പക്ഷിപ്പനി: മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ നിരീക്ഷിക്കും

പത്തനംതിട്ട: പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരില്‍ ദിവസവും പനി നിരീക്ഷണം നടത്തണമെന്ന് ജില്ലയിലെ സ്ഥിതി വിലയിരുത്താനത്തെിയ കേന്ദ്ര സംഘം നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലെ അഡീഷനല്‍ ഡയറക്ടര്‍ ഡോ.സി.എസ്.അഗര്‍വാള്‍, ജോയന്‍റ് ഡയറക്ടര്‍ ഡോ.സോമനാഥ് കമാക്കര്‍, ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.ദേശ് ദീപക് എന്നിവരടങ്ങിയ സംഘം ചര്‍ച്ച നടത്തി. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ആഴ്ചയിലൊരിക്കല്‍ പനി നിരീക്ഷണം നടത്തണം. വളര്‍ത്തുപക്ഷികളെ കൊല്ലുന്നവര്‍ എല്ലാ മുന്‍കരുതലും എടുക്കുകയും സുരക്ഷാ വസ്ത്രം ധരിക്കുകയും വേണം. പക്ഷികളെ കൊല്ലുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെ ദിവസവും പരിശോധനക്ക് വിധേയമാക്കണം. പനി, ശ്വാസം മുട്ടല്‍, തൊണ്ടവേദന എന്നിവ കണ്ടത്തെിയാല്‍ ഇവരെ ആശുപത്രികളിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലാക്കണം. വളര്‍ത്തുപക്ഷികളെ നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുത്. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും സ്ഥിതിഗതികള്‍ വിലയിരുത്തണം. പക്ഷിപ്പനി സംശയിക്കുന്നവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് എടുക്കുകയും അവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ദിവസേന പരിശോധനകള്‍ക്ക് വിധേയമാക്കണം. ഇതിന്‍െറ റിപ്പോര്‍ട്ട് ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍ക്ക് നല്‍കണം. ഓരോ ദിവസത്തെയും സ്ഥിതിഗതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുകയും ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യണം. ആവശ്യമെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിന്ന് ആരോഗ്യ, ആശ പ്രവര്‍ത്തകരെ നിയോഗിക്കണം. കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ സജ്ജീകരണങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തി. തിരുവല്ല മഞ്ഞാടിയിലുള്ള മൃഗസംരക്ഷണ വകുപ്പിന്‍െറ ലാബും സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍.വിദ്യാധരന്‍, എന്‍.ആര്‍.എച്ച്.എം ബയോമെഡിക്കല്‍ ഓഫിസര്‍ എന്‍.ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.