അതിവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആലോചന

ദുബൈ: മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്ന് ദുബൈ പോലീസ് അസി. കമാൻഡ൪ ഫോ൪ ഓപറേഷൻസ് മേജ൪ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു. അമിതവേഗത്തിനെതിരെ ദുബൈ പൊലീസിൻെറ കാമ്പയിൻ ഉദ്ഘാടനത്തോടനുബന്ധിച്ച് വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബ൪ 23 മുതൽ ഡിസംബ൪ അവസാനം വരെ നടക്കുന്ന കാമ്പയിൻ ഇത്തവണ ‘അമിതവേഗം കൊല്ലുന്നു’ എന്ന തലക്കെട്ടിലാണ്. ഒരുലക്ഷത്തിൽ മൂന്നുപേ൪ വാഹനാപകടത്തിൽ മരിക്കുന്നുവെന്നാണ് ഇപ്പോഴത്തെ കണക്ക്. 2020ഓടെ വാഹനാപകട മരണങ്ങൾ പൂ൪ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്കരണ പ്രവ൪ത്തനങ്ങൾ.  
അമിതവേഗത്തിൻെറ ഇരകൾ കൂടുതലും സ്വദേശികളാണ്. ഇന്ത്യക്കാരും പാകിസ്താനികളുമാണ് തൊട്ടുപിന്നിൽ. ഓരോ വ൪ഷവും ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നുവെന്ന് മാത്രം. അമിതവേഗം അപകടത്തിൻെറ കാരണങ്ങളിലൊന്ന് മാത്രമാണ്. പെട്ടെന്നുള്ള ലെയിൻ മാറ്റവും നടുറോഡിൽ വാഹനം നി൪ത്തിയിടുന്നതും അപകടത്തിലേക്ക് നയിക്കുന്നു. അമിതവേഗം കൂടിയാകുമ്പോൾ അപകടത്തിൻെറ തീവ്രത കൂടുകയാണ് ചെയ്യുന്നത്. മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുന്നവ൪ അപകടത്തിൽ പെട്ടാൽ സീറ്റ് ബെൽറ്റ് ധരിച്ചില്ളെങ്കിൽ മരണമോ ഗുരുതരമായ പരിക്കോ ഉറപ്പാണ്. ദുബൈ പൊലീസിൻെറ ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ വ൪ഷം 151 പേരാണ് വാഹനാപകടത്തിൽ മരിച്ചത്. 22 ലക്ഷം പിഴകൾ ചുമത്തി. ഇതിൽ 59 ശതമാനവും അമിതവേഗം, ചുവപ്പ് സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്കാണ്. 200 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ചതിന് കഴിഞ്ഞവ൪ഷം 761 പേ൪ക്കാണ് പിഴ ചുമത്തിയത്.
എമിറേറ്റ്സ് റോഡിൽ കഴിഞ്ഞവ൪ഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗം 254 കിലോമീറ്ററാണ്. ശൈഖ് സായിദ് റോഡിൽ 265 കിലോമീറ്ററും. ദുബൈ- അൽഐൻ റോഡിൽ 246, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 251, അൽഖൈൽ റോഡിൽ 245 എന്നിങ്ങനെയും രേഖപ്പെടുത്തി. എമിറേറ്റ്സ് റോഡിൽ 385 പേ൪ക്ക് പിഴ ചുമത്തി. 187, 62, 42, 25 എന്നിങ്ങനെയാണ് മറ്റുറോഡുകളിലെ പിഴകളുടെ എണ്ണം. അൽ ഖുദ്റ, അൽ ഖവാനീജ്, അൽ അവീ൪, മെയ്ദാൻ, ജുമൈറ റോഡുകളിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ ഓടിയ കാറുകൾ പിടിക്കപ്പെട്ടു. 220 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടായാൽ കെട്ടിടത്തിൻെറ 63ാം നിലയിൽ നിന്ന് വീഴുന്ന തരത്തിലുള്ള ആഘാതമാണുണ്ടാവുക. 180 കിലോമീറ്റ൪ വേഗത 42 നില കെട്ടിടത്തിൽ നിന്ന് വീഴുന്നതിന് തുല്യവും.
പൊതുനിരത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ളെന്ന് മേജ൪ സൈഫ് പറഞ്ഞു. റേസിങിൽ താൽപര്യമുള്ളവ൪ക്ക് ദുബൈ ഓട്ടോഡ്രോമിലോ മറ്റേതെങ്കിലും റേസിങ് ട്രാക്കിലോ പോകാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.