അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നു

മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് ആറ് ബ്ളോക്കുകളില്‍ ആസൂത്രണ പ്രക്രിയയിലൂടെ ലേബര്‍ ബജറ്റ് തയാറാക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍െറ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ലേബര്‍ ബജറ്റ് തയാറാക്കുക. കാളികാവ്, നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ബ്ളോക്കുകളെയാണ് തെരഞ്ഞെടുത്തത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാവുന്ന വിധത്തില്‍ അവരുടെ ഭൂമിയില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുക, ജീവനോപാധികള്‍ സുസ്ഥിരമാക്കുന്നതിനുള്ള ആസ്തികള്‍ ഉണ്ടാക്കുക, കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കുക, പൊതു ആസ്തികള്‍ സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കുക എന്നിവ ലക്ഷ്യമിട്ടാണ് പങ്കാളിത്ത ആസൂത്രണ പ്രക്രിയ നടപ്പാക്കുന്നത്. ബ്ളോക്ക് തലത്തില്‍ രൂപവത്കരിക്കുന്ന പ്ളാനിങ് ടീമുകളുടെയും ഗ്രാമപഞ്ചായത്ത് പ്ളാനിങ് ടീമുകളുടെയും നേതൃത്വത്തിലാണ് ആസൂത്രണ പ്രവര്‍ത്തനം. ഊര്‍ജിത പങ്കാളിത്ത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് എടക്കര പഞ്ചായത്തില്‍ നിര്‍വഹിക്കും. ലേബര്‍ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി സമഗ്ര സര്‍വേ നടത്തും. ഒക്ടോബര്‍ 30നകം സര്‍വേ പൂര്‍ത്തിയാക്കും. നൂറ് ശതമാനം പട്ടികവിഭാഗക്കാരെയും ബി.പി.എല്‍ കുടുംബങ്ങളെയും തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിനും പുതിയ ലേബര്‍ ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. നവംബര്‍ 30നകം ലേബര്‍ ബജറ്റ് തയാറാക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിലെ ഡോ. സതീഷ്, ഗ്രാമവികസന വകുപ്പ് മുന്‍ അഡീഷനല്‍ ഡെവലപ്മെന്‍റ് കമീഷണര്‍ മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. വനജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.