രണ്ടുപേര്‍ ഒരുമിച്ചു കാണുന്ന സ്വപ്നം

2001ൽ 'ദോസ്ത്' എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ എന്ന നടൻ മലയാള സിനിമയിലേക്ക് വരുന്നത്. അതിനുമുമ്പ് മിമിക്രി താരമായി സ്റ്റേജിലും മിനിസ്ക്രീനിലും പേരെടുത്തിരുന്നു. മലയാളം, തമിഴ് കന്നട ഭാഷകളിലായി 70ഓളം സിനിമകളിൽ അഭിനയിച്ചു. ലാൽജോസിന്റെ 'ക്ളാസ്മേറ്റ്സി'ലൂടെ വ്യത്യസ്തവും ജനപ്രിയവുമായ കഥാപാത്രങ്ങളെ സ്വീകരിച്ചു തുടങ്ങിയ ജയസൂര്യ ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ന്യൂ ജനറേഷൻ സിനിമയുടെ അവിഭാജ്യ ഘടകമായി. നാലോളം ചിത്രങ്ങൾക്ക് ഈ നടൻ പാട്ടുപാടി. ജയസൂര്യയും മകൻ അദ്വൈദും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ലാൽബഹാദൂ൪ ശാസ്ത്രി ഡിസംബറിൽ റിലീസ് ചെയ്യും.

സിനിമയിൽ എത്തിച്ച൪േന്നില്ലെങ്കിൽ എന്താകുമായിരുന്നു?
മിമിക്രിയായിരുന്നു എന്റെ പ്രൊഫഷൻ. അതിൽ തുടരുമായിരുന്നിരിക്കണം. അല്ലെങ്കിൽ വീട്ടുകാരുടെ നി൪ബന്ധത്തിൽ വല്ല ഗൾഫിലും പോയിരിക്കണം. ദുബൈയിൽ പോകലായിരുന്നല്ലോ പണ്ടത്തെ പ്രധാന പരിപാടി. ദുബൈയെക്കുറിച്ച് ഞാൻ കുട്ടിക്കാലം മുതൽ ഒരുപാട് കേട്ടിട്ടുണ്ട്. കാരണം എന്റെ അമ്മാവൻ വളരെക്കാലമായി ദുബൈയിലായിരുന്നു. അതുകൊണ്ടു തന്നെ അറബി നാടിനെക്കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങളും സ്വപ്നങ്ങളുമൊക്കെ എനിക്കുണ്ടായിരുന്നു. ഒരിക്കലെങ്കിലും അവിടെ പോകണം എന്നത് എന്റെ മോഹമായിരുന്നു.

ശരിക്കും പ്രവാസ ജീവിതം ഇഷ്ടപ്പെട്ടിരുന്നോ?
ഡിഗ്രിക്ക് പഠിക്കുന്നസമയത്ത് അമ്മ പറഞ്ഞു എന്നെ ദുബൈയിലേക്ക് വിടാനുള്ള പരിപാടിയുണ്ടെന്ന്.  അപ്പോൾ ശരിക്കും എനിക്ക് ഭയമാണ് തോന്നിയത്. എന്റെ നാട്, സുഹൃത്തുക്കൾ, മിമിക്രി...അങ്ങനെ പലതും നഷ്ടപ്പെടാൻ പോകുന്നു. ദുബൈ കാണുക

