പക്ഷിപ്പനി: കോഴിവില കുത്തനെ ഇടിയുന്നു

തൊടുപുഴ: പക്ഷിപ്പനി ഭീതി പരന്നതോടെ ജില്ലയില്‍ കോഴിവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ച മുമ്പ് 95 രൂപയുണ്ടായിരുന്ന കോഴിയിറച്ചി വില ശനിയാഴ്ച 50 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇറച്ചിക്കോഴിയുമായത്തെിയ ലോറികള്‍ അതിര്‍ത്തികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കോഴി വരവും നേര്‍ പകുതിയായി കുറഞ്ഞിട്ടുണ്ട്. സമീപ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുമളി, ചിന്നാര്‍, കമ്പംമെട്ട് ചെക്പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ അതിര്‍ത്തികളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശരിയായ പരിശോധന ഇല്ലാതെ പക്ഷികളെ കൊണ്ടുവരുന്നത് ചെക് പോസ്റ്റുകളില്‍ വിലക്കിയിട്ടുണ്ട്. കൂടാതെ പരിശോധന കര്‍ശനമാക്കാന്‍ ആര്‍.ടി.ഒ, പൊലീസ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലേക്ക് കൊണ്ടുവരുന്ന താറാവ്, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗബാധയില്ളെന്ന് ഉറപ്പ് വരുത്തും. കോഴിവില കുറഞ്ഞെങ്കിലും പലരും ഇറച്ചി വാങ്ങാന്‍ മടി കാണിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കോഴി കര്‍ഷകരെയും മൊത്ത വിതരണക്കാരെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഇവക്ക് തീറ്റക്കായി വരുന്ന ചെലവ് മൂലം നഷ്ടം വരാതിരിക്കാന്‍ വില കുറച്ച് വില്‍ക്കുകയാണ് ഏക പോംവഴിയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ചാക്ക് തീറ്റക്ക് 1350 രൂപയാണ് വില. കോഴികള്‍ക്ക് ആയിരക്കണക്കിന് രൂപ മുടക്കി തീറ്റ കൊടുക്കുന്നതിനേക്കാള്‍ നല്ലത് കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്നതാണെന്ന് വ്യാപാരികള്‍ പറയുന്നു. കൂടാതെ നഗരങ്ങളില്‍ മുട്ടക്കച്ചവടത്തിനും വ്യാപക രീതിയില്‍ കുറവ് വന്നിട്ടുണ്ട്. കടകളില്‍ ഒരാഴ്ച മുമ്പ് വരെ എടുത്ത് വെച്ചിരുന്ന മുട്ട വിറ്റുപോയിട്ടില്ളെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ച് രൂപ വിലയുണ്ടായിരുന്ന മുട്ടക്ക് 3.50 രൂപ വരെ വിലയിടിഞ്ഞിട്ടുണ്ട്. ജില്ലയില്‍ താറാവ് കര്‍ഷകരും വില്‍പന കേന്ദ്രങ്ങളും കുറവായതിനാല്‍ വലിയ പ്രതിസന്ധിയുണ്ടായിട്ടില്ല. പക്ഷിപ്പനി ഭീതി തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പലരും മത്സ്യം, പോത്തിറച്ചി എന്നിവയെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിസന്ധി തുടരുകയാണെങ്കില്‍ വില ഇനിയും താഴേക്ക് പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.