ആലുവ: രണ്ടുമിനിറ്റ് മാത്രം നിർത്തുന്ന ട്രെയിനുകളിൽ കയറാനുള്ളത് രണ്ടായിരത്തോളം യാത്രക്കാർ. സംസ്ഥാനത്തുതന്നെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിലാണ് ഇത്തരത്തിൽ വിചിത്ര യാത്രാ സംവിധാനമുള്ളത്. ആലുവ റെയിൽവേ സ്റ്റേഷനിൽ തിരക്കേറിയ ഗുവാഹതി, ഹൗറ ട്രെയിനുകളിൽ ശരാശരി എല്ലാ ട്രിപ്പുകളിലും രണ്ടായിരത്തോളം ടിക്കറ്റുകളാണ് വിൽക്കുന്നത്. അന്യസംസ്ഥാനക്കാർ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെയാണ് ആലുവയിൽ ഈ ട്രെയിനുകളിൽ വൻ തിരക്കായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് ആലുവ. ഗുവാഹതി ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലും ഹൗറ ട്രെയിൻ ഞായർ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. എന്നാൽ, തിരക്കേറിയ ഈ രണ്ട് ട്രെയിനുകളും ആലുവയിൽ നിർത്തുന്നത് രണ്ടുമിനിറ്റ് മാത്രമാണ്. ഞായറാഴ്ചകളിൽ ആലുവയിലെ പ്ലാറ്റ്ഫോമുകൾ മണിക്കൂറുകൾക്കുമുമ്പേ അന്യസംസ്ഥാനക്കാർ കൈയടക്കുകയാണ്. ട്രെയിനെത്തിയാൽ കയറിപ്പറ്റാൻ ഇടിയും ബഹളവുമാണ്. രണ്ടുമിനിറ്റ് മാത്രം നിർത്തുമ്പോൾ ടിക്കറ്റെടുത്ത യാത്രക്കാർക്ക് ട്രെയിനിൽ കയറാനാവാതെ വരുന്നു. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് എടുത്തവർപോലും ട്രെയിനിൽ കയറിപ്പറ്റാനാവാതെ യാത്ര മുടങ്ങി പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് പതിവുകാഴ്ചയാണ്. മാസങ്ങളായി അടഞ്ഞുകിടന്ന റിസർവേഷൻ കൗണ്ടറുകൾ അടുത്തിടെ തുറന്നിരുന്നു. അഞ്ചു കൗണ്ടറുകളിൽ ഇപ്പോൾ നാലെണ്ണം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിൽ പതിനഞ്ചു ജീവനക്കാരുണ്ട്. അതുകൂടാതെ, തകരാറിലായിരുന്ന രണ്ട് ടിക്കറ്റ് വെൻറിങ് മെഷീനുകളും പ്രവർത്തനക്ഷമമാണ്. എല്ലാ കൗണ്ടറും പ്രവർത്തനക്ഷമമായതോടെയാണ് ഈ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. എന്നാൽ, ഈ അവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സ്റ്റേഷനോട് കാണിക്കുന്ന അനാസ്ഥയിൽ ഇതും പെടുത്തുന്ന സമീപനമായിരിക്കും ഉണ്ടാവുകയെന്ന് നാട്ടുകാർ ആരോപിക്കുന്നു. കലക്ഷനിൽ ഏറെ മുമ്പന്തിയിലുള്ള സ്റ്റേഷനായ ആലുവക്ക് ആവശ്യമായ ചെറിയ കാര്യങ്ങൾപോലും അനുവദിക്കാൻ അധികൃതർ തയാറായിട്ടില്ല. യാത്രക്കാർക്കും റെയിൽ വകുപ്പിനും ഒരുപോലെ ഗുണം ചെയ്യുന്ന ഈ വിഷയവും പരിഗണിക്കപ്പെടാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.