എന്നതിനപ്പുറം അവിടെ ജോലി ചെയ്യുക എന്നത് എന്റെ സങ്കൽപ്പത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ മിമിക്രിയും കാണിച്ചു നടന്നിട്ട് കാര്യമില്ല അതുകൊണ്ടൊന്നും ജീവിക്കാൻ കഴിയില്ല എന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം. അന്നുരാത്രി, ഒരു സ്വപ്നം കണ്ടു. ഞാൻ ദുബൈയിൽ എത്തിയിരിക്കുന്നു. എനിക്കവിടെ ആരെയും പരിചയമില്ല. ആരും സുഹൃത്തുക്കളില്ല. വലിയൊരു നഗരത്തിന്റെ തിരക്കിലേക്ക് എന്നെയാരോ ഒറ്റക്കു വിട്ടിട്ട് ഓടി മറഞ്ഞതുപോലെ. എനിക്കാകെ ശ്വാസം മുട്ടി. പാതിരക്കെപ്പോഴോ ഞാൻ ഞെട്ടിയുണ൪ന്നു. ആ രാത്രിയിൽ എനിക്കൊരു കാര്യം മനസ്സിലായി. ഞാനീ കലയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന്, മറ്റൊരു ജോലിയിലും എന്റെ മനസ്സുറക്കില്ലെന്ന്. പിറ്റന്നേു തന്നെ ഞാൻ വീട്ടുകാരെ എന്റെ തീരുമാനം അറിയിച്ചു. എനിക്ക് ദുബൈയിൽ പോകേണ്ട.

 

കുട്ടിക്കാലത്തെ യാത്രാ സ്വപ്നം അപ്പോഴും കൂടെയുണ്ടായിരുന്നോ?
പിന്നീട് ഞാനൊരു പ്രൊഫഷണൽ മിമിക്രി ടീമിൽ എത്തിച്ചേരുന്നു. നസീ൪ക്കയുടെ (കോട്ടയം നസീ൪) ട്രൂപ്പിൽ. നസീ൪ക്ക ആഴ്ചക്കാഴ്ചക്ക് പ്രോഗ്രാം ചെയ്യാൻ ദുബൈയിൽ പോകും. എന്റെ മനസ്സിൽ ദുബൈ മോഹം വീണ്ടും കയറിവന്നു. പക്ഷെ, ഞാൻ അദ്ദേഹത്തോട് എന്റെ ആഗ്രഹം പറഞ്ഞില്ല. ഒരുപാട് സീനിയറായ നിരവധിയാളുകൾ ഉള്ളപ്പോൾ എനിക്ക് അവസരം കിട്ടാൻ ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ ഞാനങ്ങനെ ചോദിക്കാൻ പാടില്ല. ആഗ്രഹം മനസ്സിൽ തന്നെ കൊണ്ടുനടന്നു. സിനിമയിൽ എത്തിയതിനുശേഷമാണ് ഞാൻ ദുബൈയിൽ പോകുന്നത്. എന്റെ ആദ്യത്തെ വിദേശ യാത്ര വിയന്നയിലേക്കായിരുന്നു. സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിന്. കല്യാണത്തിനുശേഷം ഞാനും ഭാര്യ സരിതയും കൂടി ദുബൈയിലും സിങ്കപ്പൂരിലുമൊക്കെ പോയിട്ടുണ്ട്. എന്റെ മകൻ അവന്റെ അമ്മയുടെ വയറ്റിൽ ആറുമാസം പ്രായമായപ്പോൾ സിങ്കപ്പൂരിൽ പോയിട്ടുണ്ട്. പ്രസവിച്ച് ആറുമാസം കഴിഞ്ഞപ്പോഴും അവൻ സിങ്കപ്പൂരിൽ പോയി. അവന്റെയൊക്കെ ഒരു യോഗം. അവന്റെ അച്ഛനായ ഞാൻ ആറുമാസമല്ല ആറു വയസ്സുവരെ മുളന്തുരുത്തിയും പേട്ടയുമൊന്നും വിട്ട് എങ്ങോട്ടും പോയിട്ടില്ല.

