ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ചു

അടൂര്‍: അതിപുരാതനമായ പള്ളിക്കല്‍ ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്രത്തിന്‍െറ ശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ചു. അപൂര്‍വമായ ഗര്‍ഭഗൃഹ വട്ടശ്രീകോവിലാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.15ന് മേല്‍ശാന്തി അരുണ്‍ ഭട്ടതിരി ക്ഷേത്രത്തിലത്തെിയപ്പോള്‍ ശ്രീകോവിലിന്‍െറ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ചുറ്റമ്പലത്തിലെ തിടപ്പള്ളി വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ശ്രീകോവില്‍ മുഴുവന്‍ കത്തിയമര്‍ന്നത് കണ്ടത്. ശ്രീകോവിലിന്‍െറ മേല്‍ക്കൂരയും മറ്റും പൂര്‍ണമായും കത്തി നിലത്തുവീണിരുന്നു. മേല്‍ശാന്തിയാണ് ക്ഷേത്രമാനേജരെ വിവരം അറിയിച്ചത്. കിഴക്കോട്ട് ദര്‍ശനമുള്ള മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറോട്ട് ദര്‍ശനമുള്ള പാര്‍വതീദേവി പ്രതിഷ്ഠയുമാണ് ഇവിടെയുള്ളത്. അടൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മഹാദേവ പ്രതിഷ്ഠക്കുമുന്നിലെ കെടാവിളക്ക് അണയുകയോ കെടാവിളക്കില്‍നിന്ന് തീ പടരുകയോ ചെയ്തിരുന്നില്ല. തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയ പൂമാല കരിയുകയോ ഉടയാടക്ക് തീപിടിക്കുകയോ ചെയ്യാതിരുന്നത് സംശയത്തിന് ഇടവരുത്തുന്നതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ചുറ്റമ്പലത്തിലെ നാലുവശവുമുള്ള വാതിലുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ശ്രീകോവിലിനുള്ളിലെ പാര്‍വതിദേവി പ്രതിഷ്ഠയുടെ നടുഭാഗം രണ്ടായി മുറിഞ്ഞിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് ഭക്തര്‍ രാവിലെ തന്നെ ക്ഷേത്രത്തില്‍ തടിച്ചുകൂടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വൈകുന്നേരം ആറുവരെ ക്ഷേത്രവിശ്വാസികളുടെ ആഹ്വാനപ്രകാരം പള്ളിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.