യു.എസ് പ്രസിഡന്റ് ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ജിദ്ദയിലെ അൽ സൽമാൻ റോയൽ പാലസിൽ 

പശ്ചിമേഷ്യയിലെ മഞ്ഞുരുക്കങ്ങളും ബൈഡന്‍റെ സന്ദർശനവും

ഇക്കഴിഞ്ഞ ജനുവരി 17ന് തലസ്ഥാനമായ അബൂദബിക്കു നേരെ യമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തെ വലിയ അപകടങ്ങളില്ലാതെ തടുക്കാൻ യു.എ.ഇയുടെ പ്രതിരോധസംവിധാനങ്ങൾക്ക് സാധിച്ചെങ്കിലും ആക്രമണം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, പശ്ചിമേഷ്യ കൂടുതൽ പ്രശാന്തമാകുന്നതാണ് പിന്നീട് കണ്ടത്.

ഏപ്രിൽ ആദ്യത്തിൽ യു.എൻ മധ്യസ്ഥതയിൽ യമനിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതോടെ എട്ടാം വർഷത്തിലേക്കു പ്രവേശിച്ച രക്തച്ചൊരിച്ചിലിന് ഏറക്കുറെ അന്ത്യംകുറിച്ചു. വെടിനിർത്തൽ നീട്ടിയതോടെ പതിയെയാണെങ്കിലും യമൻ പൂർവസ്ഥിതിയിലേക്ക് പരിവർത്തിക്കപ്പെടുകയാണ്. പശ്ചിമേഷ്യയിലെ മഞ്ഞുരുക്കങ്ങളുടെ പ്രത്യക്ഷസൂചനയായി ഇതിനെ കാണാവുന്നതാണ്.

ഭൗമരാഷ്ട്രീയം മാറുകയാണോ?

യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആദ്യമായി പശ്ചിമേഷ്യയിലെത്തുന്നതിനു മുമ്പുള്ള ആഴ്ചകളിൽ രാഷ്ട്രീയ നിരീക്ഷകർക്കുപോലും വ്യക്തമായി നിർവചിക്കാൻ കഴിയാത്ത പല കൂടിക്കാഴ്ചകളും സന്ധിസംഭാഷണങ്ങളും മേഖലയിൽ നടന്നു. മേഖലയുടെ ഭൗമരാഷ്ട്രീയം പുനർനിർമിക്കപ്പെടുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇവയിൽ പലതും. 2015നുശേഷം ആദ്യമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തി പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി കൂടിക്കാഴ്ച നടത്തിയത് അത്തരത്തിലൊന്നായിരുന്നു.

ആ സന്ദർശനത്തോടെ ഖത്തർ-ഈജിപ്ത് ബന്ധത്തിൽ വലിയ മാറ്റം രൂപപ്പെട്ടതായി വിലയിരുത്തപ്പെട്ടു. അതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുർക്കി സന്ദർശിച്ച് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനെ കണ്ടു. കൂടിക്കാഴ്ചക്കുശേഷം അങ്കാറയിൽനിന്ന് പുറത്തുവന്ന സംയുക്ത പ്രസ്താവനയിൽ 'സഹകരണത്തിന്‍റെ പുതിയ കാലഘട്ടം ആരംഭിക്കാൻ തീരുമാനിച്ചു' എന്നാണ് വ്യക്തമാക്കിയത്. മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിനു മുമ്പായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് തുർക്കിയിലെത്തി വൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഴ്ച ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽഖാദിമി ഇറാൻ സന്ദർശിച്ചതും വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെട്ടത്. സൗദി സന്ദർശിച്ച ഉടൻ നടന്ന തെഹ്റാൻ യാത്രക്ക് സൗദി അറേബ്യയും ഇറാനും തമ്മിലെ ചർച്ചകൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു. അതിനിടെ ഇറാനുമായി ഏറ്റുമുട്ടൽ സമീപനമില്ലെന്നും നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുമെന്നും വെളിപ്പെടുത്തിയ യു.എ.ഇ മന്ത്രിതല സന്ദർശനങ്ങൾ സജീവമാക്കുകയും ചെയ്തു.

