കായംകുളം: വിവാദ ബാര്‍ അനുമതി വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ശീതസമരം രൂക്ഷമായതോടെ കായംകുളത്ത് നഗരസഭാ ഭരണം അവതാളത്തില്‍. കോണ്‍ഗ്രസിന്‍െറ അച്ചടക്ക നടപടിക്ക് വിധേയയായ ചെയര്‍പേഴ്സണുമായി ഒരു നിലക്കും സഹകരിക്കേണ്ടതില്ളെന്ന് ഭൂരിപക്ഷം യു.ഡി.എഫ് കൗണ്‍സിലര്‍മാരും തീരുമാനിച്ചതോടെയാണ് അഭിപ്രായ വ്യത്യാസം ഭരണരംഗത്തെ ബാധിച്ചത്. വിവാദ ബാര്‍ ഫയലില്‍ ക്രമക്കേട് വരുത്തിയതില്‍ ചെയര്‍പേഴ്സണിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന അന്വേഷണ കമീഷന്‍െറ നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്സണായ രാജശ്രീ കോമളത്തിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കില്ളെന്ന നിലപാട് രാജശ്രീ സ്വീകരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായി. അധികാരമേറ്റ് ആറുമാസം കഴിഞ്ഞുമാത്രമേ അവിശ്വാസം അവതരിപ്പിക്കാന്‍ കഴിയൂവെന്നത് ചേരിപ്പോര് രൂക്ഷമാക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ്. ഒരു മാസം മുമ്പാണ് രാജശ്രീ കോമളത്ത് ചെയര്‍പേഴ്സണായി അധികാരമേറ്റത്. ഭരണത്തിന് നേതൃത്വം നല്‍കേണ്ട ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും നഗരസഭയിലേക്ക് പേരിന് മാത്രമാണ് വന്നുപോകുന്നത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടന്നുപോകുന്നുവെന്നല്ലാതെ ഭരണപരമായ തീരുമാനം എടുക്കാന്‍ കഴിയാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. അതേസമയം നഗരഭരണത്തിലെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ പ്രതിപക്ഷവും ശക്തമായ നിലപാടുമായി രംഗത്തുണ്ട്. 18ന് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ നഗരസഭ ഉപരോധിക്കുന്നുണ്ട്. ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ തുടര്‍ സമരപരിപാടികളുമുണ്ടാകും. തിങ്കളാഴ്ച നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി നഗരകവാടത്തിന് മുന്നില്‍ ഒരാഴ്ച സത്യഗ്രഹം തുടരുകയാണ്. രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ഇതിനിടെ വിഷയം അന്വേഷിക്കാന്‍ കെ.പി.സി.സി ചുമതലപ്പെടുത്തിയ ഉപസമിതി 18ന് തെളിവെടുപ്പിനായി കായംകുളത്ത് എത്തുമെന്നാണ് സൂചന. വിവാദ ബാര്‍ ഫയലിലെ ക്രമക്കേട്, കോഴ ആരോപണം എന്നിവയാണ് പ്രധാനമായും ഉപസമിതി അന്വേഷിക്കുന്നത്. ഇതിനൊപ്പം ഫയലില്‍ ക്രമക്കേട് വരുത്താന്‍ ചെയര്‍പേഴ്സണിനെ പ്രേരിപ്പിച്ച ‘ബാഹ്യശക്തിയെ’ കുറിച്ചും അന്വേഷിക്കുമെന്നാണ് അറിയുന്നത്. ഇവരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമേ വിഷയത്തില്‍ കെ.പി.സി.സിയുടെ കൃത്യമായ തീരുമാനം വരുകയുള്ളൂ. അതേസമയം കായംകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ഫയല്‍ തിരുത്തിയ വിഷയത്തില്‍ കായംകുളം പൊലീസ് ചെയര്‍പേഴ്സണിനും ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍.വൈ.സി ദേശീയ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.