കല്ലാര്‍കുട്ടി പാലം പണിനിലച്ചു

അടിമാലി: മുതിരപ്പുഴയാറിന് കുറുകെ പണിത കല്ലാര്‍കുട്ടി പാലത്തിന്‍െറ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കരാറുകാരന് പണം മാറി നല്‍കുന്നതിന് കാലതാമസം നേരിടുന്നതാണ് പാലം പണി തടസ്സപ്പെടാന്‍ കാരണം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രത്യേക താല്‍പര്യമെടുത്ത് അനുമതി വാങ്ങി നിര്‍മാണം ആരംഭിച്ചതാണ് കല്ലാര്‍കുട്ടി പാലം. 2011 ജനുവരി ഏഴിന് വി.എസ്തന്നെ പാലത്തിന്‍െറ ശിലാ സ്ഥാപനവും നടത്തി. കല്ലാര്‍കുട്ടിയില്‍ നിലവിലുള്ള അണക്കെട്ട് പാലത്തില്‍നിന്ന് പനംകുട്ടി റോഡില്‍ 650 മീറ്റര്‍ താഴെയാണ് പാലം. മൂന്നര കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 180 മീറ്റര്‍ നീളവും 22 മീറ്റര്‍ ഉയരവുമാണ് പാലത്തിന്. പാലം പണി ഏതാണ്ട് അവസാനിച്ച നിലയിലാണ്. ഇരുവശങ്ങളിലെ അപ്രോച്ച് റോഡിന്‍െറ പണികളുടെ അവസാന ഭാഗമാണ് ഇനി തീരേണ്ടത്. പാലം പൂര്‍ത്തിയാകുന്നതോടെ ഹൈറേഞ്ചിലെ ഏറ്റവും വലിയ പാലം എന്ന ബഹുമതിയും ഇതിന് സ്വന്തമാകും. കൂടാതെ, അടിമാലിയില്‍നിന്ന് കുറഞ്ഞ ദൂരത്തില്‍ കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിലും നെടുങ്കണ്ടം വഴി തമിഴ്നാട്ടിലേക്കും എത്താന്‍ കഴിയുമെന്നതും സവിശേഷതയാണ്. പണിക്കന്‍കുടി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ എന്‍.വി. ബേബിയുടെ വീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നല്‍കിയ ജനകീയ നിവേദനത്തെ തുടര്‍ന്നാണ് പാലത്തിന്‍െറ നിര്‍മാണത്തിന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അനുമതി നല്‍കിയത്. പിന്നീടും നിര്‍മാണ പുരോഗതി വിലയിരുത്താനും വി.എസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. വൈദ്യുതി വകുപ്പിന് കീഴില്‍ കല്ലാര്‍കുട്ടി അണക്കെട്ടിന് കുറുകെ മുതിരപ്പുഴയാറില്‍ പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണചുമതല ഏറ്റെടുത്തത്. പാലത്തിന് തുക അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിന് പണം അനുവദിക്കാതിരുന്നത് നിര്‍മാണം വൈകാന്‍ കാരണമായി. തുക കണ്ടത്തെുന്നതിന് പ്രദേശത്ത് ഒരു ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി. തുടര്‍ന്ന് പാലത്തിന്‍െറ ഇരുവശങ്ങളിലെ കര്‍ഷകരില്‍നിന്ന് അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കാനും പണം കണ്ടത്തൊനും ജനകീയ കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി പിരിച്ചെടുത്ത 13 ലക്ഷം രൂപ ഭൂ ഉടമകള്‍ക്ക് കൈമാറിയതോടെയാണ് പാലം നിര്‍മാണത്തിന് തുടക്കമായത്. പാലത്തിന്‍െറ ബലക്ഷയത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പലതവണ വൈദ്യുതി വകുപ്പ് നിരോധിച്ചിരുന്നു. പലപ്പോഴും സര്‍വീസ് ബസുകള്‍ യാത്രക്കാരെ ഇറക്കിയ ശേഷമാണ് ഇതുവഴി ഓടിച്ചിരുന്നത്. എന്നാല്‍, മറ്റു മാര്‍ഗമില്ലാത്തതിനാല്‍ പിന്നീട് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ വകുപ്പ് അനുമതി നല്‍കുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇവിടെ പുതിയപാലം ആവശ്യപ്പെട്ട് നിരാഹാരം ഉള്‍പ്പടെ സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍, പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതും കാത്ത് ഉദ്ഘാടനം ഉത്സവമാക്കാന്‍ കാത്തിരിക്കുന്ന പ്രദേശവാസികള്‍ ഇപ്പോള്‍ നിരാശയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.