പക്ഷിപ്പനി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

പത്തനംതിട്ട: ജില്ലയില്‍ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി കണ്ടത്തെിയതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അപ്പര്‍കുട്ടനാട് മേഖലയിലെ പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണത്തിന് വിപുല നടപടി സ്വീകരിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് യോഗത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍െറ ഒരു കി.മീ. ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ നശിപ്പിക്കുന്നത്. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസംഘം എത്തിയിട്ടുണ്ട്. അപ്പര്‍കുട്ടനാട് മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. വേങ്ങല്‍ എല്‍.പി.എസിലും ആലംതുരുത്തിയിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നശിപ്പിക്കുന്ന വളര്‍ത്തുപക്ഷികളുടെ കണക്കെടുത്ത് കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പ്രതിരോധപ്രവര്‍ത്തനത്തിന് ആവശ്യമായ മാസ്കുകള്‍ കേരളത്തില്‍ എത്തിച്ചതായും ജില്ലക്ക് ആവശ്യമുള്ളവ ലഭ്യമാക്കിയതായും കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രതിരോധനടപടികള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ, കൃഷി മന്ത്രാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കൃഷി വകുപ്പിന്‍െറ നേതൃത്വത്തില്‍ തയാറാക്കിയ ബോധവത്കരണ ലഘുലേഖകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങിയതായി മന്ത്രി അറിയിച്ചു.ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ളെന്നും പക്ഷികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ.മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. പ്രതിരോധനടപടികള്‍ ഏകോപിപ്പിക്കാന്‍ തിരുവല്ല ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. പ്രതിരോധനടപടിക്ക് വ്യാഴാഴ്ച അഞ്ചുസംഘങ്ങള്‍ പ്രവര്‍ത്തിച്ചു. വെള്ളിയാഴ്ച 10 സംഘങ്ങള്‍ പ്രവര്‍ത്തിക്കും. മനുഷ്യരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം കോട്ടയത്തുനിന്ന് എത്തിക്കും. പുതിയ സ്ഥലങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തത്തെി രോഗം സ്ഥിരീകരിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. ചത്ത പക്ഷികളെ കത്തിക്കുന്ന സമയത്ത് 500 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ നിയന്ത്രിക്കാനും പെരിങ്ങരയിലെ പ്രതിരോധനടപടികള്‍ ഈ മാസം 29ന് പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇവിടെ വെന്‍റിലേറ്റര്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, പ്രമേഹ രോഗികള്‍, കാന്‍സര്‍ രോഗികള്‍, വിവിധ അസുഖങ്ങള്‍ക്ക് സ്റ്റിറോയിഡ് കഴിക്കുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, വൃക്കരോഗികള്‍ എന്നിവരെ നിലവിലെ സാഹചര്യം പരിഗണിച്ച് ആരോഗ്യ വകുപ്പ് ഹൈ റിസ്ക് ഗ്രൂപ്പില്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം വീടുകളില്‍ ബോധവത്കരണം നടത്തുന്നുണ്ട്.പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.