കുവൈത്ത് സിറ്റി: അധിനിവേശ നഷ്ടപരിഹാരമായി നൽകാനുള്ള കുടിശ്ശിക അടച്ചുതീ൪ക്കാൻ സാവകാശം നൽകണമെന്ന് ഇറാഖ് കുവൈത്തിനോട് അഭ്യ൪ഥിച്ചു. നഷ്ടപരിഹാരമായി നൽകാനുള്ള തുകയിലെ അവസാന ഗഡുവായ 460 കോടി ഡോള൪ നൽകുന്നതിനാണ് ഇറാഖ് സാവകാശം തേടിയത്. ആഗോളവിപണിയിൽ എണ്ണവിലയിലുണ്ടായ വൻ വിലയിടിവിൻെറയും ഇസ്ലാമിക സ്റ്റേറ്റിനെതിരായ പോരാട്ടത്തിൻെറയും പശ്ചാത്തലത്തിൽ നഷ്ടപരിഹാര കുടിശ്ശിക അടച്ചുതീ൪ക്കാൻ ഒന്നോ രണ്ടോ വ൪ഷത്തെ സാവകാശം നൽകണമെന്ന് കുവൈത്തിനോട് അഭ്യ൪ഥിച്ചതായി ഇറാഖ് വിദേശകാര്യ മന്ത്രി ഹോഷിയാ൪ സബരിയാണ് അറിയിച്ചത്. കുവൈത്തിൻെറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സദ്ദാം ഹുസൈൻെറ സൈന്യം രണ്ട് പതിറ്റാണ്ട് മുമ്പ് അധിനിവേശം നടത്തിയതിനെ തുട൪ന്നുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോള൪ നൽകണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യു.എൻ നഷ്ടപരിഹാര കമീഷൻ (യു.എൻ.സി.സി) വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്. ഏഴുമാസം നീണ്ടുനിന്ന അധിനിവേശത്തിനിടെ കുവൈത്തിലെ 700ഓളം എണ്ണക്കിണറുകളാണ് ഇറാഖ് തീയിട്ട് നശിപ്പിച്ചത്. അധിനിവേശത്തിൽനിന്ന് മോചനം നേടിയിട്ടും മാസങ്ങളോളം തീയണക്കാൻ പറ്റാത്തവിധമായിരുന്നു പല എണ്ണക്കിണറുകളും. ഇതുകൂടാതെ ഇറാഖ് സൈന്യം കുവൈത്തിൽനിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് എയ൪വേസിൻെറ വിമാനങ്ങൾ വരെ ഇറാഖ് സൈന്യം നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.
ഇറാഖ് എണ്ണവിൽപനയിലൂടെ നേടുന്ന തുകയുടെ 30 ശതമാനമാണ് ആദ്യഘട്ടത്തിൽ കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഇത് 25 ശതമാനമാക്കി കുറക്കുകയും സദ്ദാം ഹുസൈൻ ഭരണത്തിൻെറ അന്ത്യത്തിനുശേഷം ഇത് അഞ്ചുശതമാനമാക്കുകയും ചെയ്തു. ആറുമാസം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4780 ഡോള൪ ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തിൽ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള 460 കോടി ഡോളറാണ് നിലവിൽ കുടിശ്ശികയായുള്ളത്.
സദ്ദാം ഹുസൈൻെറ ഭരണത്തിന് അവസാനമായതോടെ കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെട്ടുവന്ന അവസ്ഥയിൽ നഷ്ടപരിഹാരത്തുക എത്രയുംവേഗം അടച്ചുതീ൪ക്കുക എന്ന നിലപാടിലായിരുന്നു ഇറാഖ് സ൪ക്കാ൪. സമീപകാലത്ത് അടുത്തടുത്ത് തന്നെ ഗഡുക്കൾ നൽകുകയും ചെയ്തിരുന്നു. അടുത്തവ൪ഷത്തോടെ ബജറ്റിൽ കുടിശ്ശിക മുഴുവൻ അടച്ചുതീ൪ക്കാനുള്ള തുക വകയിരുത്താൻ തീരുമാനിച്ചിരുന്നതായും സബരി പറഞ്ഞു. ഇതിനിടെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനുള്ള നടപടികൾ രാജ്യത്തിൻെറ സാമ്പത്തിക സ്ഥിതിയെ വല്ലാതെ ബാധിച്ചു. ഇതോടൊപ്പം എണ്ണ വിലയിലുണ്ടായ ഇടിവും പ്രതിസന്ധി സൃഷ്ടിച്ചു. ആഗ്രഹമുണ്ടെങ്കിലും സമയബന്ധിതമായി നഷ്ടപരിഹാരത്തുക അടച്ചുതീ൪ക്കാനുള്ള സാഹചര്യം നിലവിൽ രാജ്യത്തിനില്ളെന്നും അവസ്ഥ മനസ്സിലാക്കി കുവൈത്ത് സാവകാശം നൽകുമെന്ന പ്രതീക്ഷയിലാണെന്നും വിദേശമന്ത്രി കൂട്ടിച്ചേ൪ത്തു. കുടിശ്ശികക്ക് സാവകാശം നൽകണമെന്ന ഇറാഖിൻെറ അപേക്ഷ കുവൈത്തിനോടാണെങ്കിലും തീരുമാനമെടുക്കേണ്ടത് യു.എൻ.സി.സിയാണ്. എന്നാൽ, കുവൈത്തിൻെറ ഭാഗത്തുനിന്ന് സമ്മതം ലഭിച്ചാൽ മാത്രമേ യു.എൻ.സി.സി ഈ അപേക്ഷ പരിഗണിക്കുകയുള്ളു. ഒപ്പം രാജ്യാന്തര സമൂഹത്തിൻെറ പിന്തുണയും വേണം. അടുത്തയാഴ്ച യു.എൻ മധ്യസ്ഥതയിൽ ഇറാഖും കുവൈത്തും ഇതുസംബന്ധിച്ച ച൪ച്ച നടത്തുമെന്ന് ഹോഷിയാ൪ സബരി വ്യക്തമാക്കി. ഈമാസം 18ന് യു.എൻ.സി.സി ഗവേണിങ് കൗൺസിൽ ജനീവയിൽ ചേരുന്നുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ച ച൪ച്ചയും തീരുമാനവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.