കാറ്റിലും മഴയിലും വ്യാപകനാശം

മല്ലപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും ചുങ്കപ്പാറ-കോട്ടാങ്ങല്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചുങ്കപ്പാറ തൊടുകയില്‍ തോമസ് വര്‍ഗീസിന്‍െറ വീടിനുമുകളില്‍ തേക്കുമരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. പുളിഞ്ചുവള്ളില്‍ ലക്ഷം വീട് കോളനിയില്‍ യൂസഫ് അലിഖാന്‍, ടി.കെ.രമ, സുനില്‍കുമാര്‍, പൊന്നമ്മ, ഇസ്മായില്‍, പങ്കജാക്ഷി, ലക്ഷ്മിക്കുട്ടി എന്നിവരുടെ വീടുകളുടെ മുകളിലെ ഷീറ്റുകള്‍ കാറ്റത്ത് പറന്നുപോയി. ഓലിക്കപ്ളാവില്‍ രാജന്‍െറ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കോട്ടാങ്ങല്‍ താഴത്തുമലമ്പാറയില്‍ കൃഷ്ണന്‍ കേശവന്‍, ഉഴത്തില്‍ ഗോപാലകൃഷ്ണന്‍, കരിമ്പനക്കുഴി കെ.ആര്‍. അപ്പുക്കുട്ടന്‍ എന്നിവരുടെ വീടുകളും മരം വീണ് ഭാഗികമായി തകര്‍ന്നു. ആനിക്കാട് പഞ്ചായത്തില്‍ മുണ്ടന്‍കാവുങ്കല്‍ സുലോചനയുടെ വീടിന്‍െറ വയറിങ് ഇടിമിന്നലില്‍ പൂര്‍ണമായും കത്തി നശിച്ചു. വീടിന്‍െറ ഭിത്തിക്ക് വിള്ളലുമുണ്ടായി. വാഴ, റബര്‍ മരങ്ങള്‍ എന്നിവക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായിരുന്നു. രാജു എബ്രഹാം എം.എല്‍.എ, തഹസില്‍ദാര്‍ കെ.എസ്. മാത്യു, പഞ്ചായത്തംഗം എം.കെ.എം ഹനീഫ, വില്ളേജ് ഓഫിസര്‍ ബിനു, ബ്ളോക് പഞ്ചായത്തംഗം ബിന്ദു ചന്ദ്രമോഹന്‍, ഒ.എം. പ്രസന്ന, ഇ.കെ. അജി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ട കണക്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.