കൊടുവള്ളി പഞ്ചായത്തില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട്: കൊടുവള്ളി പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. റോഡ് ടാറിങ്, റിപ്പയറിങ്, തെരുവുവിളക്ക് സ്ഥാപിക്കല്‍ എന്നിവയില്‍ ക്രമക്കേടുള്ളതായി 2012-13 വര്‍ഷത്തെ റിപ്പോര്‍ട്ട് പറയുന്നു. ഇല്ലാത്ത വേപ്പര്‍ ലാമ്പ് സ്ഥാപിക്കാനും ടാര്‍ ചെയ്ത റോഡ് ടാര്‍ ചെയ്യാനും സിമന്‍റ് ഉപയോഗിക്കാതെ സംരക്ഷണ ഭിത്തി കെട്ടിയും തട്ടിപ്പ് നടത്തി. ഒരു വര്‍ഷത്തിനിടെ 74,60,655 രൂപയുടെ ക്രമക്കേടാണ് കണ്ടത്തെിയത്. അനുവദനീയമായതിലും അധികം തുകക്ക് ടെന്‍ഡര്‍ നല്‍കുക വഴി പോര്‍ങ്ങോട്ടുര്‍-പാലക്കുന്ന് റോഡ്, ഊരപ്പറമ്പ്-എളവന കതിരോട് റോഡ്, വാവാട് സെന്‍റര്‍-കപ്പലാം റോഡ്, വാവാട് കോയിക്കല്‍ കണ്ടി റോഡ്, അണ്ടോണ പാലം-ബി പാലം മുക്ക് എന്നീ അഞ്ച് റോഡുകളുടെ പ്രവൃത്തിയില്‍ 96,950 രൂപയുടെ നഷ്ടമാണ് വരുത്തിയത്. പഞ്ചായത്ത് കമ്മിറ്റിയുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും അംഗീകാരത്തോടെ മാത്രമേ ഇത് അനുവദിക്കാവൂ എന്ന മാനദണ്ഡമാണ് പഞ്ചായത്ത് ലംഘിച്ചത്. മൂന്ന് റോഡുകളുടെ പ്രവൃത്തിയില്‍ സിമന്‍റ് ഉപയോഗിക്കാതെ ഉപയോഗിച്ചെന്ന് കണക്കുണ്ടാക്കി. പള്ളിമുക്ക് റോഡ് സ്പില്‍ ഓവറിന് 2,64,709 രൂപയും ഹൈസ്കൂള്‍ ചാവടിക്കുന്ന് റോഡിന് 2,04,375 രൂപയും കപ്പലാംകുഴി പുരക്കെട്ടില്‍ ജൂബിലി റോഡിന് 1,22,255 രൂപയുമാണ് തട്ടിപ്പ് നടത്തിയത്. ടാറിങ് നടത്തിയ അഞ്ച് റോഡുകളില്‍ പുതിയ റോഡ് നിര്‍മാണത്തിന് എന്ന പേരില്‍ പണം പറ്റിയതും കണ്ടത്തെി. മുക്കിലങ്ങാടി പുതുക്കുടി റോഡില്‍ 1,55,125 രൂപയും ഊരപ്പറമ്പ് എളവന കതിരോട് റോഡില്‍ 3,10,229 രൂപയും മാട്ടാളക്കുന്ന് പൂക്കോട് റോഡില്‍ 3,08,283ഉം വാവാട് സെന്‍റര്‍ വരലോട്ട് പറമ്പ് റോഡില്‍ 39,125 രൂപയും കളരാന്തരി-വട്ടത്താംപൊയില്‍ റോഡില്‍ 1,34,059 രൂപയുമാണ് ക്രമക്കേട് നടത്തിയത്. പഞ്ചായത്തില്‍ 1000 തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലും വന്‍ ക്രമക്കേടാണ് കണ്ടത്തെിയത്. ഇത്രയും ബള്‍ബുകള്‍ സ്ഥാപിക്കാന്‍ 17,68,528 രൂപയാണ് സിഡ്കോക്ക് നല്‍കിയത്. എന്നാല്‍, നിലവിലില്ലാത്ത സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റിയതായും വാറന്‍റി കാലാവധിയുള്ള വിളക്കുകള്‍ മാറ്റിസ്ഥാപിച്ചും നിലവിലില്ലാത്ത സോഡിയം വേപ്പര്‍ ലാമ്പുകള്‍ക്ക് പകരം സി.എഫ് ലാമ്പുകള്‍ സ്ഥാപിച്ചതായി കണക്കുണ്ടാക്കിയുമാണ് പണം തട്ടിയത്. 85 വാട്ടിന്‍െറ 158 സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റി സി.എഫ് ലാമ്പുകള്‍ സ്ഥാപിക്കാന്‍ 35,590 രൂപ ചെലവഴിച്ചതായി പറയുന്നുണ്ടെങ്കിലും സ്റ്റോക്കെടുപ്പില്‍ ഇവ കണ്ടത്തെിയില്ല. 2011-12ല്‍ മാറ്റിസ്ഥാപിച്ച 593 സി.എഫ് ലാമ്പുകള്‍ക്ക് നാലുവര്‍ഷത്തേക്ക് വാറന്‍റി നിലനില്‍ക്കെ 2013ല്‍ വീണ്ടും മാറ്റി. 11,48,255 രൂപയുടെ അധിക ചെലവാണ് ഇതുവഴി നടത്തിയത്. 750 സി.എഫ് ലാമ്പുകള്‍ റിപ്പയര്‍ ചെയ്യാന്‍ 2,53,406 രൂപ ചെലവഴിച്ച അതേവര്‍ഷംതന്നെ ഇവ മാറ്റിസ്ഥാപിച്ചതായും കണക്കുണ്ടാക്കി. ഇതുവഴി 1,15,553 രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് പറയുന്നു. 1000 സി.എഫ് ലാമ്പുകള്‍ പുതുതായി വാങ്ങിയപ്പോള്‍ സ്ഥാപിച്ചത് 749 എണ്ണമാണ്. ഈയിനത്തിലെ നഷ്ടം 4,86,845 രൂപയാണ്. ഗ്രാമസഭയുടെയോ കെ.എസ്.ഇ.ബിയുടെയോ അംഗീകാരമോ അറിവോ ഇല്ലാതെയാണ് പ്രവൃത്തികള്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.