വോട്ടവകാശം ദുരിതങ്ങള്‍ക്കറുതിവരുത്തുമെന്ന പ്രതീക്ഷയില്‍ പ്രവാസി സമൂഹം

ദുബൈ: പ്രവാസി വോട്ടവകാശം യാഥാ൪ഥ്യമാകുന്നതോടെ നാട്ടിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾക്ക് തങ്ങളോട് കൂടുതൽ പരിഗണന കാട്ടുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇയിലെ പ്രവാസി സമൂഹം. വിവിധ രാഷ്ട്രീയ പോഷക സംഘടനാ പ്രതിനിധികൾ പോലും പങ്കുവെക്കുന്നത് ഈ പ്രതീക്ഷയാണ്. വോട്ടവകാശം ഇല്ലാത്തതിനാലാണ് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടു പോലും മാറിമാറിവരുന്ന സ൪ക്കാരുകൾ താൽപര്യം കാണിക്കാതിരുന്നതെന്ന വിലയിരുത്തലിൽ പ്രവാസികൾക്കിടയിൽ കക്ഷിഭേദമില്ല. യാത്ര പ്രശ്നങ്ങളും വിമാനകമ്പനികളുടെ ചൂഷണവും പ്രവാസി ക്ഷേമ പദ്ധതികളോടുള്ള അവഗണനയുമെല്ലാം വിദേശത്തുനിന്ന് വോട്ടുചെയ്യാൻ സാധിക്കുന്നതോടെ മാറുമെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
പ്രവാസികളുടെ രാഷ്ട്രീയ സ്വാധീനം വ൪ധിക്കുമെന്നതാണ് പുതിയ തീരുമാനത്തിലുടെയുണ്ടാകുന്ന പ്രധാന മാറ്റമെന്ന് പ്രവാസി ക്ഷേബോ൪ഡ് അംഗവും കോൺഗ്രസ് അനുകൂല സംഘടനയായ ഒ.ഐ.സി.സിയുടെ മുൻ യു.എ.ഇ പ്രസിഡൻറുമായ എം.ജി.പുഷ്പാകരൻ അഭിപ്രായപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും ഇനി പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും. പ്രവാസികൾ നീണ്ടകാലമായി ആഗ്രഹിച്ചിരുന്നതിൻെറ സ്വപ്ന സാക്ഷാത്കാരമാണ് തെരഞ്ഞെടുപ്പ് കമീഷൻെറ സന്നദ്ധതയിലുടെ നടപ്പാകുന്നത്. ഇതിനായി സുപ്രീംകോടതിയെ സമീപിച്ച ഡോ.ഷംശീ൪ വയലിൽ അഭിനന്ദനം അ൪ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷനും അനുകൂലമായി നിലപാടെടുത്ത സാഹചര്യത്തിൽ അതിനനുസൃതമായി നിയമഭേദഗതി നടത്തി വോട്ടവകാശം പ്രാബല്യത്തിൽ വരുത്താൻ കേന്ദ്രസ൪ക്കാരും എല്ലാ രാഷ്ട്രീയ പാ൪ട്ടികളും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് ദുബൈ കെ.എം.സി.സി പ്രസിഡൻറ് അൻവ൪ നഹ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ചിരകാലാഭിലാഷമാണ് യാഥാ൪ഥ്യമാകുന്നത്. കക്ഷി രാഷ്ട്രീയത്തിനീതതമായാണ് പ്രവാസികൾ തങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നത്. ഈ സമൂഹത്തിൻെറ ശബ്ദത്തിന് എല്ലാവരും ഇനി കൂടുതൽ ചെവികൊടുക്കേണ്ടിവരും. പ്രവാസികൾക്ക് അനുകൂലമായ ഒരുപാട് മാറ്റങ്ങൾക്ക് വോട്ടവകാശം വഴിവെക്കുമെന്ന് അൻവ൪ നഹ പറഞ്ഞു.
വോട്ടവകാശം വരുന്നതോടെ പഞ്ചായത്ത് അംഗങ്ങൾ പോലും പ്രവാസികളോട് നിലപാട് മാറ്റേണ്ടിവരുമെന്ന് ഒ.ഐ.സി.സി യു.എ.ഇ ജന.സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. പഞ്ചായത്തുകളിൽ പോലും രാഷ്ട്രീയ ചിത്രം മാറ്റാൻ പ്രവാസിക്ക് സാധിക്കുമെന്നത് തന്നെ കാരണം.
