കൊച്ചി: ശക്തികേന്ദ്രങ്ങളിലെ സമ്മേളന നടപടികള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ സി.പി.എമ്മിലെ ഇരുപക്ഷങ്ങളുടെയും ശക്തി-ദൗര്‍ബല്യങ്ങള്‍ സംബന്ധിച്ച ചിത്രം തെളിയുന്നു. ജനുവരി 13 മുതല്‍ തൃപ്പൂണിത്തുറയില്‍ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇരുപക്ഷവും സര്‍വാധിപത്യത്തിന് തീവ്രശ്രമത്തിലാണ്. കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ അംഗസഖ്യയില്‍ മുന്‍തൂക്കമുണ്ടായിട്ടും ജില്ലാ സെക്രട്ടറി പദവി ഒൗദ്യോഗിക പക്ഷത്തിന് വിട്ടുകൊടുക്കേണ്ടി വന്ന വി.എസ് പക്ഷം ഇക്കുറി സെക്രട്ടറി പദവി ഉള്‍പ്പെടെ മേധാവിത്വം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ്. അതേസമയം, ജില്ലാ സമ്മേളനത്തില്‍ നിര്‍ണായകമായേക്കാവുന്ന സംസ്ഥാന നേതൃത്വത്തിന്‍െറ ഇടപെടല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഒൗദ്യോഗിക പക്ഷവും. ജില്ലയിലെ 19 ഏരിയ കമ്മിറ്റികളില്‍ 10 ഏരിയ കമ്മിറ്റികളിലാണ് ഇതുവരെ സമ്മേളനങ്ങള്‍ പൂര്‍ത്തിയായത്. കഴിഞ്ഞതവണ സമ്മേളനം നടത്താന്‍ കഴിയാതെ വന്ന കൊച്ചി ഏരിയ കമ്മിറ്റി, പള്ളുരുത്തി, പറവുര്‍, ആലങ്ങാട്, കളമശ്ശേരി, വൈറ്റില, തൃപ്പൂണിത്തുറ, കോതമംഗലം, പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവിടങ്ങളില്‍ സമ്മേളനം പൂര്‍ത്തിയായപ്പോള്‍ അഞ്ച് ഏരിയ കമ്മിറ്റികള്‍ വി.എസ് വിഭാഗത്തിനും അഞ്ചെണ്ണം ഒൗദ്യോഗിക പക്ഷത്തിനുമാണ്. കഴിഞ്ഞ സമ്മേളനത്തിനുശേഷം സംസ്ഥാന നേതൃത്വം ഇടപെട്ട് ഒൗദ്യോഗികപക്ഷത്തിന് സെക്രട്ടറി പദവി നല്‍കിയ പറവൂര്‍ ഇത്തവണ തിരിച്ചുപിടിച്ചതടക്കം ഏരിയാസമ്മേളനങ്ങള്‍ പകുതി പിന്നിട്ടപ്പോള്‍തന്നെ മുന്നേറാനായതായി വി.എസ് പക്ഷം കണക്കുകൂട്ടുന്നു. ജില്ലാസമ്മേളന പ്രതിനിധികളായ 387പേരില്‍ നൂറിലധികം പേര്‍ ഇപ്പോള്‍തന്നെ സ്വന്തം പാളയത്തിലുണ്ടെന്നാണ് വി.എസ് പക്ഷത്തിന്‍െറ കണക്കുകള്‍. കൂടാതെ, നിലവിലെ ജില്ലാകമ്മിറ്റിയിലെ 23 പേരുടെ പിന്തുണയും ഇവര്‍ പ്രതീക്ഷിക്കുന്നു. അതേസമയം, സമ്മേളനങ്ങള്‍ പൂര്‍ത്തിയാവാത്ത അങ്കമാലി, നെടുമ്പാശ്ശേരി, എറണാകുളം, കാലടി, കവളങ്ങാട്, മുളന്തുരുത്തി, മൂവാറ്റുപുഴ, വൈപ്പിന്‍, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ അടിയൊഴുക്കുകളാണ് ഇരുപക്ഷത്തിനും നിര്‍ണായകമാവുക. അങ്കമാലി, കാലടി, വൈപ്പിന്‍, എറണാകുളം, മൂവാറ്റുപുഴ, നെടുമ്പാശ്ശേരി സമ്മേളനങ്ങളില്‍ മുന്‍തൂക്കം ലഭിക്കുമെന്നാണ് വി.എസ് പക്ഷത്തിന്‍െറ പ്രതീക്ഷ. അതേസമയം, മുളന്തുരുത്തി, കൂത്താട്ടുകുളം, കവളങ്ങാട് കമ്മിറ്റികളില്‍ മുന്‍തൂക്കവും മറ്റിടങ്ങളില്‍ ഒപ്പത്തിനൊപ്പം എത്താനാകുമെന്നാണ് ഒൗദ്യോഗികപക്ഷത്തിന്‍െറ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.