സിനിമയാണോ ജയസൂര്യയുടെ ജീവിതം ചിട്ടപ്പെടുത്തിയത്?
ന്റെ ജീവിത്തെ ആകെ മാറ്റിയത് സത്യത്തിൽ സിനിമയല്ല. വിവാഹമാണ്. കല്യാണം കഴിച്ചിരുന്നില്ലെങ്കിൽ ഞാൻ ഉത്തരവാദിത്തമുള്ള ആളൊന്നും ആകുമായിരുന്നില്ല. എന്റെതായ രീതിയിൽ അടിച്ചുപൊളിച്ചങ്ങ് പോകുമായിരുന്നു. വീടൊന്നും ഞാൻ വെക്കുമായിരുന്നില്ല. വിവാഹം ജീവിതത്തെ ശരിക്കും ചിട്ടപ്പെടുത്തി എന്നുപറയുന്നതാവും ശരി. എവിടേക്കു പോയാലും തിരികെ വിളിക്കുന്ന ഒരു ശക്തി ഇവിടെയുണ്ട്. എന്നെ വിശ്വസിച്ച് എന്നോടൊപ്പം വന്ന സരിത. എന്റെ തിരക്കുകളൊക്കെ മനസ്സിലാക്കികൊണ്ടു തന്നെയാണ് ഞങ്ങൾ കല്യാണം കഴിച്ചത്. അന്നു ഞാൻ ഒരു വാക്കു പറഞ്ഞിട്ടുണ്ടായിരുന്നു കുടുംബവും പ്രൊഫഷനും ഒരേ രീതിയിൽ കൊണ്ടുപോകുമെന്ന്. ഒന്നിനുമാത്രം പ്രാധാന്യം നൽകി മറ്റൊന്ന് നശിപ്പിക്കാൻ എനിക്കു കഴിയില്ല. രണ്ടുരണ്ടര മാസക്കാലം ഞാൻ ദുബൈയിലും
മറ്റുമായിരുന്നു. അത്രയും നാൾ എൻറെ ഭാര്യയും മകനും എന്നോടൊപ്പമുണ്ടായിരുന്നു. അവരോടൊപ്പം ഇരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എവിടെയാണ് നമുക്ക് സന്തോഷം കിട്ടുന്നത്. പിന്നെ യാത്രയിലെ വില്ലൻ ഷോപ്പിങ്ങാണ്. ഷൂട്ടിങ് ദുബൈയിലാണെങ്കിൽ കാശ് പോകുന്ന വഴി അറിയില്ല. സരിത ഷോപ്പിങ് മാളിൽ കയറിയാൽ ആന കരിമ്പിൻ കാട്ടിൽ കയറിയതു പോലെയാണ്. കുറച്ചുനേരം കഴിയുമ്പോൾ ഒരു ട്രോളി മാത്രം വരുന്നതുകാണാം. അതിനുപിന്നിൽ ആളുണ്ടെന്നാണ് സങ്കൽപ്പം. ഷോപ്പിങ് സരിതക്കു ഹരവും എനിക്കു ഭയവുമാണ്. (ദുബൈ യാത്ര കഴിഞ്ഞ് മടങ്ങിയെത്തി വീടൊക്കെ പഴയപടി ശരിയാക്കിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു സരിത. അതുകൊണ്ട് ആരോപണങ്ങൾക്കുള്ള മറുപടി പിന്നീടാവാം എന്നുപറഞ്ഞു.)

എല്ലാ യാത്രകളിലും കുടുംബം കൂട്ടിനുണ്ടോ?
ന്റെ യാത്രകൾ എന്നും കുടുംബത്തിനൊപ്പമാണ്. ഭാര്യ സരിതയും മക്കളും എല്ലാ യാത്രകളിലും എന്നോടൊപ്പമുണ്ട്. എനിക്കവരേയും അവ൪ക്ക് എന്നേയും ഒരുപാട് നാൾ പിരിഞ്ഞു നിൽക്കാൻ ആവില്ല. അല്ലെങ്കിൽ തന്നെ ഇങ്ങനെയൊക്കെയുള്ള സന്തോഷമല്ലേ ജീവിതത്തിൽ പ്രധാനം. ഈ സന്തോഷത്തിനല്ലേ നമ്മൾ കഷ്ടപ്പെടുന്നതും ജോലി ചെയ്യന്നതുമെല്ലാം. കുടുംബം എപ്പോഴും നമ്മുടെ കൂടെയുള്ളതാണ് നമ്മളെ ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്.

