ്ട കാര്യം മോദി ഗവൺമെൻറ്  ലണ്ടനു മുന്നിൽ ശക്തമായി അവതരിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തവണ വാർഷിക പ്രദർശനത്തിൽ കോഹിനൂർ രത്നം പ്രദർശിപ്പിക്കാൻ ബ്രിട്ടൻ കൂട്ടാക്കാതിരുന്നത് ഉചിതമായി. രത്നം വീണ്ടും വീണ്ടും പ്രദർശനശാലയിൽ പ്രത്യക്ഷപ്പെടുന്നപക്ഷം അത് തിരികെ കിട്ടണമെന്ന് ഇന്ത്യക്കാർ ആവർത്തിച്ച് ആവശ്യപ്പെടാനിടയുണ്ടെന്ന വിവേകം കാമറൺ സർക്കാറിെൻറ തലയിൽ ഉദിച്ചിട്ടുണ്ടാകണം.

മഹാരാജ രഞ്ജിത് സിങ്ങിെൻറ  പുത്രൻ ദിലീപ് സിങ്ങിൽനിന്ന് ഡൽഹൗസിപ്രഭു കോഹിനൂർ കവർന്നെടുത്തതാണെന്ന സത്യവും അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും. കൊളോണിയൽ മനോനില തുടരുമ്പോഴും ഇന്ത്യയോട്  വിചിത്രമായ ആഭിമുഖ്യം പുലർത്തുന്നവരുമാണ് ബ്രിട്ടീഷുകാർ. ബ്രിട്ടീഷ് രാജിനു കീഴിൽ ഇന്ത്യയിൽ സേവനംചെയ്ത നിരവധി ബ്രിട്ടീഷുകാരും അവരുടെ കുടുംബങ്ങളും ഇന്ത്യൻ അനുഭവങ്ങളുടെ സ്മൃതികൾ സ്നേഹപൂർവം താലോലിക്കുന്നു. ഹൈകമീഷണറെന്ന നിലയിൽ ഇത്തരം കുടുംബങ്ങളുമായി ഉറ്റബന്ധം സ്ഥാപിക്കാൻ ഞാൻ മുൻകൈയെടുത്തിരുന്നു. ഹൈകമീഷണറുടെ വസതിയിൽ അവരെ ക്ഷണിച്ചുവരുത്തി ആദരിക്കുകയും ചെയ്തു. മുൻ ഐ.സി.എസ് ഓഫിസർമാർക്ക് ഞാൻ പ്രത്യേക വിരുന്നൊരുക്കി. പേരക്കുട്ടികളും ഇതര ബന്ധുക്കളും സഹിതം ആഹ്ലാദപൂർവമാണ് അവർ ചടങ്ങിൽ സംബന്ധിക്കാൻ എത്തിച്ചേർന്നത്.

സ്വന്തം സാമ്രാജ്യത്തിെൻറ പ്രശ്നങ്ങളിൽ വസ്തുനിഷ്ഠത പുലർത്താൻ ബ്രിട്ടീഷുകാർ വേണ്ടത്ര ഔത്സുക്യം കാണിക്കാറില്ല. വിനയത്തിനു പകരം ദുരഭിമാനമാണപ്പോൾ അവരെ നയിക്കുക. പശ്ചാത്തപിക്കേണ്ടതിനു പകരം അവർ അപ്രമാദിത്വം വാദിക്കുന്നു. ഇന്ത്യ–ബ്രിട്ടീഷ് ബന്ധങ്ങൾ അവതരിപ്പിക്കുന്ന പ്രദർശനങ്ങളിൽ ബ്രിട്ടെൻറ ഭരണമഹത്ത്വത്തിനാണ് ഈന്നൽ ലഭിക്കാറ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ തമസ്കരിക്കപ്പെടുന്നു. ഈയിടെ ബി.ബി.സി പ്രസാരണം ചെയ്ത ഡോക്യുമെൻററിയിൽ ഇന്ത്യയുടെ ദാരിദ്യ്രവും തെരുവുമാലിന്യങ്ങളുമായിരുന്നു  മുഖ്യപ്രതിപാദ്യം. ഇന്ത്യയുടെ രചനാത്മക വശങ്ങളെ ബോധപൂർവം ഈ ഡോക്യുമെൻററിയിൽ മറച്ചുപിടിക്കപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.