സബ്സിഡി ഭക്ഷ്യസാധനങ്ങള്‍ നീതി ഗോഡൗണില്‍ കെട്ടിക്കിടന്ന് നശിച്ചു

ഹരിപ്പാട്: വരുമാനക്കുറവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കേണ്ട ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ ഉപയോഗശൂന്യമായി. കണ്‍സ്യൂമര്‍ഫെഡിന്‍െറ നിയന്ത്രണത്തിലെ ഡാണാപ്പടിയിലെ നീതി ഗോഡൗണിലാണ് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഗോഡൗണ്‍ പരിശോധിക്കുകയും കേടായ ബിരിയാണി അരി, ഗോതമ്പ് നുറുക്ക്, മുളക്, തുവരപ്പരിപ്പ് എന്നിവ വിതരണം ചെയ്യരുതെന്നും നശിപ്പിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇവ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യോപയോഗത്തിനല്ലാതെ വില്‍ക്കുകയോ ചെയ്യാന്‍ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച് ഗോഡൗണ്‍ മാനേജര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കുകയും ഇതുപ്രകാരം പൊള്ളാച്ചിയിലെ സുബ്രഹ്മണ്യത്തിന് സാധനങ്ങള്‍ വില്‍പന നടത്തി. ശനിയാഴ്ച രാവിലെ സാധനങ്ങള്‍ കയറ്റുന്നതിനിടെ ഒരുകൂട്ടം ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. എട്ടരലക്ഷം രൂപ വിലമതിക്കുന്ന പലചരക്കുസാധനങ്ങളാണ് കേടായതെന്നും ഗോഡൗണിന്‍െറ സംഭരണശേഷിയില്‍ അധികം സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചതും കാര്യക്ഷമമായി വിതരണം ചെയ്യാത്തതുമാണ് ഇതിന് കാരണമെന്നും ഇവര്‍ ആരോപിച്ചു. കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങള്‍ വില്‍പന നടത്തിയതെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഇവ വളം നിര്‍മാണത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയുള്ളൂവെന്നുമാണ് സീനിയര്‍ മാനേജര്‍ സുനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍, ഇത് ശരിയല്ളെന്നും കരാറുകാരന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈക്കൂലി നല്‍കിയാണ് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയതെന്നും ഇതിന്‍െറ ഏറിയ പങ്കും നല്ല സാധനങ്ങളുടെ കൂടെ കലര്‍ത്തി പൊതുവിപണിയില്‍ വില്‍ക്കാനാണ് ഉദ്ദേശമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. തുവര 32 ചാക്ക്, 200 ചാക്ക് മുളക്, 322 ചാക്ക് റവ, ഗോതമ്പ് നുറുക്ക് തുടങ്ങിയവ കിലോക്ക് ഒരു രൂപ നിരക്കിലാണ് കരാര്‍ അടിസ്ഥാനത്തില്‍ വിറ്റത്. സമാന സംഭവം മൂന്നുവര്‍ഷം മുമ്പ് ഗോഡൗണില്‍ നടന്നിരുന്നു. അന്ന് രണ്ടുലോഡ് അരി കെട്ടിക്കിടന്ന് നശിക്കുകയും രാത്രി ആരും അറിയാതെ ഗോഡൗണ്‍ പരിസരത്ത് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയത് വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.