ജയസൂര്യ എപ്പോഴും സന്തോഷത്തിലാണല്ലോ? ഒരു ടെൻഷനുമില്ലാത്ത മുഖം...?
വീട്ടിൽ ഞാൻ അങ്ങനെയാണ്. സിനിമയുടെ വേഷങ്ങൾ അവിടത്തെന്നെ അഴിച്ചുവച്ചാണ് ഞാൻ വീട്ടിലേക്കെത്തുന്നത്. എന്തൊക്കെ
ടെൻഷനുണ്ടെങ്കിലും മോന്റെ ചിരി കാണുമ്പോൾ അതെല്ലാം അലിഞ്ഞു തീരും. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്റെ ഭാര്യ തന്നെയാണ്. എല്ലാ കാര്യങ്ങളും ഞങ്ങൾ ച൪ച്ച ചെയ്യുന്നു. എന്നെക്കാൾ ബുദ്ധിയുള്ളതു കൊണ്ട് ചിലപ്പോൾ നല്ല സജക്ഷൻസൊക്കെ വരും. എനിക്ക് സുഹൃത്തുക്കൾ ഒരുപാട് പേരുണ്ട് എന്നാൽ, സുഹൃത്ത് ഒരാളേയുള്ളു. എല്ലാവ൪ക്കും അങ്ങനെയല്ലേ? എല്ലാവരോടും നമുക്ക് മനസ്സു തുറക്കാൻ കഴിയില്ല. എന്റെ അടുത്ത ചങ്ങാതി ഞാൻ മിമിക്രിയിൽ വരുന്നതിനുമുമ്പ്, എൻറെ കൂടെയുള്ള ആളാണ്. ജിഷ്ണു. അവൻ ഡബ്ബിങ് ആ൪ട്ടിസ്റ്റാണ്.  അഡ്വ൪ടൈസ്മെന്റ്‌ ഫിലിംസൊക്കെ ചെയ്യുന്നു. ജയസൂര്യക്കു മുമ്പുള്ള ജയൻ എന്താണെന്ന് അറിയാവുന്ന ആളാണ് അവൻ. നാട്ടിലുള്ളപ്പോൾ അവൻറെ കൂടെ പോയിരിക്കുന്നത് മനസ്സിനൊരു സന്തോഷമാണ്. പഴയകാര്യങ്ങൾ പങ്കുവെക്കാനും അല്ലെങ്കിൽ പുതിയതിനെക്കുറിച്ച് സംസാരിക്കാനുമൊക്കെ ഞങ്ങൾ ഒത്തുകൂടാറുണ്ട്. അവിടെ ഞാൻ നടനല്ല, താരമല്ല, ജയൻ ജയസൂര്യമാത്രം.

ചില കാലങ്ങൾ അങ്ങനെ തന്നെ തിരികെ വരണമെന്നും തോന്നിയിട്ടുണ്ടോ?
ചില കാലങ്ങൾ അങ്ങനെ തന്നെ തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ട്. വലിയ ടെൻഷനൊക്കെ വരുമ്പോൾ വിചാരിക്കും
ഒരു സ്കൂൾകുട്ടി ആയാൽ മതിയായിരുന്നുവെന്ന്. കുട്ടികൾ യൂണിഫോമൊക്കെയിട്ട് പോകുന്നത് കാണുമ്പോൾ, സന്തോഷത്തോടെ സൈക്കിളോടിച്ചു പോകുന്ന കുട്ടികളെ കാണുമ്പോൾ, കോഫി ഷോപ്പിലൊക്കെ രസം പറഞ്ഞിരുന്ന കാപ്പികുടിക്കുന്ന കുട്ടികളുടെ കൂട്ടം കാണുമ്പോഴൊക്കെ ഒരു സ്കൂൾ കുട്ടിയാവാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. മറ്റൊരവസരത്തിൽ കുടുംബത്തോടൊപ്പം ചെലവിടുന്ന സുന്ദര നിമിഷങ്ങളിൽ ഓ൪ക്കും ഈ ജീവിതം എന്തോരു രസമാണെന്ന്. ഈ സന്തോഷം മുറിയാതെ പൊട്ടാതെ ഇങ്ങനെതന്നെ അങ്ങു തുടരണേയെന്ന് പ്രാ൪ഥിച്ചുപോകും. സന്തോഷം തരുന്ന എല്ലാ അവസ്ഥകളെയും നഷ്ടപ്പെടാതെ തിരിച്ചു വിളിക്കാൻ കൊതിതോന്നും.

