ദുബൈ: ലോകത്തെ ഏറ്റവും വലിയ മനുഷ്യ നി൪മിത ദ്വീപായ പാം ജുമൈറയിൽ കടൽവെള്ളം കയറിയെന്ന പ്രചാരണം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകിട്ടാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടന്നത്. ഇതിനെ തുട൪ന്ന് താമസക്കാ൪ വീടുകളിൽ നിന്നിറങ്ങി പുറത്തേക്ക് പാഞ്ഞതോടെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
എന്നാൽ വെള്ളം കയറിയെന്ന വാ൪ത്ത കിംവദന്തി മാത്രമാണെന്നും ഒരു കെട്ടിടത്തിലെ പ്രധാന പൈപ്പ്ലൈൻ പൊട്ടിയതാണ് പരിഭ്രാന്തിക്ക് കാരണമായതെന്നും ദുബൈ പൊലീസ് അറിയിച്ചു.
പാം ജുമൈറയിലേക്ക് കടൽവെള്ളം ഇരച്ചുകയറിയെന്നും ദ്വീപ് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് വാ൪ത്ത പരന്നത്. ഒരു കെട്ടിടത്തിൻെറ അഞ്ചുനില വരെ വെള്ളത്തിൽ മുങ്ങിയതായും പ്രചാരണമുണ്ടായി. ഇതുകേട്ടയുടൻ താമസക്കാ൪ വീടുകളിൽ നിന്നിറങ്ങി വാഹനത്തിൽ പാം ജുമൈറയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. എല്ലാവരും ഒരേസമയം റോഡിലിറങ്ങിയത് വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. അറ്റ്ലാൻറിസ് ദി പാം റോഡിൽ കിലോമീറ്ററുകളോളം നീളമുള്ള കുരുക്കാണുണ്ടായത്. അഞ്ച് മണിക്കൂറിന് ശേഷമാണ് കുരുക്കഴിക്കാൻ പൊലീസിന് സാധിച്ചത്.
കടൽതീരത്തോട് ചേ൪ന്ന കെട്ടിടത്തിലെ പ്രധാന പൈപ്പ്ലൈൻ പൊട്ടിയാണ് വെള്ളം നിറഞ്ഞതെന്ന് ദുബൈ പൊലീസ് മേധാവി ഖമീസ് മതാ൪ അൽ മസീന ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അറിയിച്ചു. സംഭവമറിഞ്ഞയുടൻ ദുബൈയുടെ ക്രൈസിസ് മാനേജ്മെൻറ് ടീം സ്ഥലത്തത്തെി. കുരുക്കഴിക്കാനും താമസക്കാരെ സംഭവം ബോധ്യപ്പെടുത്തി തിരിച്ചയക്കാനുമുള്ള പ്രവ൪ത്തനങ്ങൾക്ക് ഇവ൪ നേതൃത്വം നൽകിയതായി അദ്ദേഹം പറഞ്ഞു.
കടൽ നികത്തി നി൪മിച്ച പാം ജുമൈറ വെള്ളത്തിൽ മുങ്ങിയെന്ന പ്രചാരണം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.