മടപ്പള്ളി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് : ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അക്രമം

വടകര: മടപ്പള്ളി ഗവ. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് നടന്ന അക്രമത്തില്‍ എ.എസ്.പിയുള്‍പ്പെടെ പൊലീസുകാര്‍ക്കും എസ്.എഫ്.ഐ നേതാക്കള്‍ക്കും പരിക്ക്. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും എസ്.എഫ്.ഐ നിലനിര്‍ത്തി. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിക്കലും ആഹ്ളാദപ്രകടനവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസിനകത്ത് കടക്കാന്‍ ശ്രമിച്ചത് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ നീക്കാന്‍ പൊലീസ് ലാത്തിവീശി. ഇതിനിടെ, എസ്.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി കെ. അശ്വന്ത്, ജില്ലാ സെക്രട്ടറി എം.കെ. നിഗേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതോടെ, നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാദാപുരം റോഡില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം ശനിയാഴ്ച ഉച്ചവരെ ഒഞ്ചിയം പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എ.എസ്.പി. യതീഷ് ചന്ദ്ര, ഗണ്‍മാന്‍ ബാലു, എം.എസ്.പിക്കാരായ സജിന്‍, അഖിലേഷ്, മനേഷ് എന്നിവര്‍ക്കും എസ്.എഫ്.ഐ നേതാക്കളായ ആര്‍. ജഗത്, എന്‍. നിധിന്‍, രജീഷ്, എം. നിഖില്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലേക്കും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലാത്തതിനാല്‍ നോമിനേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ളെന്നും അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ചിലര്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതിന്‍െറ തുടര്‍ച്ചയായാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവായത്. ഇതേതുടര്‍ന്നാണ് കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ ‘ഇന്‍ക്വിലാബ്’ എന്ന പേരിലാണ് മത്സരിച്ചത്. എസ്.എഫ്.ഐയുടെ വിജയം അംഗീകരിക്കുമ്പോള്‍ തന്നെ കഴിഞ്ഞകാലങ്ങളില്‍ എസ്.എഫ്.ഐ നടത്തിയ ഫാഷിസ്റ്റ് സമീപനത്തിന് അറുതിവരുത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ വിജയമെന്ന് ‘ഇന്‍ക്വിലാബി’ന്‍െറ ഭാരവാഹികള്‍ പറഞ്ഞു. യൂനിവേഴ്സിറ്റി പ്രതിനിധികളായ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ (പി.എം. സ്നേഹിത്ത്), യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ (കെവിന്‍ സോമന്‍, സ്വരൂപ് സുനില്‍), സ്റ്റുഡന്‍റ് എഡിറ്റര്‍ (എം.എസ്. അഭിജിത്ത്), ഫിസിക്സ് അസോസിയേഷന്‍ റെപ്രസന്‍േററ്റിവ് (കെ.ടി. അശ്വിന്‍), പി.ജി റെപ്രസന്‍േററ്റിവ് (പി.വി. അര്‍ജുന്‍), സെക്കന്‍ഡ് ഡി.സി റെപ്രസന്‍േററ്റിവ് (എം. ഗോകുലന്‍) എന്നീ സ്ഥാനങ്ങളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. വൈസ് ചെയര്‍മാന്‍, ജനറല്‍ ക്യാപ്റ്റന്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി തുടങ്ങിയ പദവികളിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ നേരത്തേ എസ്.എഫ്.ഐ വിജയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.