സമരം തുടരുമെന്ന് ബസുടമകള്‍; ആശങ്കയോടെ കിഴക്കന്‍ മലയോരം

കോഴിക്കോട്: അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സ്വകാര്യബസുടമകളുടെ സംഘടന തീരുമാനിച്ചതോടെ മലയോരമേഖലയിലെ യാത്രക്കാര്‍ ആശങ്കയില്‍. നഗരത്തിലെ ഗതാഗതപരിഷ്കാരത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് വഴി കടന്നുവരുന്ന സ്വകാര്യബസുകളാണ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. വ്യാഴാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ബസുടമകള്‍ ഗതാഗതപരിഷ്കാരം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വൈകീട്ട് അളകാപുരിയില്‍ നടന്ന ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ബോഡി യോഗമാണ് സമരം ശക്തമായി തുടരാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച സിറ്റി പൊലീസ് കമീഷണര്‍ വിളിച്ചുചേര്‍ത്ത യോഗവും തീരുമാനമാവാതെ പിരിയുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നാമമാത്രമായതിനാല്‍ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നഗരത്തില്‍ പഠിക്കാനത്തെുന്ന വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും ബസ് പണിമുടക്ക് വെട്ടിലാക്കി. അതിനെക്കാള്‍ ഗൗരവമാണ് മെഡി. കോളജിലേക്ക് വരുന്ന പാവപ്പെട്ട രോഗികള്‍ അനുഭവിക്കുന്ന ദുരിതം. മാവൂര്‍, മുക്കം, കൊടുവള്ളി, താമരശ്ശേരി, തിരുവമ്പാടി, നിലമ്പൂര്‍, എടവണ്ണപ്പാറ തുടങ്ങിയ മേഖലകളില്‍നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളാണ് സമരത്തിലുള്ളത്. അരയിടത്തുപാലത്തുനിന്ന് മിനി ബൈപാസിലേക്ക് തിരിഞ്ഞ് ജയില്‍ റോഡ്, പാവമണി റോഡ്, മാനാഞ്ചിറ വഴി പാളയം സ്റ്റാന്‍ഡില്‍ കയറണമെന്നതാണ് പരിഷ്കാരം. എന്നാല്‍, ഇങ്ങനെ സര്‍വീസ് നടത്തി നഷ്ടം സഹിക്കുന്നതിലും ഭേദം സര്‍വീസ് നിര്‍ത്തിവെക്കുന്നതാണെന്ന് വെള്ളിയാഴ്ച ചേര്‍ന്ന ഉടമകളുടെ യോഗം തീരുമാനിക്കുകയായിരുന്നു. സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എം.കെ. അഷ്റഫ്, അബ്ദുല്‍ അസീസ് മടവൂര്‍, പി.ടി.സി. ഗഫൂര്‍, പി.ടി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ബസ്പണിമുടക്ക് നേരിടാന്‍ കര്‍ശന നടപടി -ജില്ലാ കലക്ടര്‍ കോഴിക്കോട്: പാളയം ബസ്സ്റ്റാന്‍ഡിലേക്ക് മെഡിക്കല്‍ കോളജ് വഴി വരുന്ന ബസുകളുടെ പണിമുടക്ക് അവസാനിപ്പിക്കണമെന്ന നിര്‍ദേശം ഉടമകള്‍ നിരാകരിച്ച സാഹചര്യത്തില്‍ ഈ റൂട്ടിലെ ഗതാഗതം സുഗമമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കലക്ടര്‍ കെ.എസ്.ആര്‍.ടി.സി അധികൃതരോട് ആവശ്യപ്പെട്ടു. ഓടാന്‍ തയാറുള്ള സ്വകാര്യ ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കും. സമരത്തിലേര്‍പ്പെട്ട ബസുകള്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പൊലീസ്, ആര്‍.ടി.ഒ വകുപ്പുകള്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. യോഗത്തില്‍ ആര്‍.ടി.ഒ കെ. പ്രേമാനന്ദന്‍, പൊലീസ് അസി. കമീഷണര്‍ രാജു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.