സൈറ നുജുമുദ്ദീന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സിയുടെ അന്ത്യശാസനം

കായംകുളം: കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കണമെന്ന് സൈറ നുജുമുദ്ദീന് ഡി.സി.സി നേതൃത്വത്തിന്‍െറ അന്ത്യശാസനം. ചൊവ്വാഴ്ച ഉച്ചക്കുമുമ്പ് രാജി സമര്‍പ്പിക്കണമെന്നുള്ള ഡി.സി.സിയുടെ രേഖാമൂലമുള്ള നിര്‍ദേശം തിങ്കളാഴ്ച വൈകുന്നേരം ജനറല്‍ സെക്രട്ടറി എം.എം. ബഷീര്‍ വീട്ടിലത്തെി സൈറക്ക് കൈമാറി. തുടര്‍ന്ന് പാര്‍ട്ടി നിലപാട് സൈറയെ ബോധ്യപ്പെടുത്താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി.ആര്‍. ജയപ്രകാശ്, അഡ്വ. ബി. ബാബുപ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി എന്നിവര്‍ സൈറയെ വീട്ടിലത്തെി കണ്ട് സംസാരിച്ചു. എന്നാല്‍, കരാര്‍പ്രകാരം ജനുവരി 31 വരെ കാലാവധിയുള്ള താന്‍ ഈ മാസം 31ന് രാജിവെക്കാന്‍ തയാറാണെന്ന് സൈറ നുജുമുദ്ദീന്‍ നേതാക്കളോട് വ്യക്തമാക്കി. കഴിഞ്ഞ രണ്ടുതവണ സ്ഥാനം വഹിച്ച ചെയര്‍പേഴ്സണ്‍മാരോട് സ്വീകരിക്കാത്ത സമീപനമാണ് ന്യൂനപക്ഷ വിഭാഗക്കാരിയായ തന്നോട് പാര്‍ട്ടി നേതൃത്വം കാട്ടുന്നതെന്ന വിവരവും ഇവര്‍ ധരിപ്പിച്ചു. കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടുമാസം കൂടി അധികമായി ഭരിച്ചിട്ടും ഒരു നോട്ടീസും അന്നിരുന്ന ചെയര്‍പേഴ്സണ്‍മാര്‍ക്ക് നല്‍കിയില്ല. അന്നില്ലാത്ത ജാഗ്രത പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ കാട്ടുന്നത് ശരിയായ സമീപനമല്ല. ഈ സാഹചര്യത്തില്‍ 31ന് മുമ്പ് രാജിവെക്കില്ളെന്നും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുശേഷം രാജിവെക്കാന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ ഐ ഗ്രൂപ്പിന്‍െറ അവിശ്വാസം നേരിടാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി. ഇതേ നിലപാടിലുള്ള മറുപടിയാണ് ഡി.സി.സി പ്രസിഡന്‍റിനും രേഖാമൂലം നല്‍കിയിട്ടുള്ളത്. നഗരസഭാ ചെയര്‍പേഴ്സണിന്‍െറ രാജിവിഷയം വഷളായതോടെ ചൊവ്വാഴ്ച വൈകുന്നേരം അടിയന്തര പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കാനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള കത്ത് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി. ഡി.സി.സി ഭാരവാഹികളായ കോശി എം. കോശി, എന്‍. രവി എന്നിവര്‍ക്കാണ് യോഗത്തിന്‍െറ ചുമതല നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.