കാര്‍ഷിക സര്‍വകലാശാല വി.സിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഭരണകക്ഷി എം.എല്‍.എമാര്‍

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിന്‍െറയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തീരുമാനങ്ങള്‍ നടപ്പാക്കാതെ ഏകാധിപത്യപരമായി പെരുമാറുന്ന വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രനെ പുറത്താക്കണമെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. പി.എ. മാധവന്‍, എം.പി. വിന്‍സെന്‍റ്, ഐ.സി. ബാലകൃഷ്ണന്‍ എന്നീ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. വി.സി തന്നിഷ്ടപ്രകാരമണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാലാ ഭരണം പൂര്‍ണ സ്തംഭനത്തിലാണെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ജനറല്‍ കൗണ്‍സിലിലേക്ക് നിയമസഭ തെരഞ്ഞെടുത്ത നാല് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി വിജ്ഞാനമിറക്കാന്‍ ഒരു മാസം വൈകിച്ചു. നവംബറില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതാണ്. എന്നാല്‍, വി.സി മനപ്പൂര്‍വം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാതിരിക്കുകയാണ്. സ്ത്രീപീഡനത്തില്‍ ഉള്‍പ്പെട്ട അധ്യാപകരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന വി.സി, വകുപ്പ് മേധാവിയുടെ പീഡനത്തിനെതിരെ പരാതി നല്‍കിയ അധ്യാപികയെ ഒരു മാസത്തിനിടെ മൂന്നുതവണ സ്ഥലം മാറ്റി. ജനറല്‍ കൗണ്‍സില്‍ അംഗത്തിന് ചായ വാങ്ങിക്കൊടുത്തതിന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. ഈ രണ്ട് നടപടിയും പിന്‍വലിക്കണമെന്ന് പ്രോ-ചാന്‍സലറായ കൃഷിമന്ത്രി നല്‍കിയ നിര്‍ദേശം വി.സി കാറ്റില്‍ പറത്തി. ഭരണകക്ഷി സംഘടനകളില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് പ്രതികാര നടപടി കൈക്കൊള്ളുകയാണ്. യു.ജി.സി വ്യവസ്ഥ ചെയ്യുന്ന യോഗ്യത വി.സിക്കില്ളെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. പ്രഫസറായി ജോലി ചെയ്ത് 10 വര്‍ഷത്തെ പരിചയം വേണമെന്നാണ് വ്യവസ്ഥ. വല്ലപ്പോഴുമാണ് അദ്ദേഹം ഓഫിസില്‍ വരുന്നത്. യു.പി.എ സര്‍ക്കാര്‍ സര്‍വകലാശാലക്ക് അനുവദിച്ച 100 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റില്‍ 50 കോടി വാങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍, സര്‍വകലാശാല വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വി.സി അടക്കമുള്ളവര്‍ പറയുന്നു. മൂന്ന് വര്‍ഷമായി പെന്‍ഷന്‍ പറ്റിയവര്‍ക്ക് ആനുകൂല്യം നല്‍കാനായിട്ടില്ല. ഭരണത്തോടൊപ്പം സാമ്പത്തിക രംഗത്തും സര്‍വകലാശാലയില്‍ തികഞ്ഞ അരാജകത്വമാണെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സോണി സെബാസ്റ്റ്യന്‍, കെ.എ. ഷീബ, അജി ഫ്രാന്‍സിസ്, രാജീവ് നെല്ലിക്കുന്നേല്‍, എന്‍.എല്‍. ശിവകുമാര്‍, വര്‍ഗീസ് ഒല്ലൂക്കാരന്‍, എം.എ. യോഹന്നാന്‍, ഡോ. ആര്‍. കൃഷ്ണകുമാര്‍, ഡോ. ജോസ് ജോസഫ് എന്നിവരാണ് എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.