നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ വിലപ്പെട്ട രേഖകള്‍ കാണാനില്ല

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിലെ ഫയലുകള്‍ നഷ്ടപ്പെട്ടു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തില്‍ സൂപ്രണ്ട് ഡോ. ലാലുജോണ്‍ ഇക്കാര്യം അറിയിച്ചതോടെ യോഗം ബഹളത്തില്‍ മുങ്ങി. 2009 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളിലെ യോഗ മിനുട്സുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ സാധനങ്ങളാണ് കാണാതായത്. ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നടത്തിയ വികസനപ്രവൃത്തികളുടെ വിജിലന്‍സ് പരിശോധിച്ച രേഖകളും കാണാതായ ഫയലുകളില്‍ ഉള്‍പ്പെടുമത്രെ. വിവരം പുറത്തുവന്നതോടെ അംഗങ്ങള്‍ ഒന്നടങ്കം സൂപ്രണ്ടിനെതിരെ തിരിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കുറച്ച് മാസം അവധിയിലായിരുന്നപ്പോഴാണ് രേഖകള്‍ കാണാതായതെന്നാണ് സൂപ്രണ്ടിന്‍െറ വിശദീകരണം. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ അടിയന്തര സ്റ്റാഫ് മീറ്റിങ് വിളിക്കണമെന്ന് മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍പേഴ്സന്‍ തൂണേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ദേവി നിര്‍ദേശിച്ചു. ഉച്ചക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗവും ചേരും. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് വ്യാഴാഴ്ച രാവിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്നത്. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മാവേലി മെഡിക്കല്‍ സ്റ്റോറിന്‍െറ വാടക വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം യോഗത്തില്‍ വന്നു. ഇതോടെയാണ് നിലവിലുള്ള വാടക എത്രയെന്ന് പരിശോധിക്കാന്‍ പഴയ ഫയല്‍ ആവശ്യപ്പെട്ടത്. ഈ സമയത്താണ് ഫയലുകള്‍ കാണുന്നില്ളെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഒഴുക്കന്‍മട്ടില്‍ പറഞ്ഞത്. ആശുപത്രി ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ ആശുപത്രി ഭരണം നടത്തുന്ന ബ്ളോക് ഭരണസമിതി താല്‍പര്യം കാണിക്കുന്നില്ളെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ആവശ്യത്തിന് വിദഗ്ധ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല. ലക്ഷങ്ങളുടെ എക്സ്റേ മെഷീന്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആശുപത്രിക്ക് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ അനുവദിക്കാമെന്നു പറഞ്ഞിട്ടും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും ചിലര്‍ പരാതിയായി ചൂണ്ടിക്കാണിച്ചു. യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ദേവി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സലാം, സി. കുമാരന്‍, ടി.കെ. ലിസ, അഡ്വ. കെ.എം. രഘുനാഥ്, സി.എച്ച്. മോഹനന്‍, ഏരത്ത് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.