തൃശൂര്‍: കായിക അധ്യാപകരുടെയും കായിക പരിശീലന വിദ്യാര്‍ഥികളുടെയും ട്രാക്ക് ഉപരോധം അടക്കമുള്ള സമരത്തെ തുടര്‍ന്ന് തൃശൂര്‍ റവന്യൂ ജില്ലാ കായിക മേള അവസാനിപ്പിച്ചു. മുടങ്ങിയ മത്സരങ്ങളുടെ നടത്തിപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മത്സരം തുടങ്ങി പത്തോടെയാണ് കായിക പരിശീലന വിദ്യാര്‍ഥിനികളും അധ്യാപകരും പ്രതിഷേധവുമായി ട്രാക്കില്‍ കുത്തിയിരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളുമായി. ഇതിനിടെ 15 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ് വാനില്‍ കയറ്റി. വിദ്യാര്‍ഥികള്‍ വാനിനടിയിലും ചുറ്റും കിടന്ന് മുദ്രാവാക്യം വിളി തുടര്‍ന്നതോടെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പാളി. ഇതിനിടെ കായികാധ്യാപകര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. മുന്നൂറോളം സമരക്കാരെ നേരിടാന്‍ 25 പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. അധ്യാപകര്‍ സമരത്തിന് ഇറങ്ങിയതോടെ മത്സരത്തിനത്തെിയ വിദ്യാര്‍ഥികളും സമരത്തില്‍ അണിചേര്‍ന്നു. ഇതിനിടെ വാനില്‍ കയറ്റിയ സമരക്കാരെ പുറത്തിറക്കാന്‍ സമരക്കാര്‍ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. സമരം ചെയ്യുന്ന കായികാധ്യാപകര്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്ന നിലപാട് കടുപ്പിച്ചതോടെ പൊലീസ് പിന്മാറി. വാഹനത്തില്‍നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഫീഷ്യല്‍സ് ബോക്സിനുനേരെ സംഘടിച്ചത്തെിയതോടെ വീണ്ടും രംഗം പ്രക്ഷുബ്ധമായി. മത്സരം നടന്ന രാമവര്‍മപുരം ഗവ. എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ കൂടിനിന്ന കായിക പരിശീലന വിദ്യാര്‍ഥികള്‍ മത്സരത്തില്‍ സഹകരിക്കുന്ന അധ്യാപകര്‍ക്ക് നേരെ കൂക്കിവിളിച്ചു. ഇടക്ക് അധ്യാപകരെ കളിയാക്കാന്‍ അവര്‍ക്കുനേരെ പണവും നീട്ടി. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ ബ്ളേഡ് കൈയിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. സമരം കൈവിടുമെന്ന സാഹചര്യം വന്നതോടെ മേള നിര്‍ത്തിവെച്ചതായി അറിയിച്ചു. ഇതോടെ കൈയടിച്ചും ആര്‍പ്പുവിളിച്ചും സമരക്കാര്‍ ട്രാക്കിലൂടെ ‘വിക്ടറി ലാപ്’ നടത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീ., പെണ്‍കുട്ടികളുടെ 3,000 മീ., ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3,000 മീറ്റര്‍ മത്സരങ്ങളുടെ ഫൈനല്‍ നടക്കുന്നതിനു മുമ്പാണ് മത്സരങ്ങള്‍ തടസ്സപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.