ചില സ്ഥലങ്ങളിൽ വീണ്ടും പോകണമെന്നു തോന്നാറില്ലെ?
സ്വപ്നക്കൂടിൻറെ ഷൂട്ടിങ്ങിന് വിയന്നയിൽ പോകുമ്പോൾ ഞാൻ ഒറ്റക്കായിരുന്നു. ആ സ്ഥലത്തേക്ക് സരിതയോടൊപ്പം ഒരിക്കൽ കൂടി
പോകാൻ എനിക്കാഗ്രഹമുണ്ട്. കാരണം സരിതയും യാത്രയെ അത്രക്ക് സ്നേഹിക്കുന്നുണ്ട്. ദുബായിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട് അതുകൊണ്ട് അവിടേക്കുള്ള എല്ലാ യാത്രകളും എനിക്കിഷ്ടമാണ്. ഒരു പക്ഷെ, ഒരു സ്ഥലം നമ്മൾ ഇഷ്ടപ്പെടുന്നത് നമ്മളെ സ്നേഹിക്കുന്ന കുറേ മനുഷ്യ൪ അവിടെ ഉള്ളതുകൊണ്ടായിരിക്കണം. എല്ലാത്തരം കാഴ്ചകൾക്കും മീതെ സൗഹൃദത്തിൻറെ ഒരു വിളിയായിരിക്കണം വീണ്ടും വീണ്ടും നമ്മെ ആ സ്ഥലങ്ങളിലേക്ക് കൊണ്ടുചെല്ലുന്നത്.

പ്രണയ കാലത്തേതു പോലെ ഇപ്പോഴും നിങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ടോ?
പ്രണയകാലത്ത് ഞങ്ങൾ മഞ്ഞുമൂടിയ മലനിരകളും താഴ്വാരങ്ങളുമുള്ള സ്ഥലങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കുന്നിൻ ചരുവിൽ മഞ്ഞു പാളികൾക്കിടയിലൂടെ കാണുന്ന പള്ളികളുടെ അവ്യക്തമായ മിനാരങ്ങൾ. മഞ്ഞുമൂടിയ ദേവാലയങ്ങൾ... അങ്ങനെ ഒരു സ്ഥലം ഉണ്ടോ എന്നറിയില്ല. ഉണ്ടായിരിക്കണം. സ്വപ്നക്കൂട് എന്നാണ് ഈ വീടിൻറെ പേര്. ഞങ്ങളുടെ രണ്ടു പേരുടേയും വലിയൊരാഗ്രഹമായിരുന്നു ഒരു പുഴയുടെ തീരത്ത് വീടുവയ്ക്കണമെന്ന്. സായാഹ്നങ്ങളിൽ ഇവിടെ ഈ തീരത്തിരുന്ന് ഞങ്ങൾ ഒരുപാട് നേരം സംസാരിക്കാറുണ്ട്. ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു ഈ വീട്, ഞങ്ങൾ ഒരുമിച്ചു പങ്കിടുന്ന സ്വപ്നമാണ് ഈ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.