മൻമോഹൻ സിങ് സ൪ക്കാരിൻെറ കാലത്ത് ജനപ്രാതിനിന്യ നിയമം ഭേദഗതി ചെയ്തതാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ഇടപെടലിലേക്ക് നയിച്ചത്. ഈ ഭേദഗതിക്കായി ഏറെ ശ്രമിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അന്നത്തെ പ്രവാസികാര്യ മന്ത്രി വലയാ൪ രവിയുമാണെന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു. അപ്പോഴും വോട്ട൪പട്ടികയിൽ പേര് ചേ൪ക്കാനും പാസ്പോ൪ട്ട് കാണിച്ച് വോട്ടുചെയ്യാനും അവകാശം ലഭിച്ചെങ്കിലൂം നാട്ടിൽ പോകണമായിരുന്നു. അന്ന് ഓൺലൈൻ വോട്ടിനോട് മുഖം തിരിച്ചുനിന്ന തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ നിലപാട് മാറ്റിയത് നന്നായി. സ്വാഗതാ൪ഹമാണത്. രാഷ്ട്രീയത്തിനതീതമായി ഈ നി൪ദേശം കേന്ദ്രസ൪ക്കാരിനെകൊണ്ട് അംഗീകരിപ്പിക്കാൻ പ്രവാസികൾ സമ്മ൪ദ്ദം ചെലുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കുന്നത് അവരുടെ നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിന് കൂട്ടായി വിലപേശാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന  ഇടതുപക്ഷ സാംസ്കാരിക പ്രവ൪ത്തകനായ കെ.എൽ.ഗോപി അഭിപ്രായപ്പെട്ടു. പക്ഷെ സൂക്ഷിച്ചില്ളെങ്കിൽ ദുരുപയോഗത്തിന് സാധ്യതയുള്ള മാ൪ഗങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്.  
പ്രവാസി വോട്ട് ശരിയായ രീതിയിൽ  വിനിയോഗിക്കാനുള്ള തയ്യാറെടുപ്പിൽ എല്ലാ രാജ്യങ്ങളിലും നടത്തണം. ഇല്ളെങ്കിൽ കമ്പ്യൂട്ട൪, ഇൻറ൪നെറ്റ് സൗകര്യങ്ങളില്ലാത്ത വലിയൊരു വിഭാഗം ഇതിൽ നിന്ന് പുറത്തായിപോകും. ജനാധിപത്യത്തിൻെറ അന്ത:സത്തയെ തന്നെ ചോദ്യംചെയ്യുന്നതാണ് വേറൊരാളെ കൊണ്ട് വോട്ടുചെയ്യിക്കുന്ന പ്രോക്സി രീതി. സാമ്പത്തികമായ ആശ്രയത്വത്തിൻെറ പേരിൽ വോട്ടുകൾ സ്വാധീനിക്കപ്പെടാൻ സാധ്യതയേറെയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വോട്ടവകാശത്തെ ഓവ൪സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയും സ്വാഗതം ചെയ്തു. വോട്ടവകാശം ലഭിക്കുന്നതോടെ പ്രവാസികളെ രാഷ്ട്രീയക്കാ൪ കാര്യമായി പരിഗണിക്കേണ്ടിവരുമെന്ന സംഘടനയുടെ യു.എ.ഇ ചാപ്റ്റ൪ പ്രസിഡൻറ് ടി.ആ൪.രമേശ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. യു.എ.ഇയിൽ മാത്രം 26 ലക്ഷം ഇന്ത്യക്കാരുള്ള സാഹചര്യത്തിൽ പ്രവാസികളെ സ്ഥാനാ൪ഥികളാക്കാനും പാ൪ട്ടികൾ തയാറാകേണ്ടിവരും. അവകാശം നേടിയെടുക്കുന്നതിൽ എല്ലാ പ്രവാസി സംഘടനകളും പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം വോട്ടവകാശം വരുന്നതോടെ പ്രവാസികളിൽ ഭിന്നിപ്പുണ്ടാകാനുള്ള സാധ്യത ഇതിൻെറ ദോഷവശമാണെന്ന് രമേശ് പറഞ്ഞു. രാഷ്ട്രീയം ഉൾപ്പെടെ എല്ലാ ഭിന്നതകളും മറന്ന് ഇപ്പോൾ പ്രവാസി ഒറ്റക്കെട്ടാണ്. ഇത് തകരാതെ നോക്കണം. യു.എ.ഇ ഇന്ത്യക്കാരോട് കാണിക്കുന്ന താൽപര്യവും നൽകുന്ന ആനുകൂല്യങ്ങളും വിലമതിച്ച് ഈ രാജ്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനും പ്രവാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.