പശ്ചിമേഷ്യയിലെ സമീപകാല നയതന്ത്രമാറ്റങ്ങളിൽ സുപ്രധാനമായ മറ്റൊന്നാണ് ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റും ഫതഹ് പാർട്ടി നേതാവുമായ മഹമൂദ് അബ്ബാസ് അഞ്ചു വർഷത്തിനിടെ ആദ്യമായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുമായി പൊതുവേദിയിൽ കൂടിക്കാഴ്ച നടത്തിയത്. അൽജീരിയൻ സ്വാതന്ത്ര്യദിന വാർഷിക ചടങ്ങിലാണ് ഇരുവരും ഇടവേളക്കുശേഷം ഹസ്തദാനം ചെയ്തത്. ചർച്ചകളോ തീരുമാനങ്ങളോ പുറത്തുവന്നില്ലെങ്കിൽപോലും 'ചരിത്രപരം' എന്നാണ് പ്രാദേശിക മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. പരസ്പരബന്ധിതമല്ലെങ്കിലും മേഖലയിലെ വിവിധ രാഷ്ട്രീയ പടവുകളിൽ കഴിഞ്ഞ ദശാബ്ദത്തിൽനിന്ന് വ്യത്യസ്തമായ ചില ചലനങ്ങൾ നടക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ബൈഡന്‍റെ വരവും പ്രഖ്യാപനങ്ങളും

ഈ സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പശ്ചിമേഷ്യയിലേക്ക് എത്തുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ പുതുപ്രവണതകളിൽ പശ്ചിമേഷ്യയുമായി വിടവില്ലാത്ത ബന്ധം അനിവാര്യമാണെന്ന ബോധ്യമാണ് ബൈഡനെ സന്ദർശനത്തിന് പ്രേരിപ്പിച്ചത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തോടെ എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വില ഉയരുകയും ആഗോള പണപ്പെരുപ്പം ശക്തമാവുകയും ചെയ്ത സമ്മർദവും ഇറാനുമായി ആണവ ചർച്ചകൾ സ്തംഭിക്കുകയും ചെയ്ത സാഹചര്യവും ഇതിൽ സുപ്രധാനമാണ്.

ആറ് ഗൾഫ് രാജ്യങ്ങളും ഇറാഖ്, ഈജിപ്ത്, ജോർഡൻ ഭരണകർത്താക്കളും പങ്കെടുത്ത ജിദ്ദ ഉച്ചകോടിയായിരുന്നു സന്ദർശനത്തിന്‍റെ ഹൈലൈറ്റ്. 'അമേരിക്ക എങ്ങോട്ടും പോകുന്നില്ല' എന്ന വാക്കോടെയാണ് ബൈഡൻ ഉച്ചകോടിയിലെ സംസാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ സുരക്ഷ വിഷയങ്ങളിൽ ഇടപെടൽ തുടരുമെന്നും മറ്റു ലോകശക്തികളെ ഈ സ്ഥാനത്തേക്ക് അനുവദിക്കില്ലെന്നുമുള്ള കൃത്യമായ സൂചനയായിരുന്നു അത്.

ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞുതന്നെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിന്‍റെ ആദ്യ ദിവസംതന്നെ യു.എസ് ആവശ്യമനുസരിച്ച് സൗദി എണ്ണ ഉൽപാദനം പ്രതിദിനം 13 ദശലക്ഷം ബാരലാക്കി ഉയർത്തി. ഇതിലധികം ഉയർത്താനാകില്ലെന്ന് സൗദി വ്യക്തമാക്കുകയും ചെയ്തു. 10.21 ദശലക്ഷം ബാരലാണ് സൗദി ഉൽപാദിപ്പിച്ചിരുന്നത്. യമനിലെ യു.എൻ മധ്യസ്ഥതയിലെ വെടിനിർത്തൽ തുടരാനും തീരുമാനമുണ്ടായി.

ഹൂതികൾ പ്രകോപനം സൃഷ്ടിച്ചാൽ അതിന് മറുപടി നൽകാൻ യു.എസ് പിന്തുണയുണ്ടാകുമെന്ന ധാരണയുമുണ്ട്. ഏഴു വർഷത്തിനുശേഷം ആദ്യമായി സൻആയിൽനിന്ന് അമ്മാനിലേക്കും കൈറോയിലേക്കും നേരിട്ടുള്ള വാണിജ്യ വിമാനസർവിസുകൾ പുനരാരംഭിക്കാനും സൗദി സഹായിക്കുമെന്നത് ഉച്ചകോടിയിലെ ധാരണയാണ്. ശുദ്ധ ഊർജത്തിനായുള്ള സഹകരണമാണ് യു.എസ്-സൗദി കരാറുകളിലൊന്ന്.

