കോണ്‍, ലീഗ് അംഗങ്ങളെ തീര്‍ഥാടനത്തിന് ‘വിട്ട്’ അജണ്ട പാസാക്കാന്‍ നീക്കം

കോഴിക്കോട്: മുക്കം പഞ്ചായത്ത് ഭരണസമിതിയിലെ ഓരോ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെ ശബരിമല, ഉംറ തീര്‍ഥാടനത്തിന് ‘പറഞ്ഞയച്ച്’ ടൗണിലെ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ ഗൂഢനീക്കം. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം പലതവണ മാറ്റിവെച്ച ബാര്‍ അജണ്ട അടുത്ത ചൊവ്വാഴ്ച ചേരുന്ന ഭരണസമിതി യോഗത്തില്‍ പാസാക്കിയെടുക്കാനാണ് ചില പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രഹസ്യതന്ത്രം മെനയുന്നത്. 21 അംഗ ഭരണസമിതിയില്‍ പത്തംഗങ്ങളുള്ള എല്‍.ഡി.എഫ് ആണ് മുക്കം ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. ലീഗിന് അഞ്ചും കോണ്‍ഗ്രസിന് നാലും , വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രയും ഒരു ബി.ജെ.പി അംഗവും ഭരണസമിതിയിലുണ്ട്. പ്രതിപക്ഷത്തെ 11 പേര്‍ ഒരുമിച്ചാല്‍ ബാര്‍ അജണ്ട പാസാകില്ളെന്നിരിക്കെ, രണ്ട് പേരെ തീര്‍ഥാടനത്തിനു പറഞ്ഞയച്ച് ഏതു വിധേനയും പാസാക്കാനാണ് രാഷ്ട്രീയ-മദ്യമാഫിയയുടെ നീക്കം. ഹോട്ടലുടമയുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് അടുത്ത ബന്ധമുള്ളതിനാല്‍ എല്‍.ഡി.എഫിന് ബാര്‍ വരുന്നതിനോട് മുമ്പെതന്നെ എതിര്‍പ്പില്ല. മുക്കം-അരീക്കോട് റോഡില്‍ ടൗണിന്‍െറ മധ്യത്തിലായി ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് ‘മലയോരം’ സ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. 2013 ഫെബ്രുവരിയില്‍ ഹോട്ടലിന് ബാര്‍ലൈസന്‍സ് നേടാന്‍ നീക്കം നടന്നിരുന്നു. പഞ്ചായത്തിന്‍െറ എന്‍.ഒ.സിക്കായി അപേക്ഷ നല്‍കിയതറിഞ്ഞ് മുക്കം ബാര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഇതിനെതിരെ അന്ന് രംഗത്തിറങ്ങി. ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് 21 ഭരണസമിതി അംഗങ്ങള്‍ക്കും ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കി. ഇതേ തുടര്‍ന്ന് ഭരണസമിതി അപേക്ഷ തള്ളുകയും ചെയ്തു. ഇതിനെതിരെ ഹോട്ടലുടമ ഹൈകോടതിയെ സമീപിച്ചു. എക്സൈസ് വകുപ്പിന്‍േറതടക്കം സര്‍വ അനുമതിയും ലഭിച്ചതിനാല്‍ എന്‍.ഒ.സി അനുവദിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു 2013 മാര്‍ച്ച് 21 സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. ബാര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാലിഹ് കൊടപ്പന കേസില്‍ കക്ഷി ചേര്‍ന്നതോടെ ഹരജി മാറ്റിവെച്ചു. എന്‍.ഒ.സി നല്‍കേണ്ടത് പഞ്ചായത്ത് ആയതിനാല്‍ പഞ്ചായത്ത് ഭരണസമിതിയെ സമീപിക്കണമെന്ന് ഹൈകോടതി 2013 ഒക്ടോബറില്‍ ഉത്തരവിട്ടു. എന്‍.ഒ.സി നല്‍കാനും തള്ളാനുമുള്ള എല്ലാ അധികാരവും ഗ്രാമപഞ്ചായത്തിനാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് ഹോട്ടലുടമ ബിയര്‍പാര്‍ലര്‍ ലൈസന്‍സിനായി 2014 സെപ്റ്റംബര്‍ 22ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയുണ്ടായി. വിഷയം അജണ്ടയില്‍ വന്നെങ്കിലും നാട്ടുകാരുടെ കനത്ത പ്രതിഷേധമൂലം പിന്നീടത് അജണ്ടയില്‍നിന്ന് ഒഴിവാക്കി. ഇതിനിടെ ഹോട്ടലിന് ഫോര്‍സ്റ്റാര്‍ പദവി നേടിയെടുത്തതായും പറയുന്നു. ഹൈകോടതി നിര്‍ദേശമനുസരിച്ച് അടുത്തിടെ ഹോട്ടലുടമ വീണ്ടും പഞ്ചായത്തില്‍ അപേക്ഷ നല്‍കി. രണ്ട് അംഗങ്ങള്‍ ‘ഒഴിവായാല്‍’ നിഷ്പ്രയാസം അജണ്ട പാസാക്കാമെന്ന് ഭരണസമിതിയിലെ ചിലര്‍ ഹോട്ടലുടമക്ക് ഉറപ്പുനല്‍കിയതായി പറയുന്നു. ഇതിനിടയിലാണ് നേതാവായ ലീഗ് അംഗം ഉംറക്ക് പോകാന്‍ തീരുമാനിച്ചത്. അദ്ദേഹം ഞായറാഴ്ച വൈകീട്ട് കുടുംബസമേതം യാത്ര പുറപ്പെടും. കോണ്‍ഗ്രസ് അംഗം ശബരിമലക്ക് പോകുന്നതോടെ ‘രണ്ടംഗങ്ങളുടെ ഒഴിവ് ഉറപ്പായിരിക്കയാണ്’. യു.ഡി.എഫിന്‍െറ മദ്യനയത്തിന് വിരുദ്ധമായി തന്ത്രം മെനഞ്ഞ സംഭവം ചില ലീഗ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബാര്‍ അജണ്ട പാസായാല്‍ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.