‘ട്രീറ്റ്’ റസ്റ്റാറന്‍റുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും –മന്ത്രി

പരപ്പനങ്ങാടി: തനത് ഭക്ഷണ വിഭവങ്ങള്‍ പ്രചരിപ്പിക്കുന്ന ‘ട്രീറ്റ്’ റസ്റ്റാറന്‍റുകള്‍ക്ക് സബ്സിഡി അടക്കമുള്ള ധനസഹായം നല്‍കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ജില്ലാ ടൂറിസം പ്രമാഷന്‍ കൗണ്‍സിലിന്‍െറ ട്രീറ്റ് റസ്റ്റാറന്‍റുകളില്‍ ആദ്യത്തേത് പരപ്പനങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന്‍െറ തനത് ഭക്ഷണ വിഭവങ്ങള്‍ ഗുണനിലവാരത്തോടെ സഞ്ചാരികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ഡി.ടി.പി.സി തനത് റസ്റ്റാറന്‍റുകള്‍ ആരംഭിച്ചത്. ജൈവ ഉല്‍പന്നങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഇവിടെ ലഭിക്കുക. ഭക്ഷണം കഴിക്കാനത്തെുന്നവര്‍ക്ക് പാചകം കാണാനും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. ജൈവ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലയിലെ ജൈവ കര്‍ഷകരുമായി ഡി.ടി.പി.സി ധാരണയിലത്തെിയിട്ടുണ്ട്. മില്‍മയുടെ കൗണ്ടര്‍, വിവിധ നാടന്‍ ഉല്‍പന്നങ്ങളുടെ വില്‍പന എന്നിവയും ഇവിടെയുണ്ടാകും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനം. ജനുവരിയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും തുടര്‍ന്ന് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും ഒമ്പത് റസ്റ്റാറന്‍റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെയാണ് ഡി.ടി.പി.സിയുടെ പുതിയ സംരംഭം യാഥാര്‍ഥ്യമാക്കിയത്. വനിതാ വികസന കോര്‍പറേഷന്‍ വഴി സംരംഭത്തിന് നാല് ശതമാനം പലിശക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ചടങ്ങില്‍ പരപ്പനങ്ങാടിയിലെ ജൈവ കര്‍ഷകരെ മന്ത്രി പൊന്നാടയണിയിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ആലിബാപ്പു, വൈസ് പ്രസിഡന്‍റ് പി.കെ. മുഹമ്മദ് ജമാല്‍, ഡി.ടി.പി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ എ.കെ.എ. നസീര്‍, എം.കെ. മുഹ്സിന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.