ഇസ്രായേൽ, ഇറാൻ: അകലവും അടുപ്പവും

ഇറാനോടും ഇസ്രായേലിനോടും പശ്ചിമേഷ്യൻ രാജ്യങ്ങൾ പുലർത്തുന്ന അകലവും അടുപ്പവും ബൈഡന്‍റെ സന്ദർശനത്തോടെ പുനർനിർവചിക്കപ്പെടും എന്ന് പ്രവചിക്കപ്പെട്ടിരുന്നു. അബ്രഹാം കരാറിലൂടെ നേരത്തേ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദികൂടി ചേർന്നേക്കുമെന്നും ചില വിദഗ്ധർ പങ്കുവെച്ചു. എന്നാൽ, സൗദി വ്യോമപാത ഇസ്രായേൽ അടക്കം എല്ലാ രാജ്യങ്ങൾക്കുമായി തുറന്ന പ്രഖ്യാപനം മാത്രമാണ് പുറത്തുവന്നത്.

'ആത്യന്തികമായി ബന്ധങ്ങളുടെ സാധാരണവത്കരണത്തിന്‍റെ പാതയിലെ ആദ്യത്തെ മൂർത്തമായ ചുവടുവെപ്പാണി'തെന്ന് ബൈഡൻ നടപടിയെ വിശേഷിപ്പിച്ചപ്പോൾ, ഇതിന് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. ഗൾഫ്-ഇസ്രായേൽ പ്രതിരോധ സഖ്യത്തെക്കുറിച്ച ചർച്ചകളൊന്നും ഉച്ചകോടിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മാത്രമല്ല, അറബ് സമൂഹത്തിന്‍റെ പൊതുവികാരമായ ഫലസ്തീൻ വിഷയത്തെ ഉച്ചത്തിൽ പരാമർശിക്കാനും ഉച്ചകോടിയിൽ സൗദി, ഖത്തർ, ജോർഡൻ തുടങ്ങിയ രാഷ്ട്രത്തലവന്മാർ സമയം കണ്ടെത്തി. ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതുവരെ ഇസ്രായേലുമായി ബന്ധം സാധ്യമല്ലെന്ന് സൗദി വ്യക്തമാക്കിയപ്പോൾ, അന്താരാഷ്ട്ര നിയമങ്ങളെ നോക്കുകുത്തിയാക്കി ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളാണ് മേഖലയിലെ അസ്ഥിരതക്ക് കാരണമെന്ന് ഖത്തർ തുറന്നടിച്ചു.

പശ്ചിമേഷ്യയിൽ അസ്ഥിരതയുണ്ടാക്കുന്നത് ഇറാനാണെന്നായിരുന്നു ബൈഡന്‍റെ ഉച്ചകോടിയിലെ പ്രസ്താവന. എന്നാൽ, മേഖലയിൽ ആണവായുധങ്ങളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തിന് പിന്തുണ നൽകി, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടാണ് ഉച്ചകോടിയുടെ പൊതുവായ പ്രസ്താവന പുറത്തുവന്നത്. ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെയും ഇസ്രായേലിനെയും ഒന്നിപ്പിക്കുന്ന ജോ ബൈഡന്‍റെ ശ്രമം വിലപ്പോയില്ലെന്നാണ് നിരീക്ഷകർ ഇതിനെക്കുറിച്ച് വിലയിരുത്തിയത്.

പശ്ചിമേഷ്യൻ രാജ്യങ്ങൾ അമേരിക്ക ആഗ്രഹിക്കുന്നതുപോലെ മാത്രം പ്രവർത്തിക്കുന്ന സാഹചര്യത്തിലല്ലെന്നും ഓരോ രാജ്യത്തിന്‍റെയും താൽപര്യങ്ങളും കാഴ്ചപ്പാടുകളും തമ്മിൽ അന്തരമുണ്ടെങ്കിലും പൊതുവായ ഐക്യത്തിനാണ് എല്ലാവരും പരിഗണന നൽകുന്നതെന്നും ജിദ്ദ ഉച്ചകോടി വിളിച്ചുപറഞ്ഞു. വികസനത്തിന്‍റെയും വളർച്ചയുടെയും മേഖലയിൽ മത്സരബുദ്ധിയോടെ കുതിക്കുന്ന രാജ്യങ്ങൾ ഭിന്നതകളേക്കാൾ ഐക്യസാധ്യതകളാണ് തേടുന്നത്. അതിനാൽ പരമ്പരാഗത, സമീപകാല ശത്രുക്കൾ മിത്രങ്ങളാകുന്ന കാഴ്ചകൾ വരുംനാളുകളിൽ പുറത്തുവന്നാൽ അത്ഭുതപ്പെടാനില്ല.

Tags:    
News Summary - West Asia and Biden's visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.