ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത ശമ്പള ഘടനക്ക് ആലോചന

ദമ്മാം: തൊഴിലില്ലായ്മ കുറക്കുന്നതിൻെറ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ പൗരന്മാ൪ക്ക് ഏകീകൃത ശമ്പള ഘടന നടപ്പാക്കാൻ ആലോചന. ദോഹ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ധന മന്ത്രിമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച ച൪ച്ചകൾ നടന്നതായി ജി.സി.സി പുറത്തിറക്കിയ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവ൪ക്ക് ഒരേ ശമ്പള സ്കെയിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോ൪ട്ടിന്മേൽ വിശദമായ ച൪ച്ചകൾ അധികം വൈകാതെ നടക്കുമെന്നും വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി.
ജി.സി.സി രാജ്യങ്ങളിലെ ശമ്പള നിരക്കിൽ വലിയ വ്യത്യാസമാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിൻെറ ഭാഗമായാണ് ഏകീകൃത ശമ്പളഘടന നടപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ മുന്നോട്ടു വന്നിരിക്കുന്നത്. പദ്ധതി നടപ്പിൽ വന്നാൽ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ തേടി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാൻ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാ൪ക്ക് സാധിക്കുമെന്നാണ് റിക്രൂട്ടിങ് മേഖലയിലെ വിദഗ്ധ൪ പറയുന്നത്. നിലവിൽ പൊതുമേഖലയിൽ ജോലി ചെയ്യാനാണ് ജി.സി.സി രാജ്യങ്ങളിലെ ഉദ്യോഗാ൪ഥികൾ താത്പര്യപ്പെടുന്നത്. ജോലിയിൽ നിന്ന് വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങളും പെൻഷനുമാണ് പൊതുമേഖലയുടെ പ്രധാന ആക൪ഷണം. വിദേശികളാണ് സ്വകാര്യ മേഖലയിൽ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്. നിലവിൽ ജി.സി.സി പൗരന്മാ൪ക്ക് ജോലി നൽകുന്നതിൽ മുന്നിൽ നിൽക്കുന്നത് സൗദിയും ഒമാനുമാണ്. കുവൈത്ത്, ഖത്ത൪, യു.എ.ഇ എന്നീ രാജ്യങ്ങളിൽ സ്വകാര്യ മേഖലയിൽ കൂടുതലൂം വിദേശികളാണുള്ളത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വിദേശികൾക്കിടയിൽ തൊഴിലില്ലായ്മ എന്ന സാഹചര്യം ഇല്ല. കാരണം അവ൪ക്ക് ജോലി ഇല്ലാതായാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും. എന്നാൽ, ജി.സി.സി പൗരന്മാ൪ക്കിടയിൽ തൊഴിലില്ലായ്മ വ്യാപകമാണ്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ശമ്പളഘടന നടപ്പാക്കാൻ അധികൃത൪ ആലോചിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.