ആഹ്ളാദമല കയറി ഇടുക്കി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് ഒൗദ്യോഗിക തുടക്കം കുറിച്ചതോടെ പൂവണിഞ്ഞത് മലയോര ജനതയുടെ സ്വപ്നം. ചരിത്ര നിമിഷത്തിന് സാക്ഷികളാകാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുതോണിയിലേക്ക് ഒഴുകിയത്തെിയത് ആയിരങ്ങള്‍. 2012ലെ ബജറ്റിലാണ് ധനമന്ത്രി കെ.എം. മാണി ഇടുക്കി മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. 2012 ആഗസ്റ്റ് ഒന്നിന് സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ള സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളജിനാവശ്യമായ 40 ഏക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് സൗജന്യമായി നല്‍കി. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ കോളജ് കെട്ടിടത്തിന്‍െറ പ്ളാനും എസ്റ്റിമേറ്റും തയാറാക്കി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജിനോട് യോജിപ്പിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന പൈനാവില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാറേമാവിലാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്‍െറ കെട്ടിടം ഉയരുക. ജില്ലാ ആശുപത്രിക്ക് സമീപം മെഡിക്കല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ആദ്യ ബാച്ച് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്നുള്ള 43 പേരും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍നിന്നുള്ള ആറ് പേരുമാണ് ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍. ഡോ. എം.എ. രവീന്ദ്രനാണ് പ്രഥമ പ്രിന്‍സിപ്പല്‍. ഒന്നാം വര്‍ഷ ക്ളാസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു. 98 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. നാലുഘട്ടങ്ങളിലായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2020ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 277കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മലകള്‍ അധികം ഇടിച്ചുനിരത്താതെ കെട്ടിടങ്ങള്‍ തമ്മിലുള്ള അകലം സമന്വയിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാമിന്‍െറ മാതൃകയിലാണ് മെഡിക്കല്‍ കോളജ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.